
കൊല്ലം ∙ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പൊതുവേ തിരക്കില്ലാത്ത ഞായറാഴ്ച ഉച്ചയ്ക്കു കുണ്ടറയിൽ നിന്നു കടപ്പാക്കട വരെ എത്താൻ ഒരു മണിക്കൂറെടുത്തെന്നാണു പലരുടെയും പരാതി.
ഇന്നലെയും സമാനമായ കുരുക്ക് രാവിലെ മുതൽ അനുഭവപ്പെട്ടെന്നും ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ പറയുന്നു.
കൂടുതൽ ഭാരം വഹിക്കുന്ന വാഹനങ്ങൾ മറ്റു റോഡുകളിലൂടെ ഇരുവശത്തേക്കും പോകണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ടെങ്കിലും ലോറികളെല്ലാം ഈ വഴിയാണു കടന്നു പോകുന്നതെന്ന് ആക്ഷേപമുണ്ട്. കല്ലുംതാഴം മേൽപാലത്തിനു കീഴിലൂടെ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചതാണ് വലിയ കുരുക്കിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ, കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇരുവശത്തേക്കുമുള്ള ഗതാഗതം തുറന്നതെന്നാണ് അധികൃതരും പൊലീസും പറയുന്നത്. മേൽപാലത്തിനു സമീപം സർവീസ് റോഡിന്റെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളും കുരുക്കിനു മറ്റൊരു കാരണമാണ്. ദേശീയപാത വികസനം നടക്കുന്ന മിക്ക മേഖലകളിലും സമാന പ്രശ്നങ്ങളുണ്ട്.
ദേശീയപാത നിർമാണം തുടങ്ങിയ 2023 മുതൽ ഈ മേഖലയിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.
ഓണക്കാലമാകുന്നതോടെ കുരുക്ക് മുറുകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.ബൈപാസ് പഴയ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മേവറത്തും സ്ഥിതി രൂക്ഷമാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയിലെ വെള്ളക്കെട്ടും ജനം വലയാൻ കാരണമാകുന്നു.
ഓച്ചിറ
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർ വവ്വാക്കാവ് നിവാസികളാണ്.
കിഴക്കൻ മേഖലയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഇവിടെ അടിപ്പാതയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. കഴിഞ്ഞ ദിവസം നിർമാണം പൂർത്തിയാക്കാതെ സർവീസ് റോഡ് തുറന്നതോടെ വവ്വാക്കാവ് ജംക്ഷൻ ഗതാഗതക്കുരുക്കിലായി.
മതിയായ വീതിയില്ലാത്ത സർവീസ് റോഡിലൂടെയാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്. ഒരു വലിയ വാഹനം മാത്രം കഷ്ടിച്ച് കടന്നു പോകാനുള്ള സൗകര്യമാണുള്ളത്.
ഏതെങ്കിലും വാഹനത്തിന് തകരാർ പറ്റിയാൽ പിന്നെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. ഇവിടെ ബസ്ബേ ഇല്ലാത്തതിനാൽ യാത്രക്കാരും വലയുന്നു.
സർവീസ് റോഡിന് വീതിയില്ലാത്തതിനാൽ സമീപത്തെ ഓടയുടെ സ്ലാബിലേക്ക് വാഹനങ്ങൾ കയറിയാൽ സ്ലാബും ഓടയും തകരുന്നതും പതിവാണ്.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ടൗണിൽ ഏതു നേരവും ഗതാഗതക്കുരുക്കാണ്. ലാലാജി ജംക്ഷൻ മുതൽ ഹൈസ്കൂൾ ജംക്ഷൻ വരെ ഓപ്പൺ പില്ലർ ഫ്ലൈ ഓവർ നിർമാണമാണു നടക്കുന്നത്.
ദേശീയപാതയുടെ മധ്യഭാഗത്ത് ഇതിന്റെ നിർമാണം നടക്കുന്നതിനാൽ ഇരുവശത്തുമുള്ള, വീതി കുറഞ്ഞ സർവീസ് റോഡിൽ കൂടിയാണു ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
കൊല്ലം ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെയും ഈ ഭാഗത്തെ ഓടയുടെയും നിർമാണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. സിവിൽ സ്റ്റേഷനു മുൻവശം മുതൽ തെക്കോട്ടു കെഎസ്ആർടിസി ബസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ടും കുഴികളുമാണ്. അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടവും ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നു.
ആവശ്യമായ സിഗ്നലുകളോ പൊലീസിന്റെയോ ട്രാഫിക് വാർഡന്റെയോ സേവനവുമില്ല. ഓണക്കാലം എത്തുന്നതോടെ കുരുക്ക് ഗുരുതരമാകുമെന്നും വിലയിരുത്തുന്നു.
ചവറ
ചവറ ജംക്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ബസ് സ്റ്റാൻഡ് ഇല്ലാതായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നു ബസുകൾ വന്നു തിരിയുന്നത് ദേശീയപാതയിലാണ്. കൊല്ലം, ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത് ഒരു വശത്തു കൂടിയും.
ഇതിനോടു ചേർന്നു ബസുകൾ നിർത്തുന്നത് ഏറെ നേരം ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
ജംക്ഷനിലെ പ്രധാന കലുങ്ക് നിർമാണം പൂർത്തിയാകാത്തതിനാൽ സർവീസ് റോഡിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. സർവീസ് റോഡ് പൂർത്തിയാക്കി വാഹനങ്ങൾ ഇരുവശത്തേക്കും കടത്തിവിട്ടാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്നാണു വിലയിരുത്തൽ.
കൊട്ടിയം
ദേശീയ പാതയിൽ കൊട്ടിയം ജംക്ഷനിലെ തിരക്ക് ഒഴിവാക്കാൻ നടപടികൾ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ചാത്തന്നൂരിൽ നിന്നു കൊട്ടിയത്തേക്കു വരുന്ന സർവീസ് റോഡിലാണ് പ്രധാനമായും തിരക്ക് അനുഭവപ്പെടുന്നത്. കൊല്ലം, കണ്ണനല്ലൂർ, മയ്യനാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഒരേ സമയത്ത് ജംക്ഷനിലേക്ക് എത്തി കടന്നു പോകാൻ തിരക്കു കൂട്ടുമ്പോഴാണു ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ദേശീയപാതയിലൂടെ ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണിക്കൂറോളം കുരുക്കിൽപ്പെടും. ജംക്ഷനിലെ കുഴികളിലൂടെ വാഹനങ്ങൾ കടന്നു പോകാൻ സമയമെടുക്കുന്നു. മയ്യനാട് റോഡിൽ നിന്നു പാലത്തിന് അടിയിലൂടെ കണ്ണനല്ലൂർ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും കുഴികൾ തടസ്സമാകുന്നു.
ചാത്തന്നൂരിലേക്കു പോകുന്ന സർവീസ് റോഡിൽ മൈലക്കാട് ജംക്ഷനിലും കുരുക്ക് അനുഭവപ്പെടുന്നത്.
ചാത്തന്നൂരിൽ നിന്നു കൊട്ടിയത്തേക്കു വരുമ്പോൾ ഗതാഗത കുരുക്ക് അനുഭവപ്പെട്ടാൽ കൊട്ടിയം ജംക്ഷനിൽ എത്താതെ പോകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സിതാര ജംക്ഷന് മുൻപും സിതാര ജംക്ഷൻ കഴിഞ്ഞും ഇടതു വശത്തുള്ള ഇടറോഡുകളിലേക്കു തിരിഞ്ഞു പോകാനുള്ള ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഈ റോഡുകളിലൂടെ കൊട്ടിയം ആശുപത്രി റോഡിൽ എത്തി അവിടെ നിന്ന് ചൂരൽ പൊയ്ക റോഡിലൂടെ ഗുരുമന്ദിരം, ഉമയനല്ലൂർ ക്ഷേത്രം റോഡ് വഴി ഉമയനല്ലൂർ ജംക്ഷനിലെത്തി ദേശീയ പാതയിലേക്കു കടന്നു തുടർന്നു യാത്ര ചെയ്യാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]