
പാലോട്∙ പുലി പോത്തിനെ കടിച്ചുകൊന്ന ഭീതി മാറാതെ നാട്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആശങ്ക ഒഴിയുന്നില്ല.
വെങ്കിട്ടമൂട്, ആദിച്ചക്കോൺ എന്നീ വനാന്തര ഗ്രാമങ്ങളിൽ താമസിക്കുന്നവരും ഇടിഞ്ഞാർ മങ്കയം മേഖലകളിലുള്ളവരും പുലിപ്പേടിയിലാണ്.
വനം വകുപ്പുമായി ബന്ധപ്പെടും: പഞ്ചായത്ത്
വെങ്കിട്ടമൂട്ടിലെ ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തി ഉണ്ടായിരിക്കുന്ന പുലിയുടെ സാന്നിധ്യം ഗൗരവത്തോടെ എടുക്കുമെന്നും പുലിയെ പിടികൂടാനുള്ള നടപടി സ്വീകരിക്കാൻ വനം വകുപ്പ് ഉന്നതങ്ങളിൽ കത്ത് നൽകുമെന്നും പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷൻ കലയപുരം അൻസാരി അറിയിച്ചു.
ക്യാമറ സ്ഥാപിച്ചു നിരീക്ഷിക്കും: വനം വകുപ്പ്
വെങ്കിട്ടമൂട്ടിലെ പുലി ആക്രമണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്ക അകറ്റുമെന്നും ക്യാമറ സ്ഥാപിച്ചു ഒന്നു രണ്ടു ദിവസം നിരീക്ഷണം നടത്തുമെന്നും വനപാലകരെ സ്ഥലത്ത് നിയോഗിക്കുമെന്നും വേണ്ടി വന്നാൽ കൂട് വച്ചു പിടികൂടാനുള്ള അനുമതി തേടുമെന്നും പാലോട് റേഞ്ച് ഓഫിസർ വി. വിപിൻചന്ദ്രൻ പറഞ്ഞു.
വീടിനടുത്തു വരെ കരടി: ഗിരിജ, വെങ്കിട്ടമൂട്
‘പട്ടികളെ വളർത്താൻ പോലു കഴിയുന്നില്ല.
നേരത്തെ വീട്ടിലെ തൊഴുത്തിൽ കയറി പശുവിനെ പിടിച്ചിട്ടുണ്ട്. ബഹളം ഉണ്ടാക്കിയതു മൂലം വിട്ടിട്ടു പോയി.
വീടിനടുത്തു വരെ കരടി എത്തുന്നു. ഞങ്ങളുടെ ജീവന് സംരക്ഷണം വേണം.
റോഡ് അടിയന്തരമായി നന്നാക്കണം. കരടിയെ എത്രയും വേഗം പിടികൂടണം’.
കണക്കിലെടുക്കുന്നില്ല: ലക്ഷ്മി, ആദിച്ചക്കോൺ
‘എന്റെ വീട്ടിലെ പട്ടിയെ പുലി കൊണ്ടു പോയി.
പുറത്തിറങ്ങാനാവാതെ കതകടച്ചു വീടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥയാണ്.
കരടി ശല്യവും ഉണ്ട്. എത്രയും വേഗം കരടിയെ പിടികൂടണം.
പുലി ശല്യത്തെ കുറിച്ചു പറഞ്ഞാൽ ആരും ഗൗനിക്കാറില്ല’.
കുട്ടികളെ സ്കൂളിൽ വിടാൻ ആകുന്നില്ല:വിനീത, ആദിച്ചക്കോൺ
‘പുലിപ്പേടി മൂലം കുട്ടികളെ സ്കൂളിൽ കൊണ്ടു പോകാൻ കഴിയുന്നില്ല, ഒന്നര കിലോമീറ്റർ നടന്നു വേണം പോകാൻ. വൈകിട്ട് തന്റെ കൈക്കുഞ്ഞുമായിട്ടാണ് വനാന്തരത്തിൽ സ്കൂളിൽ നിന്ന് വരുന്ന മകനെ വിളിക്കാൻ പോകുന്നത്.
വളർത്തു മൃഗങ്ങളെ പിടിച്ച പുലി ഇനി മനുഷ്യനെ ആക്രമിക്കുന്നതിനു മുൻപ് നടപടി വേണം. കൂടു വച്ചു പുലിയെ പിടികൂടണം’.
പുലിയെ പിടിക്കണം: ചിപ്പി, ആദിച്ചക്കോൺ
‘കുറച്ചു ദിവസമായി പുലിയുടെ ശല്യമുണ്ട്.
പലരും പുലിയെ കണ്ടു. ഞങ്ങൾ വീടിനു പുറത്തിറങ്ങുന്നില്ല.
എന്റെ വീടിന് സമീപം വച്ചാണ് പോത്തിനെ പിടികൂടിയത്.എത്രയും പെട്ടെന്ന് പുലിയെ പിടികൂടണം. അതോടൊപ്പം റോഡും വേണം’
വനം വകുപ്പ് നടപടിയെടുക്കുന്നില്ല: അനീഷ്, ആദിച്ചക്കോൺ
‘പുലി നിത്യേന എത്തുന്നു.
പട്ടികളെ വ്യാപകമായി പിടികൂടുന്നു. വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
ഊരുകൂട്ടം ഞങ്ങളുടെ ബുദ്ധിമുട്ട് ചർച്ച ചെയ്യുന്നില്ല.അടിയന്തരമായി പുലിയെ പിടികൂടണം’.
നഷ്ടപരിഹാരം നൽകണം: ജയൻ, പോത്തിന്റെ ഉടമ
‘ 25000ത്തോളം രൂപ വിലവരുന്ന പോത്തിനെയാണ് പുലി കടിച്ചു കൊന്നത്. തന്റെ ഉപജീവന മാർഗമാണ്..
നഷ്ടപരിഹാരം നൽകാൻ വനം വകുപ്പ് നടപടി സ്വീകരിക്കണം’. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]