
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിലും ചാംപ്യൻസ് ബോട്ട് ലീഗിലും വള്ളം തുഴയുന്നതിനു പ്രമുഖ ക്ലബ്ബുകൾ, വള്ളസമിതികളിൽ നിന്നു വാങ്ങുന്നത് 30 മുതൽ 60 ലക്ഷം രൂപ വരെ. ഒരു ചുണ്ടൻ വള്ളം പണിയാൻ 50 ലക്ഷത്തോളം രൂപ മതിയെന്നിരിക്കെയാണ് അത്രയും തന്നെ പണം മുടക്കി വള്ളംകളികളിൽ പങ്കെടുക്കുന്നത്.
വള്ളംകളികളിൽ കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച ക്ലബ്ബുകളാണു വൻതുക ചോദിക്കുന്നത്. ഓരോ വർഷവും വൻതുക നൽകാനാകാതെ വന്നതോടെ പല വള്ളസമിതികളും സ്വന്തം ടീമിനെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്.
1995ൽ പുതിയ ചുണ്ടൻ വള്ളം നിർമിക്കാൻ 8 ലക്ഷത്തോളം രൂപയായിരുന്നു ചെലവ്.
അന്നു നെഹ്റു ട്രോഫിയിൽ മത്സരിക്കാനുള്ള ചെലവ് ഒരു ലക്ഷം രൂപയും. ഇന്നു വള്ളം നിർമാണത്തിന്റെ അത്രയും തന്നെ ചെലവിലാണു ക്ലബ്ബുകൾ മത്സരത്തിനു തയാറെടുക്കുന്നത്.
ചിട്ടയോടെയുള്ള പരിശീലനവും ഭക്ഷണക്രമവുമൊക്കെയാണു ചെലവു കൂട്ടുന്നത്. മികച്ച തുഴച്ചിലുകാർക്കായി കൂടുതൽ തുക ക്ലബ്ബുകൾ ചെലവാക്കുന്നുമുണ്ട്.
പണം മുടക്കി നിർമിച്ച വള്ളത്തിനെ ക്ലബ്ബുകൾക്കു വിട്ടുകൊടുക്കുന്നതിനൊപ്പം വൻതുക കൂടി നൽകേണ്ടി വരുന്നതു പല വള്ളസമിതികൾക്കും സാമ്പത്തികമായി താങ്ങാനാകുന്നില്ല.
മത്സരത്തിൽ നിന്നു ലഭിക്കുന്ന ബോണസും സമ്മാനത്തുകയും ക്ലബ്ബുകൾക്കാണ്. മെയ്ന്റനൻസ് ഗ്രാന്റ് മാത്രമാണു വള്ളസമിതികൾക്കു ലഭിക്കുന്നത്.
അതിനാൽ പലരും മത്സരങ്ങളിൽ നിന്നു വിട്ടു നിൽക്കുകയോ സ്വന്തം ടീം രൂപീകരിച്ചു മത്സരിക്കുകയോ ആണു ചെയ്യുന്നത്.
കഴിഞ്ഞ വർഷത്തെ വിജയികളായ കാരിച്ചാൽ ചുണ്ടൻ ഇത്തവണ സ്വന്തം ടീം രൂപപ്പെടുത്തിയാണു മത്സരിക്കുന്നത്. സമാനമായി നടുഭാഗം, ജവാഹർ തായങ്കരി തുടങ്ങി പല ചുണ്ടനുകളും സ്വന്തം ക്ലബ് രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
അടുത്ത സീസൺ മുതൽ ക്ലബ്ബുകൾക്കു വൻതുക നൽകാൻ തയാറാകില്ലെന്നാണു വള്ളസമിതികൾ പറയുന്നത്.
പരിശീലന വള്ളമാണു ലാഭം
ചുണ്ടൻ വള്ളങ്ങൾ ചില കരകൾക്കു സാമ്പത്തിക നഷ്ടമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, അറ്റകുറ്റപ്പണികൾക്കുള്ള പണം സ്വയം കണ്ടെത്തുകയും ചെയ്യും. ഒരു ചുണ്ടൻ വള്ളത്തെ പരിശീലന വള്ളമായി വിട്ടു നൽകിയാൽ രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ വള്ളസമിതിക്കു ക്ലബ്ബുകൾ നൽകും.
കൂടാതെ, നെഹ്റു ട്രോഫിയിൽ ക്ലബ്ബിന്റെ ‘ബി’ ടീമിനെ കൊണ്ടു വള്ളം തുഴയുകയും ചെയ്യും.
ഇങ്ങനെ ചെയ്യുന്നതിലൂടെ മികച്ച പ്രകടനം ഉണ്ടായില്ലെങ്കിലും കരക്കാർക്കു സാമ്പത്തിക നഷ്ടം ഒഴിവാകും. വള്ളങ്ങളെ പണം കൊടുത്തു വാടകയ്ക്ക് എടുത്തു മത്സരിക്കുന്ന ചെറു ക്ലബ്ബുകളുമുണ്ട്.
വളരെക്കുറച്ചു പരിശീലനം മാത്രമാണ് ഇത്തരം ക്ലബ്ബുകൾ നടത്തുക. 4 ലക്ഷം രൂപ വരെയാണ് ഏതാനും ദിവസത്തേക്ക് ഈ ക്ലബ്ബുകൾ വാടകയായി വള്ളങ്ങൾക്കു നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]