പാലം അപകടാവസ്ഥയിൽ
പത്തനംതിട്ട ∙ അറത്തിൽ പടി– പുന്നലത്ത് പടി റോഡിൽ നിലമേൽ തെക്കേതിൽ പടിയിൽ നിന്നു ടികെ റോഡിലേക്കുള്ള പാതയിൽ തോടിന് കുറുകെ നിർമിച്ച പാലം അപകടാവസ്ഥയിലായത് ജനത്തിന് ദുരിതമായി.
50 വർഷം പഴക്കമുള്ള പാലം നിർമിച്ചത് പത്തനംതിട്ട പഞ്ചായത്തായിരുന്ന കാലയളവിലായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു.
ദിവസേന ഒട്ടേറെപ്പേർ ഈ പാലം കടക്കുന്നത് ജീവഭയത്തോടെയാണ്. നഗരസഭയിലെ 31ാം വാർഡിൽ ഉൾപ്പെട്ട
പ്രദേശമാണിത്. കനത്ത മഴയിൽ വെള്ളം ഉയരുമ്പോൾ പാലം കടന്നുപോകാനുള്ള പ്രയാസം ഏറെയാണ്.
പുതിയ പാലവും വഴിയും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളക്കെട്ടും ദുരിതമാകുന്നു
ടികെ റോഡിൽ സെന്റ് പീറ്റേഴ്സ് ജംക്ഷൻ മുതൽ വാര്യാപുരം വരെയുള്ള റോഡിന് സമാന്തരമായി കിടക്കുന്ന അറത്തിൽപടി – പുന്നലത്ത്പടി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടും വഴിയാത്രയെ തടസ്സപ്പെടുത്തുന്നു.
പാതയിലെ അശാസ്ത്രീയ നിർമാണത്തെ തുടർന്നാണ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത വിധം മേലേപടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതെന്നാണു ആക്ഷേപം.
മുനിസിപ്പൽ പ്രദേശങ്ങളിലെ റോഡുകളുടെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നും ടി കെ റോഡിന് സമാന്തരമായി കിടക്കുന്ന അറത്തിൽ പടി പുന്നലത്ത് പടി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കി തീർക്കണമെന്നും കേരള കോൺഗ്രസ് പത്തനംതിട്ട
മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സാം മാത്യു അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം എൻ. ബാബു വർഗീസ്, നിയോജക മണ്ഡലം പ്രസിഡന്റ് ദീപു ഉമ്മൻ, കേരള വനിതാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മറിയാമ്മ ഏബ്രഹാം, തോമസ് ടി.ജോർജ്, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു
പുളിമൂട് – പുന്നലത്തുപടി റോഡ് തകർന്നു
പത്തനംതിട്ട
∙ ടികെ റോഡിന് സമാന്തരമായ പുളിമൂട് – പുന്നലത്തുപടി റോഡ് കാൽനട പോലും അസാധ്യമാകും വിധം തകർന്നു.
ഇലന്തൂർ പഞ്ചായത്ത് 8 ാം വാർഡിലും പത്തനംതിട്ട നഗരസഭയിലും കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്.
ടികെ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് ഇതിലെയാണ്. ഈ റോഡ് വശത്ത് ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ഇതിൽ തൂക്കുപാലം ജംക്ഷനും കൊല്ലംപടിക്കും ഇടയിലുള്ള റോഡ് ഭാഗത്തെ ടാറിങ് ഇളകിയ കുഴികളിൽ നേരത്തെ മണ്ണിട്ട് നികത്തിയിരുന്നു. മഴ കനത്തതോടെ ഇവിടം ചെളിക്കുളമായി.
ഇതിലെ പോകുന്ന വാഹനങ്ങൾ ചെളിയിൽ പുതയുന്നത് നിത്യസംഭവമായി.
കഴിഞ്ഞയാഴ്ച വാര്യാപുരത്ത് ഈ റോഡിന് വശത്തെ തോട്ടിൽ വയോധിക വീണപ്പോൾ എത്തിയ അഗ്നിരക്ഷാസേനയുടെ വാഹനവും ആംബുലൻസും കടന്നുവരാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയും ഇവിടെ ചെളിയിൽ പുതഞ്ഞു. ഇതിനാൽ ഈ ഭാഗത്തുകൂടിയുള്ള കാൽനട
പോലും ഉപേക്ഷിച്ചതായി നാട്ടുകാർ പറഞ്ഞു. റോഡ് നവീകരിക്കാൻ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]