
കൊട്ടാരക്കര∙ ബവ്റിജസ് കോർപറേഷന്റെ കൊട്ടാരക്കര ഔട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ ബില്ലിങ് ജീവനക്കാരനെ ബിയർകുപ്പി കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കുപ്പിച്ചില്ല് മുഖത്തു തുളച്ചു കയറി മുറിവേറ്റ ജീവനക്കാരൻ കൊട്ടാരക്കര പെരുംകുളം ദിയഭവനിൽ പി.ബെയ്സിലിനെ(49) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ തുന്നലിട്ടു. പ്രതികളായ രഞ്ജിത്, ജാക്സൺ എന്നിവർ സംഭവസ്ഥലത്ത് നിന്നു കടന്നു.
ബെയ്സിലിനെ ആക്രമിച്ച രഞ്ജിത്തിനെ തടഞ്ഞു വയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും വാതിലിന്റെ ഗ്ലാസ് തകർത്താണു കടന്നത്.
എംസി റോഡിൽ ലോവർ കരിക്കത്തു പ്രവർത്തിക്കുന്ന ബവ്കോ ഔട്ലെറ്റിൽ ഞായർ രാത്രി ഒൻപതിനാണു സംഭവം. താഴത്തെ നിലയിലുള്ള സെൽഫ് സർവീസ് കൗണ്ടറിൽ ഒട്ടേറെ പേർ ഉണ്ടായിരുന്നു.
ഹെൽമറ്റ് ധരിച്ച് മദ്യം വാങ്ങാൻ ഒരാൾ എത്തി. പണം അടയ്ക്കാൻ ക്യൂവിൽ നിന്ന രഞ്ജിതും ജാക്സണും ഇതു ചോദ്യം ചെയ്ത ബില്ലിങ് ജീവനക്കാരൻ ബെയ്സലിനോടു തട്ടിക്കയറി.
താഴത്തെ കൗണ്ടറിൽ ബെയ്സിലിനു പുറമേ സെയിൽസ് അസിസ്റ്റന്റ് അഞ്ജലി മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ജാക്സൻ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ തുടങ്ങി.
ജീവനക്കാർക്കു നേരെ വാക്കേറ്റവും ഉണ്ടായി. വനിത ജീവനക്കാരിയുടെ ഉൾപ്പെടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ തുടങ്ങിയതോടെ ബെയ്സിൽ പ്രതിഷേധിച്ചു. ഇതിനിടെ ബിയർ കുപ്പി കൊണ്ടു രഞ്ജിത് ബെയ്സിലിന്റെ തലയിൽ അടിക്കുകയായിരുന്നു.
സംഭവത്തിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ജീവനക്കാർ പൊലീസിനു കൈമാറി. കരിക്കത്ത് രണ്ട് നിലകളിലായാണ് ബവ്കോ ഔട്ലെറ്റ് പ്രവർത്തിക്കുന്നത്. മദ്യം സ്വയം തിരഞ്ഞെടുക്കുന്ന പ്രിമീയം കൗണ്ടർ താഴത്തെ നിലയിലും.
പ്രതികൾക്കെതിരെ നരഹത്യാശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പൊലീസ് ചുമത്തി. വൈകാതെ പ്രതികളെ പിടികൂടുമെന്നു കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ അറിയിച്ചു.
സുരക്ഷാ സംവിധാനമില്ല
കൊട്ടാരക്കര∙ വനിതാ ജീവനക്കാരടക്കം ജോലി ചെയ്യുന്ന കൊട്ടാരക്കര ബവ്കോ മദ്യവിൽപനശാലയിൽ മതിയായ സുരക്ഷാ സംവിധാനമില്ല. അക്രമ സംഭവങ്ങൾ പെരുകിയിട്ടും നടപടിയില്ലെന്നാണു പരാതി.
കഴിഞ്ഞ രാത്രിയിൽ ബില്ലിങ് ജീവനക്കാരനെ മദ്യക്കുപ്പി കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നാണു ജീവനക്കാർ പറയുന്നത്.
സമാന ആക്രമണങ്ങൾ ജില്ലയിൽ പല തവണ നടന്നു. പ്രീമിയം കൗണ്ടർ ഉൾപ്പെടെ വിപുലമായ സംവിധാനം കൊട്ടാരക്കരയിൽ ഉണ്ട്.മദ്യം വാങ്ങാനെത്തുന്നവരും ജീവനക്കാരുമായി വാക്കേറ്റവും പലപ്പോഴും ഉണ്ടാകാറുണ്ട്.
വനിതാ ജീവനക്കാർ എന്ന പരിഗണന പോലും നൽകാതെയാണു സംഘർഷത്തിന് ശ്രമിക്കുന്നത്. കഴിഞ്ഞ മദ്യ വിൽപന ശാലയിൽ ആക്രമണം നടത്തിയവർക്ക് ഉടൻ രക്ഷപ്പെടാൻ കഴിഞ്ഞത് സുരക്ഷാ സംവിധാനത്തിന്റെ പാളിച്ച വ്യക്തമാക്കുന്നു.
മുൻ വാതിലിലെ ഗ്ലാസ് അടിച്ചു തകർത്താണ് രക്ഷപ്പെട്ടത്.
ലക്ഷങ്ങളുടെ വിറ്റുവരവുണ്ടായിട്ടും ഒരു സുരക്ഷാ ജീവനക്കാരനെ പോലും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ല. എംസി റോഡിൽ വാഹന തിരക്കേറിയ സ്ഥലത്താണ് ബവ്കോ ഔട്ലെറ്റിന്റെ പ്രവർത്തനം.കൂട്ടമായി എത്തി മദ്യം വാങ്ങുന്നവർ പലപ്പോഴും പരിസര പ്രദേശത്ത് വച്ച് തന്നെ മദ്യം കഴിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് പരാതി.
ഔട്ലെറ്റ് പൊലീസ് നിരീക്ഷണമുള്ള കൊട്ടാരക്കര ടൗണിലെ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്നും ആവശ്യം ഉയരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]