
കോട്ടയം ∙ ആശാ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സദസ്സിനായി കലക്ടറേറ്റിനു മുന്നിൽ സ്ഥാപിച്ച പന്തൽ പൊളിച്ചുനീക്കണമെന്നു നിർബന്ധം പിടിച്ച പൊലീസിനെ തിരുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജില്ലാ ആസ്ഥാനത്തെ സ്ഥിരം സമരവേദിയിൽ കെട്ടിയ പന്തൽ നീക്കണമെന്ന പൊലീസ് നിർദേശമാണു തിരുവഞ്ചൂർ ഇടപെട്ട് ‘പൊളിച്ചത്’.
ആശാ വർക്കർമാർ സമരം തുടങ്ങിയ സമയത്തു സെക്രട്ടേറിയറ്റിനു സമീപം കെട്ടിയ പന്തൽ പൊളിക്കാൻ നടത്തിയതിനു സമാനമായാണ് ഇന്നലെ കോട്ടയത്തും പൊലീസ് ഇടപെട്ടതെന്ന് സംഘാടക സമിതി ആരോപിച്ചു.
ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി സംഘടിപ്പിച്ച 1000 പ്രതിഷേധ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനത്തിനാണ് ഇന്നലെ പന്തൽ കെട്ടിയത്. പന്തൽ കെട്ടിയതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ എത്തി പൊളിക്കണമെന്നു നിർദേശിച്ചു.
പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെത്തി പന്തൽ കെട്ടിയവരുടെ പേരും വിവരവും ശേഖരിച്ചു. സംഘാടകസമിതി അംഗങ്ങളെ സ്റ്റേഷനിലേക്കു വിളിപ്പിച്ച്, പാതയോരത്തു പന്തൽകെട്ടി സമരം ചെയ്താൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും കേസെടുക്കുമെന്നും പറഞ്ഞു.
ഇതോടെ സംഘാടകർ പന്തൽ പൊളിച്ചു തുടങ്ങി.
പന്തൽ അഴിച്ചുമാറ്റാൻ തുടങ്ങിയപ്പോഴാണു പരിപാടി ഉദ്ഘാടനം ചെയ്യാനായി തിരുവഞ്ചൂരെത്തിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ എംഎൽഎ കടുത്ത നിലപാട് എടുത്തതോടെ പന്തൽ അഴിച്ചുമാറ്റണമെന്ന നിർദേശത്തിൽനിന്നു പൊലീസ് പിൻവാങ്ങി.
പാതയോര സമരങ്ങൾക്കെതിരെ ഹൈക്കോടതി നിർദേശമുള്ളതിനാലാണു പന്തൽ പൊളിക്കണമെന്നു നിർദേശം നൽകിയതെന്നും കേസെടുത്തിട്ടില്ലെന്നും ഈസ്റ്റ് പൊലീസ് അറിയിച്ചു.
സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് തിരുവഞ്ചൂർ
കോട്ടയം ∙ ആശാസമരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിണറായി സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായ 1000 പ്രതിഷേധ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി സംസ്ഥാന വർക്കിങ് പ്രസിഡന്റ് സെലിൻ ഫിലിപ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം സണ്ണി മാത്യു, ആശാ സമര സഹായസമിതി ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.ബിജു, മിനി കെ.ഫിലിപ്, ഇ.വി.പ്രകാശ്, ഗോപാലകൃഷ്ണ പണിക്കർ, പി.ഷൈനി, ആശാ രാജ്, ദീപ മനോജ്, മിനിമോൾ, ആർ.മീനാക്ഷി, അരവിന്ദ് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
സമരം തടയാനുള്ള നിർദേശം ഇതാദ്യം
കലക്ടറേറ്റിനു മുൻവശത്തെ പാതയോരത്ത് പന്തൽ കെട്ടിയുള്ള ഒരു സമരവും ഇതുവരെ പൊലീസ് തടഞ്ഞിട്ടില്ല.
സർക്കാർ അനുകൂല സംഘടനകളുടെയും പ്രതിപക്ഷ സംഘടനകളുടെയും സ്ഥിരം സമരവേദിയാണു കലക്ടറേറ്റിനു മുൻവശം. ഹൈക്കോടതി നിർദേശം ഉയർത്തിക്കാട്ടി ആശമാരുടെ സമരത്തിനെതിരെ പൊലീസ് തിരിഞ്ഞത് ആസൂത്രിത നീക്കമാണെന്നാണു സമരക്കാരുടെ ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]