വൈറ്റ്ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും അദ്ദേഹത്തിനൊപ്പം വന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെയുള്ള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലും റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ധാരണ ഉറപ്പാക്കാനാവാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അലാസ്കയിൽ കഴിഞ്ഞയാഴ്ച നടന്ന പുട്ടിൻ-ട്രംപ് കൂടിക്കാഴ്ചയിലും യുദ്ധം നിർത്തുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
വെടിനിർത്തലാണ് ഉടൻ വേണ്ടതെന്ന യൂറോപ്യൻ നേതാക്കളുടെ ആവശ്യം ട്രംപ് തള്ളി. വേണ്ടത്, ദീർഘകാല സമാധാനക്കരാർ ആണെന്നാണ് ട്രംപിന്റെ വാദം.
ഇതിനിടെ പുട്ടിനുമായി ഫോണിൽ 40 മിനിറ്റ് സംസാരിച്ച ട്രംപ്, ഇപ്പോൾ ത്രിതല ചർച്ചയ്ക്കായാണ് ശ്രമിക്കുന്നത്.
പുട്ടിൻ-സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും. അതിൽ മൂന്നാംകക്ഷിയായി താനുമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം പുട്ടിൻ-സെലെൻസ്കി കൂടിക്കാഴ്ചയുണ്ടാകുമെന്ന് ജർമൻ ചാൻസലർ മെർസ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പുട്ടിനും സമ്മതം മൂളിയിട്ടുണ്ട്.
നേരത്തേ ട്രംപ് റഷ്യയ്ക്കുമേൽ ഉപരോധവും റഷ്യയിൽ നിന്ന് എണ്ണ ഉൾപ്പെടെ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ചുമത്തി, പുട്ടിനെ വിരട്ടി വെടിനിർത്തലിനും സമാധാനക്കരാറിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
പുട്ടിനെയോ ഇന്ത്യയെയോ സമ്മർദത്തിലാക്കാൻ കഴിഞ്ഞതുമില്ല.
നിലവിൽ, പുട്ടിൻ വരച്ചവരയിലൂടെ ട്രംപ് നീങ്ങുന്നുവെന്ന പരിഭവമാണ് സെലെൻസ്കിക്കും യൂറോപ്യൻ നേതാക്കൾക്കുമുള്ളത്. നേരത്തെ യുക്രെയ്ന്റെ കീഴിലായിരുന്ന ക്രൈമിയ റഷ്യ പിടിച്ചെടുത്തിരുന്നു.
ക്രൈമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കണമെന്ന പുട്ടിന്റെ ആവശ്യം ട്രംപ് സെലെൻസ്കിക്ക് മുന്നിൽവച്ചു. യുദ്ധം അവസാനിപ്പിക്കാൻ അതാണ് ആദ്യം വേണ്ടതെന്നും ട്രംപ് പറഞ്ഞതിനോട് സെലെൻസ്കി യോജിച്ചിട്ടില്ല.
ധാതുസമ്പന്നമായ ഡോൺബാസ് വേണമെന്ന പുട്ടിന്റെ ആവശ്യവും സെലെൻസ്കിക്ക് മുന്നിലുണ്ടെങ്കിലും ഇതുവരെ വഴങ്ങിയിട്ടില്ല.
യുക്രെയ്നിന് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന യൂറോപ്യൻ നേതാക്കളുടെയും ട്രംപിന്റെയും നിലപാടിനോട് പുട്ടിൻ യോജിച്ചെങ്കിലും നാറ്റോ-സുരക്ഷയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അംഗീകരിക്കില്ലെന്നാണ് പുട്ടിന്റെ കടുത്ത നിലപാട്. നാറ്റോയിൽ അംഗമായ ഏതെങ്കിലും രാജ്യത്തിനുമേൽ യുദ്ധമുണ്ടായാൽ അത് അംഗ രാജ്യങ്ങൾക്കെല്ലാം നേർക്കുള്ള യുദ്ധമായി കണ്ട് തിരിച്ചടിക്കാവുന്ന ‘ആർട്ടിക്കിൾ 5’ ആണ് യൂറോപ്യൻ നേതാക്കൾ ഉദ്ദേശിക്കുന്നത്.
റഷ്യയ്ക്ക് അതു ഭീഷണിയായതിനാൽ പുട്ടിൻ അംഗീകരിച്ചിട്ടില്ല.
ഇതിനിടെ യൂറോപ്പ് വഴി അമേരിക്കയുടെ 90 ബില്യൻ ഡോളർ മതിക്കുന്ന ആയുധങ്ങൾ യുക്രെയ്ൻ വാങ്ങാമെന്ന് ട്രംപിനോട് സെലെൻസ്കി പറഞ്ഞിട്ടുണ്ട്. യുക്രെയ്ന് 350 ബില്യൻ ഡോളറിന്റെ സഹായം യുദ്ധം തുടങ്ങിയശേഷം ഇതുവരെ അമേരിക്ക നൽകിയെന്ന ട്രംപിന്റെ വാദം ഇതിനിടെ പൊളിഞ്ഞു.
189 ബില്യൻവരെ സഹായമേ അമേരിക്ക ചെയ്തിട്ടുള്ളൂ എന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കി.
ഓഹരി വിപണികളിൽ വീഴ്ച
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചയിലും ഫലമുണ്ടാകാതിരുന്ന പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരി വിപണികൾ പൊതുവേ നഷ്ടത്തിലായി. ജാപ്പനീസ് നിക്കേയ് 0.1% മാത്രം കയറി.
ദക്ഷിണ കൊറിയയുടെ കോസ്പി 0.2%, കോസ്ഡാക് 0.33%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.61% എന്നിങ്ങനെ താഴ്ന്നു. ചൈനയിൽ ഷാങ്ഹായ് സൂചിക 0.33%, ഹോങ്കോങ് 0.02% എന്നിങ്ങനെ ഉയർന്നു.
യൂറോപ്പിൽ എഫ്ടിഎസ്ഇ 0.21% ഉയർന്നപ്പോൾ ഡാക്സ് 0.18% താഴേക്കിറങ്ങി.
അമേരിക്കയുടെ ടെൻഷൻ ‘പലിശ’
ഈയാഴ്ച നടക്കുന്ന ജാക്സൺ ഹോൾ വാർഷിക സാമ്പത്തിക നയ സിംപോസിയത്തിൽ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഉൾപ്പെടെയുള്ളവർ നടത്തുന്ന പ്രഭാഷണത്തിലേക്കാണ് അമേരിക്കൻ ഓഹരികളുടെ പ്രധാന ഉറ്റുനോട്ടം. പണപ്പെരുപ്പം ട്രംപിന്റെ താരിഫ് ഷോക്കേറ്റ് കൂടിത്തുടങ്ങിയതിനാൽ ഫെഡറൽ റിസർവ് പലിശനിരക്കിന്റെ ദിശ സംബന്ധിച്ച് എന്തുപറയുമെന്നതാണ് ആകാംക്ഷയും ആശങ്കയും.
സെപ്റ്റംബറിലാണ് ഫെഡറൽ റിസർവിന്റെ അടുത്ത പലിശനയ നിർണയയോഗം.
പലിശ കുറയ്ക്കാൻ വിമുഖതയാണ് കാട്ടുന്നതെങ്കിൽ അത് അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് വൻ തിരച്ചടിയാകും. ട്രംപും പവലും തമ്മിലെ ഭിന്നത രൂക്ഷമാകുകയും ചെയ്യും.
അതും അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും ഓഹരികൾക്കും ശുഭകരമല്ല. വോൾമാർട്ട് ഉൾപ്പെടെ ഏതാനും കമ്പനികളുടെ ജൂൺപാദ പ്രവർത്തനഫലവും അമേരിക്കൻ ഓഹരികളുടെ ഈയാഴ്ചത്തെ ദിശാസൂചികകളാകും.
∙ ഇന്നലെ ഡൗ ജോൺസ് 0.08%, എസ് ആൻഡ് പി 500 സൂചിക 0.01% എന്നിങ്ങനെ താഴ്ന്നപ്പോൾ നാസ്ഡാക് 0.03% മാത്രം നേട്ടം കുറിച്ചു.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, എസ് ആൻഡ് പി, നാസ്ഡാക് എന്നിവയ്ക്ക് കാര്യമായ നേട്ടമോ നഷ്ടമോ ഉണ്ടായില്ല.
∙ ഏഷ്യൻ ഓഹരികൾ സമ്മിശ്രപാതയിലാകാൻ ഇതുമൊരു കാരണമായി.
കുതിപ്പ് തുടരാൻ ഇന്ത്യൻ വിപണി
മോദിയുടെ ജിഎസ്ടി പരിഷ്കരണം, മിഷൻ സുദർശൻ ചക്ര തുടങ്ങിയ പ്രഖ്യാപനങ്ങളുടെ കരുത്തിൽ ഇന്നലെ ഇന്ത്യൻ ഓഹരികൾ സമീപകാലത്തെ ഏറ്റവും മികച്ച നേട്ടം ഒരുഘട്ടത്തിൽ കൊയ്തു.
സെൻസെക്സ് 1,000 പോയിന്റിലധികം കുതിച്ചെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് നേട്ടം 676 പോയിന്റിൽ നിജപ്പെട്ടു. നിഫ്റ്റിയും 300ലേറെ പോയിന്റ് മുന്നേറിയിരുന്നു.
ഇന്ന് ഗിഫ്റ്റ് നിഫ്റ്റി ചെറിയ നേട്ടം കുറിച്ചെങ്കിലും പിന്നീട് താഴ്ന്നു.
സമ്മർദമുണ്ടെങ്കിലും ഇന്നും സെൻസെക്സും നിഫ്റ്റിയും നേട്ടത്തിന്റെ ട്രാക്ക് പിടിക്കുമെന്ന സൂചന ഇതു നൽകുന്നു. ജിഎസ്ടി ഇളവുണ്ടാകുമെന്നും ഉൽപന്നങ്ങൾക്ക് വിലകുറയുമെന്നും വിൽപനയും സമ്പദ്വളർച്ചയും കുതിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കമ്പനികൾ.
വാഹനം, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി ഓഹരികളാണ് ഇന്നലെ കുതിച്ചുകയറിയത്. ഐടിക്കും ഫാർമയ്ക്കും ഇന്ത്യ-ട്രംപ് താരിഫ് തർക്കത്തിന്റെ പശ്ചാത്തലത്തിൽ നേട്ടത്തിന്റെ വണ്ടി മിസ്സായി.
∙ നേച്ചർഎഡ്ജ് എന്ന സംയുക്ത സംരംഭവുമായി റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ഹെൽത്തി ഡ്രിങ്ക്സ് വിഭാഗത്തിലേക്ക് പ്രവേശിച്ചു.
∙ വേദാന്തയുടെ ബോർഡ് യോഗം ഓഗസ്റ്റ് 21ന് നടക്കും; രണ്ടാം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കും.
∙ ആദിത്യ ഇൻഫോടെക്, ജിഎൻജി ഇലക്ട്രോണിക്സ് തുടങ്ങിയവ ഇന്നു പ്രവർത്തനഫലം പ്രഖ്യാപിക്കും.
∙ ഡോളർ ഇൻഡെക്സ് കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നു.
∙ ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ബാരലിന് ഒരു ഡോളറിലധികം കയറിയ ഡബ്ല്യുടിഐ ബ്രെന്റ് വിലകൾ പിന്നീട് അതേപടി താഴേക്കിറങ്ങി.
∙ രാജ്യാന്തര സ്വർണവിലയിൽ കുതിപ്പൊഴിഞ്ഞു.
നിലവിൽ വ്യാപാരം ചെയ്യുന്നത് 3 ഡോളർ താഴ്ന്ന് 3,332 ഡോളറിൽ. കേരളത്തിൽ ഇന്നും വിലസ്ഥിരത നേടാനോ ചെറിയ കുറവിനോ ആണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]