
ദില്ലി: വോട്ട് കൊള്ള ആരോപണത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞേ മതിയാവൂയെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യമാകെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സത്യവാങ്മൂലത്തിനായി കാത്തിരിക്കുകയാണ്. മോഷണം കൈയോടെ പിടികൂടി, അതിന് മറുപടി നൽകണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
എല്ലാ സംസ്ഥാനങ്ങളിലെയും ക്രമക്കേടുകൾ പുറത്ത് കൊണ്ടുവരുമെന്നും ബിഹാറിലെ ഗയയിലെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര രണ്ടാം ദിനവും ബിഹാറിൽ പര്യടനം തുടരുകയാണ്.
വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഘയിൽ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി. തേജസ്വിയാദവും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട് കഴിഞ്ഞ ദിവസം നടന്ന റാലിയിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്.
തന്നോട് സത്യവാങ്മൂലം ചോദിച്ച കമ്മീഷൻ്റെ സത്യവാങ്മൂലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ജനം കമ്മീഷനെ പാഠം പഠിപ്പിക്കുമെന്നും രാഹുൽ ഗാന്ധി ഇന്ന് യാത്ര അവസാനിച്ച ഗയയിലെ റാലിയിൽ പറഞ്ഞു.
വോട്ട് കൊള്ള ആരോപണത്തിൽ കടുത്ത നിലപാടുമായി മുന്നോട്ട് നീങ്ങുകയാണ് കോണ്‍ഗ്രസ്. കൂടുതൽ സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ടുവരാൻ കോണ്‍ഗ്രസിന്റെ നീക്കം.
തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകില്ല. സംസ്ഥാനങ്ങളിൽ കമ്മീഷനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്.
അതേസമയം, നിലപാട് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് ഒരാഴ്ച കാലാവധിയാണ് നൽകിയത്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ ഇന്നലെയാണ് പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ ഗ്യാനേഷ് കുമാർ രംഗത്തെത്തിയത്.
18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്.
വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്‍ക്കുന്നത്.
കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷന്റെ കൂടെ നിൽക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുകയാണെന്നും കമ്മീഷൻ പറഞ്ഞു.
വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്.
വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു.
എത്ര പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത്. ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു.
അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനു ശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്‍കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് കമ്മീഷന് ചോദിച്ചു.
കേരളത്തിലാകട്ടെ കർണാടകയിലാകട്ടെ ഉയരുന്ന പരാതികളിൽ കഴമ്പില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]