
പത്തനംതിട്ട∙ ‘പത്താം ക്ലാസ് പാസായ, കണ്ടാൽ യോഗ്യനായ ഒരാളെ സ്റ്റുഡിയോയിൽ സഹായത്തിനായി വേണം’, 56 വർഷങ്ങൾക്കു മുൻപ് പി.കെ.ഈശോ എന്ന ഫൊട്ടോഗ്രഫർ തന്റെ സ്റ്റുഡിയോയിലേക്കു സഹായിയെ അന്വേഷിച്ചപ്പോൾ മുന്നോട്ടു വച്ച അടിസ്ഥാന യോഗ്യത ഇതൊക്കെ ആയിരുന്നു. അന്നു പത്താം ക്ലാസ് പാസായ 16 വയസ്സുകാരൻ സി.എൻ.വിജയന് അടിസ്ഥാന യോഗ്യതകൾ ഉള്ളതുകൊണ്ടു സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.
56 വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ 72 വയസ്സുകാരൻ വിജയന് പറയാനുള്ളത് ഫൊട്ടോഗ്രഫി ജീവിതത്തിന്റെ വിജയരഹസ്യമായതിന്റെ കഥയാണ്.
സഹായിയായി തുടക്കം
പി.കെ.ഈശോയുടെ സ്റ്റുഡിയോയായ ഐസൺ ഫോട്ടോസിൽ 1969ലാണ് വിജയൻ സഹായിയായി ജോലിയിൽ പ്രവേശിക്കുന്നത്.
സ്റ്റുഡിയോ വൃത്തിയാക്കുക, ക്യാമറകൾ സൂക്ഷിക്കുക തുടങ്ങിയവയായിരുന്നു ആദ്യകാല ജോലികൾ. ക്യാമറ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.
എന്നാൽ ഫൊട്ടോഗ്രഫിയോട് അറിയാതെ തോന്നിയ ഇഷ്ടം ഫൊട്ടോഗ്രഫി കണ്ടുപഠിക്കാൻ വിജയനെ പ്രേരിപ്പിച്ചു. അന്നു 20 കിലോ ഭാരമുള്ള ക്യാമറ ചുമന്നോണ്ടു പല സ്ഥലങ്ങളിലും പോയപ്പോഴും ജോലിയോടു വിമുഖത തോന്നാതിരുന്നതിന്റെ കാരണവും ഫൊട്ടോഗ്രഫിയോടുള്ള ഇഷ്ടം തന്നെ.
സ്വന്തം സ്റ്റുഡിയോ എന്ന സ്വപ്നം
1973ൽ വർഗീസ് സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.
അന്നു മുതലാണ് ക്യാമറ ഉപയോഗിച്ചു തുടങ്ങുന്നത്. 14 വർഷ കൊണ്ട് അവിടെ നിന്നു ലഭിച്ച പ്രവൃത്തി പരിചയത്തിൽ 1987 ഏപ്രിൽ 13നു സൂര്യ ഫോട്ടോസ് എന്ന പേരിൽ സ്റ്റേഡിയം ജംക്ഷനിൽ സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചു.
ഭാര്യ വി.ആർ.ഷീലയുടെ താലിമാല പണയം വച്ചും അന്നത്തെ സ്വയം തൊഴിൽ പദ്ധതിയിലൂടെയും ലഭിച്ച തുക വിനിയോഗിച്ചാണ് വിജയൻ സ്റ്റുഡിയോ ആരംഭിക്കുന്നത്. വിജയന്റെ വിജയവും ആരംഭിക്കുന്നത് ഇവിടെ നിന്നു തന്നെ.
തന്റെ അധ്യാപകനായിരുന്ന കെ.കെ.നായർ എംഎൽഎയാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.
മായാത്ത ഓർമകൾ
മുൻനിര രാഷ്ട്രീയ നേതാക്കൻമാരുടെ ഫോട്ടോ എടുക്കാൻ സാധിച്ചതിന്റെ ഓർമകൾ ഇപ്പോഴും വിജയന്റെ മുഖത്തു പുഞ്ചിരി സമ്മാനിക്കുന്നു. ഇന്ദിരഗാന്ധി, വി.വി.ഗിരി, ജോർജ് ഫെർണാണ്ടസ്, ജി.എം.സി.ബാലയോഗി, യശ്വന്ത് സിൻഹ, ഉമ്മൻ ചാണ്ടി, മാത്യു ടി.തോമസ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ ചിത്രം വിജയന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.
‘പണ്ട് ഫൊട്ടോഗ്രഫർമാർ കുറവായിരുന്നതിനാൽ എല്ലാ രാഷ്ട്രീയക്കാരും സർക്കാർ വകുപ്പുകളും എന്നെയായിരുന്നു ഫോട്ടോ എടുക്കാൻ വിളിച്ചിരുന്നത്.
അതുകൊണ്ടു തന്നെ പിആർഡിയിൽ 1992 മുതൽ 10 വർഷം ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്നു. അങ്ങനെയാണ് പല നേതാക്കൻമാരുടെയും ചിത്രം എടുക്കാൻ സാധിച്ചത്.
ഇന്നും സർക്കാരിന്റെ ഓരോ പരിപാടികൾക്കായി എന്നെ വിളിക്കുന്നുണ്ട്’, വിജയൻ പറഞ്ഞു. 1999 ജനുവരി 14നു ശബരിമല മകരജ്യോതി ദർശനത്തിനു ശേഷം പമ്പ ഹിൽടോപ്പിൽനിന്നു മലയിറങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 52 പേരുടെ മൃതദേഹങ്ങളുടെ ചിത്രം പകർത്തിയത് ഇന്നും നടുക്കുന്ന ഓർമയായി വിജയന്റെ മനസ്സിൽ അവശേഷിക്കുന്നു.
കാലത്തിന്റെ ഫ്രെയിമിൽ
‘പണ്ട് ഫോട്ടോ എടുത്താൽ ഒരാഴ്ചയ്ക്കു ശേഷമാണ് ലഭിക്കുക.
എന്നാൽ കാലം മാറിയതോടെ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ ഫോട്ടോ ലഭിക്കും. ഇന്ന് എല്ലാവർക്കും ഫോട്ടോ ഫോണിൽ അയച്ചു കൊടുത്താൽ മതി.
പുതുതലമുറ വന്നതോടെ സാങ്കേതികമായി പിന്നോട്ട് നിൽക്കുന്ന പഴയ ഫൊട്ടോഗ്രഫർമാരുടെ സാഹചര്യം ബുദ്ധിമുട്ടിലാണ്. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകുക തന്നെ ചെയ്യും’, തന്റെ സ്റ്റുഡിയോയിലുള്ള ഡാർക്ക് റൂമിനെ നോക്കി അദ്ദേഹം പറഞ്ഞു.
‘ഉടനെ ഒന്നും ഫൊട്ടോഗ്രഫി അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ഫോട്ടോ എടുക്കുമ്പോഴാണു ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്’ വിജയൻ പുഞ്ചിരിയോടെ പറഞ്ഞു.
മൂത്തമകൾ സൂര്യ സി.വിജയൻ ബെംഗളൂരുവിൽ കോളജ് അധ്യാപികയാണ്. ഇളയമകൾ ആര്യ സി.വിജയൻ ലണ്ടനിൽ ഐടി ഉദ്യോഗസ്ഥയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]