
കൈക്കുമ്പിളിൽ ഇരിക്കുന്ന പോലെ, മലകളാൽ ചുറ്റപ്പെട്ട കൊരങ്ങാട്ടി പാടശേഖരത്തിലെ 100 ഏക്കറിലും നെല്ല് വിളയിക്കണം.
അതിനു നടുവിൽ നേര്യമംഗലം കാടു താണ്ടി വരുന്ന കാറ്റേറ്റു നിൽക്കണം. പാടശേഖരത്തിലെ വിളവ് ആസ്വദിച്ചു, അയൽവാസികളോടു കുശലം പറഞ്ഞു, കൃഷി സമൃദ്ധി കണ്ടു ജീവിക്കണം.‘ഇതായിരുന്നു എന്റെ സ്വപ്നം, ആഗ്രഹിച്ച ജീവിതം’– പുളിയൻമാക്കൽ പി.ജി.ജോൺ പറയുന്നു.
പക്ഷേ, ഇടതുകാൽ അറ്റുപോയതോടെ ജോൺ കണ്ട കാർഷിക സ്വപ്നം വിളയാതെ തരിശായി.മണ്ണിൽ ചവിട്ടിയൊരു മനസ്സ് അറ്റുപോകാതെ ബാക്കിയുള്ളതിനാൽ കിനാവ് കണ്ട
കൃഷിയിറക്കാൻ ജോൺ ഇപ്പോൾ ഒറ്റക്കാലിൽ തന്നെ പാടത്തിറങ്ങുന്നു. 100 ഏക്കർ പാടശേഖരത്തിൽ ബാക്കിയുള്ളവരുടെ ഭൂമി തരിശു കിടക്കുമ്പോഴും ജോണിന്റെ 5 ഏക്കറിൽ നെൽക്കൃഷിയുണ്ട്.
പരമ്പരാഗതമായി കിട്ടിയ കൃഷിയറിവുകൾ പുത്തൻ അറിവുമായി സംയോജിപ്പിച്ചു പുതിയ വിത്തിനങ്ങളുണ്ടാക്കിയും ഗ്രാഫ്റ്റ് ചെയ്തു പുതിയ ചെടികൾ രൂപപ്പെടുത്തിയും കൃഷിക്കൊപ്പം തന്നെ സഞ്ചരിക്കുന്നു. കാൽ മുറിക്കേണ്ടി വന്ന ദുരിതകാലത്തെക്കുറിച്ചും അതിനു ശേഷമുള്ള തളരാത്ത ജീവിതത്തെ കുറിച്ചും അടിമാലി പഞ്ചായത്തിലെ ഏക നെൽക്കർഷകനായ പി.ജി.ജോൺ സൗമ്യതയുള്ള ഉറച്ചസ്വരത്തിൽ പറയുന്നു– ‘ജീവിതം ജീവിക്കേണ്ടതാണ്’.
ചികിത്സ കളഞ്ഞ കാല്
അടിമാലിക്കു സമീപം ചാറ്റുപാറയിൽ 2017 ഒക്ടോബർ രണ്ടിനാണ് ജോണിന്റെ ജീവിതം മാറ്റിയ അപകടം.
‘സ്കൂട്ടറിൽ കൊരങ്ങാട്ടിയിൽനിന്ന് അടിമാലിക്കു പോകുമ്പോൾ തെന്നി മറിയുകയായിരുന്നു. ഇടതുകാലിന്റെ മുട്ടിനു പൊട്ടലും അതിനു താഴേക്കു ചതവുമുണ്ടായി.
അടിമാലി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി, മുട്ടിന് പ്ലേറ്റിട്ടു. കാലിലെ മുറിവു ഭേദമാകാത്തതിനാൽ 60 ദിവസം ആശുപത്രിയിൽ കിടന്നു.
വീട്ടിലെത്തി 2 മാസം കഴിഞ്ഞിട്ടും പാദം ചലിക്കാത്തതിനാൽ നടക്കാൻ കഴിഞ്ഞില്ല. മസിലിന്റെ ഭാഗം നീരുവച്ചപ്പോൾ വീണ്ടും താലൂക്ക് ആശുപത്രിയിലേക്ക്.
രക്തം കട്ടപിടിച്ചതായി അപ്പോഴാണ് കണ്ടെത്തുന്നത്. കുഴപ്പമില്ലെന്നു പറഞ്ഞു മടക്കിയയച്ചെങ്കിലും അപ്പോഴേക്കും അണുബാധ പിടിപ്പെട്ടിരുന്നു.
2018 ജനുവരി രണ്ടാം വാരത്തോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. രക്തചംക്രമണം ശരിയാകാതെ കാലിലെ പരുക്ക് വൃക്കയെ ബാധിച്ചിരുന്നു.
സ്ഥിതി ഗുരുതരമായതോടെ കാൽ മുറിക്കണമെന്ന് അവിടെനിന്നും പറഞ്ഞു. പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി.
അപകടമുണ്ടായ ആദ്യ 10 ദിവസത്തിനുള്ളിൽ ചതവുണ്ടായ ഭാഗത്തു ചികിത്സ നൽകിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഒടുവിൽ 2018 ജനുവരി 25ന് കാൽ മുറിച്ചു.’ കാലം വില്ലനായി അവതരിച്ച കാലത്തെക്കുറിച്ചു ജോൺ പറഞ്ഞു നിർത്തി.
തളരാത്ത കൃഷി
കോട്ടയത്തെ സിഎൻഐ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1980–82ൽ ടിടിസി പൂർത്തിയാക്കി മേലുകാവിൽ എംആർഡി പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന ജോണിന്റെ മനസ്സിൽ എന്നും കൃഷിയായിരുന്നു.
അച്ചു നിരത്തിയുള്ള പ്രിന്റിങ്ങിന് ഭാര്യ സൂസമ്മയായിരുന്നു സഹായി. മേലുകാവിൽ തട്ടുകൃഷിയായി നെല്ല് വിളയിച്ചിരുന്നു.
അതു തുടരാനായിരുന്നു ആഗ്രഹം. ഇതിനിടെ 1986ൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസിൽ ജോലിക്കു കയറി.ജോലിയിൽനിന്ന് വിരമിക്കാൻ 13 മാസമുള്ളപ്പോഴായിരുന്നു അപകടം.
ലഭിക്കേണ്ട സ്ഥാനക്കയറ്റത്തിനായുള്ള നിയമപോരാട്ടത്തിനു തടയായതും അപകടമായിരുന്നു.
അതോടെ ജോലിയിലെ സ്ഥാനക്കയറ്റവും അതുവരെയുണ്ടായിരുന്ന സകല സമ്പാദ്യവും നഷ്ടമായി. അവിടെ നിന്നാണ് കൃഷിയിൽ ചുവടുറപ്പിച്ചുള്ള തിരിച്ചുവരവ്.
നാലു മക്കളാണുള്ളത്. സുജോ പി.ജോൺ, പി.ജൂനോ ജോൺസീന, ജോൺ ബൈനോ, ആൻജോ ജോൺ.
ജോൺ ബൈനോയാണ് കൃഷി മാർഗം പിന്തുടരുന്നതും പരിപാലിക്കുന്നതും. എംഎ പഠനം പൂർത്തിയാക്കിയ ബൈനോ അടിമാലി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.
കൊരങ്ങാട്ടിയിൽ അഞ്ചേക്കറാണ് ജോണിന്റെ പാടം.
ചെറിയ തോതിൽ മറ്റു കൃഷിയുമുണ്ട്. എല്ലാത്തിലും ജോണിന്റെ കൃത്യമായ സ്പർശം പ്രകടം.
പാടത്ത് വിത്തിറക്കാറാകുമ്പോൾ കൃത്രിമ കാൽ ഊരി വച്ചു വാക്കറും ചെറിയൊരു സ്റ്റൂളുമായി കൃഷിയിടത്തിലേക്ക് ഇറങ്ങും. വരമ്പിനോടു ചേർന്നു സ്റ്റൂളിട്ടിരുന്നു വരമ്പു പിടിക്കും.
അഞ്ചേക്കറിൽ സ്റ്റൂളുമായി എത്തിപ്പെടാൻ സാധിക്കുന്നിടത്തെല്ലാം എത്തും. ബാക്കിയുള്ളിടത്തു മകനിറങ്ങും.
പണിക്കാരുമെത്തും. ഏലത്തിന്റെ ചുവട്ടിലും സ്റ്റൂളിട്ടിരുന്നു ചുവടൊരുക്കും.
കുരുമുളക് ഗ്രാഫ്റ്റ് ചെയ്ത് പുതിയ ചെടിയുണ്ടാക്കാനും, ഔഷധച്ചെടികൾ സംരക്ഷിക്കാനും വളർത്താനും ഒറ്റക്കാലിൽ വാക്കറും സ്റ്റൂളുമായി ഓരോ ചെടിക്കു ചുവട്ടിലും ജോണെത്തും. ഒരു ചെടിക്കും പരുക്കേൽക്കരുതെന്ന നിർബന്ധത്താൽ വളരെ ശ്രദ്ധയോടെയാണ് ഓരോ ചുവടും.പരമ്പരാഗതമായി കൈമാറിയതും പുതുതായി പഠിച്ചതുമായ അറിവുകൾ ഉപയോഗിച്ചാണ് 5 ഏക്കറിലെ 24 കണ്ടത്തിൽ കൃഷിയിറക്കുന്നത്.
‘അറിവു കൂട്ടി കൃഷി ചെയ്താൽ എന്തും വിളയിക്കാമെന്നാണ്’ ജോൺ പക്ഷം. ഒരു അഗ്രികൾചർ ലാബ് കൂടിയാണ് ജോണിന്റെ കൃഷിയിടം.
കുരുമുളക്, നെല്ല് എന്നിവയിലെ വിവിധ ഇനങ്ങൾ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. സ്വന്തം വിളകൾ
നെൽ വിത്തുകളെ ജീവന്റെ ജീവനായാണ് ജോൺ സൂക്ഷിക്കുന്നത്.
കൃഷി വിജ്ഞാന കേന്ദ്രത്തിൽനിന്നും യുഎൻഡിപി പദ്ധതി പ്രകാരവും ലഭിച്ച വിത്തുകളെല്ലാം കരുതലുണ്ട്. ഓരോ നെൽവിത്തിൽ നിന്നും പുതിയൊരെണ്ണം വികസിപ്പിക്കാൻ എപ്പോഴും ശ്രമമുണ്ടാകും.
പരമ്പരാഗതമായി കൈമാറി കിട്ടിയതിൽനിന്ന് വികസിപ്പിച്ചെടുത്ത നെൽവിത്തായ പുളിയൻമുണ്ടകൻ ഉപയോഗിച്ചാണ് ഇപ്പോഴത്തെ കൃഷി. പുളിയൻമുണ്ടകനിൽ നിന്നാണ് പുളിയൻ ബ്ലാക്ക്, പുളിയൻ ഗോൾഡ്, ആൻമേരി എന്നിവ വികസിപ്പിച്ചത്.
ഇതു കൂടാതെ പുളിയൻമുണ്ടി എന്ന കുരുമുളക് ചെടിയും വളർത്തിയെടുത്തിട്ടുണ്ട്. അര അടിയോളം നീളമുള്ള തിരി, 105ൽ അധികം മണി, ഇതാണ് പുളിയമൻമുണ്ടിയുടെ പ്രത്യേകത.
കൊരങ്ങാട്ടിയിലെ സ്വപ്നം
മേലുകാവിൽ നെൽക്കൃഷിക്കു സ്ഥലം കിട്ടാതായപ്പോഴാണ് കൊരങ്ങാട്ടിയിലേക്കു ജോണും കുടുംബവും വരുന്നത്.
1995 ഏപ്രിൽ 5ന് സ്ഥലം വാങ്ങി. ഏറ്റവും ഇളയ കുഞ്ഞിന് അന്ന് 3 വയസ്സായിരുന്നു.
കാടിനകത്തെ തണ്ണീർത്തടമാണ് കൊരങ്ങാട്ടിയിലെ പാടമായി മാറിയത്. കൊരങ്ങാട്ടിയിൽ സ്വഭാവികമായ വയൽ ഇല്ല.
തണ്ണീർത്തടമായ ഇവിടെ വലിയ മരക്കുറ്റികളായിരുന്നു വാങ്ങിയപ്പോൾ ഉണ്ടായിരുന്നത്. അതിനെ പിഴുതുമാറ്റിയാണ് വയൽ രൂപപ്പെടുത്തിയത്.
മറ്റു പലരുടെയും സ്ഥലത്ത് ഇനിയും മരക്കുറ്റികളുണ്ട്. നിലം ഉഴുന്നതിന് ഇതു തടസ്സമാണ്.
വിതച്ചാൽ ഇവിടത്തെ വയലുകളിൽ പൊന്നുവിളയും. കൊരങ്ങാട്ടിയിലെ എല്ലായിടത്തും കൃഷിയിറക്കണം.
കൃഷിയിലൂടെ സമൃദ്ധിയുണ്ടാകണം. സർക്കാർ സഹായമുണ്ടായാൽ ഇതു സാധ്യമെന്നു ജോൺ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]