
കട്ടപ്പന ∙ ഇ-ലേലത്തിന് എത്തുന്ന ഏലക്കായുടെ ഈർപ്പവും ലീറ്റർ വെയ്റ്റും അനുയോജ്യമായ തോതിലാണെന്ന് ഉറപ്പാക്കണമെന്ന് ലേല കമ്പനികൾക്ക് സ്പൈസസ് ബോർഡിന്റെ നിർദേശം. ഈർപ്പം കൂടുതലുള്ള ഏലക്ക വിപണിയിൽ എത്തുന്നതായുള്ള വിവരങ്ങളെ തുടർന്നാണ് നടപടി.
ലേലത്തിന് എത്തുന്ന ഓരോ ലോട്ട് ഏലക്കായുടെയും ഈർപ്പത്തിന്റെ തോതും ലീറ്റർ വെയ്റ്റും ലേല കമ്പനികൾ പരിശോധിച്ച് കൃത്യമായി കാണിക്കണം. അല്ലാതെ എത്തുന്ന ഏലക്കാ ലേലത്തിൽ ഉൾപ്പെടുത്തില്ല. കഴിഞ്ഞ ദിവസം മുതൽ ഈ രീതി പിന്തുടർന്നാണ് ലേലം നടക്കുന്നത്. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത്തരം ഏലക്കായുടെ ഗുണമേന്മ പരിശോധിച്ച് തുടർനടപടിയെടുക്കാനാണ് തീരുമാനം.
ചില രാസവസ്തുക്കൾ ചേർത്ത് ഈർപ്പത്തിന്റെ തോത് കൂടുതലാക്കി നിലനിർത്തിക്കൊണ്ട് പാതി ഉണക്കിയെടുക്കുന്ന ഏലക്ക വിപണിയിൽ എത്തുന്നതായും വേഗത്തിൽ നശിക്കുന്ന ഇവ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നെന്നും ഇത്തരം ഏലക്കാ കയറ്റുമതി ചെയ്താൽ തിരിച്ചയ്ക്കാനുള്ള സാധ്യതയേറെയാണെന്നതു വിപണിയിലും പ്രതിഫലിക്കുമെന്നും കാർഡമം ഡ്രയർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ദീപു കൊട്ടാരത്തിൽ, സെക്രട്ടറി വി.പി.സന്തോഷ് വലിയപറമ്പിൽ എന്നിവർ പരാതിപ്പെട്ടിരുന്നു.
ലീറ്റർ വെയ്റ്റ്?
∙ഏലയ്ക്കയുടെ മേന്മ പരിശോധിക്കാൻ ഒരു ലീറ്ററിന്റെ അളവ് പാത്രത്തിൽ ഉണക്ക ഏലക്കാ എടുത്തശേഷം അത് തൂക്കുമ്പോൾ ലഭിക്കുന്ന അളവാണ് ലീറ്റർ വെയ്റ്റായി കണക്കാക്കുന്നത്. ഗുണനിലവാരം അനുസരിച്ച് 360 മുതൽ 400 ഗ്രാം വരെയാകും ഇതിന്റെ തൂക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]