
പെരിയ ∙ പുലിഭീതിയുടെ പശ്ചാത്തലത്തിൽ കേരള കേന്ദ്ര സർവകലാശാലയിൽ രാത്രി 8 മുതൽ രാവിലെ 7 വരെയുള്ള ‘ഔട്ഡോർ പ്രവർത്തനങ്ങൾക്കു’ വിലക്ക്. സർവകലാശാലയുടെ സമീപ പ്രദേശങ്ങളിൽ പുലിയെ കണ്ടതായുള്ള വിവരത്തെത്തുടർന്ന് കാസർകോട് ഡിഎഫ്ഒയുടെ നിർദേശപ്രകാരമാണ് സർവകലാശാല റജിസ്ട്രാർ ഇൻ ചാർജ് ഡോ. ആർ.ജയപ്രകാശ് ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കിയത്.
ഒരറിയിപ്പുണ്ടാകുന്നതുവരെ ഈ സമയം സർവകലാശാല ലൈബ്രറിയും പ്രവർത്തിക്കില്ല. സർവകലാശാല ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ, ക്വാർട്ടേഴ്സിൽ താമസിക്കുന്ന അധ്യാപകർ, ജീവനക്കാർ എന്നിവരോട് ക്യാംപസിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളിലേക്ക് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ക്യാംപസിലെത്തുന്ന നായകൾക്കും പൂച്ചകൾക്കും തീറ്റ കൊടുക്കരുതെന്നും താമസസ്ഥലത്തുനിന്ന് ഇവയെ അകറ്റണമെന്നും ഭക്ഷണാവശിഷ്ടങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും റജിസ്ട്രാറുടെ സർക്കുലറിലുണ്ട്. അതിരാവിലെയും സന്ധ്യയ്ക്കുമുള്ള നടത്തം ഒഴിവാക്കുക, തനിച്ചു നടക്കുന്നതിനു പകരം സംഘം ചേർന്നു നടക്കുക, രാത്രി 3 തവണയെങ്കിലും സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ ക്യാംപസിൽ പട്രോളിങ് നടത്തുക എന്നീ നിർദേശങ്ങളുമുണ്ട്. നിർദേശങ്ങൾ വിദ്യാർഥികളെ ധരിപ്പിക്കുന്നതിന് ഡീനുമാർ, വകുപ്പ് മേധാവികൾ, വാർഡൻമാർ, മേട്രൻമാർ എന്നിവർക്കു നിർദേശം നൽകി. സർവകലാശാല ക്യാംപസിനോടു ചേർന്നുള്ള തണ്ണോട്ട് പുല്ലാഞ്ചിക്കുഴി, കളിയങ്ങാനം പ്രദേശങ്ങളിൽ ദിവസങ്ങൾക്കു മുൻപ് നാട്ടുകാർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]