ചുണ്ടേൽ ∙ അടങ്ങാത്ത കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ചുണ്ടേൽ ടൗണും പരിസരങ്ങളും. ഏതു നിമിഷവും കാട്ടാനകളുടെ മുന്നിൽപെടുമെന്ന് ഭയന്നാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായിട്ട് ഇവിടകലി പൂണ്ടെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ നിന്നു പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
കഴിഞ്ഞ 2 മാസമായിട്ടു മുൻപെങ്ങുമില്ലാത്ത വിധം കാട്ടാന ശല്യം ഇൗ മേഖലകളിൽ രൂക്ഷമാണ്.
ടൗണിൽ എസ്ബിഐ ബാങ്കിനു പിറകിലെ ജനവാസ മേഖലയിൽ കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ 5 തവണയാണ് കാട്ടാനയെത്തിയത്. കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ നിന്നു കഷ്ടിച്ച് 50 മീറ്റർ ദൂരം അകലെയാണു കാട്ടാനയെത്തിയത്.
കഴിഞ്ഞദിവസം രാത്രിയിലെത്തിയ കാട്ടാന പ്രദേശവാസിയായ അക്ബർ സിദ്ദീഖിന്റെ വീടിനു മുൻപിലെ ഗേറ്റ് തകർത്തു. ഇതു 3–ാം തവണയാണ് ഇൗ വീടിനു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ജൂലൈ 20ന് പ്രദേശത്തിറങ്ങിയ കാട്ടാന വീടിന്റെ മതിലും തകർത്തിരുന്നു.
ഒറ്റക്കൊമ്പനെ ഭയന്ന്
ഉൗട്ടി–കോഴിക്കോട് സംസ്ഥാനാന്തര പാതയോരത്തോടു ചേർന്ന കണ്ണൻചാത്തിലും കാട്ടാന ശല്യം രൂക്ഷമാണ്. ചുണ്ടേൽ ടൗണിൽ നിന്നു കഷ്ടിച്ച് 2 കിലോമീറ്റർ അകലം മാത്രമേ കണ്ണൻചാത്തിലേക്കുള്ളു. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട
പ്രദേശമാണിത്. 50ൽ അധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഒറ്റക്കൊമ്പനാണു കൂടുതൽ ആക്രമണകാരിയെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 9ന് രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ ഒറ്റക്കൊമ്പന്റെ മുൻപിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
റോഡരികിലെ ട്രാൻസ്ഫോമറിന് സമീപം കാട്ടാനയെ കണ്ട് ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
ചേലോട് മേഖലയിലും കാട്ടാനകൾ
സദാസമയവും വാഹനത്തിരക്കുള്ള കോഴിക്കോട്–കൊല്ലഗൽ ദേശീപാതയോരത്തെ ചേലോട് റോഡരികിൽ പതിവായി കാട്ടാനകളെത്താൻ തുടങ്ങിയതോടെ ഇതുവഴിയുള്ള രാത്രിയാത്ര ആശങ്കയിലായി. കഴിഞ്ഞ 11ന് രാത്രിയിൽ ചേലോട് പള്ളിക്ക് സമീപം കാട്ടാന റോഡ് കുറുകെ കടക്കുന്നതിനിടെ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. കാട്ടാന റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ, മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് അപകടം.
ഇതോടെ, പിറകിൽ വരികയായിരുന്ന വാഹനങ്ങൾ ഇടിക്കുകയായിരുന്നു.
ആർക്കും പരുക്കേറ്റില്ല. ജൂലൈ 20ന് രാത്രിയിൽ ഇതേ സ്ഥലത്ത് കാട്ടാനകളിറങ്ങിയിരുന്നു. സമീപത്തെ എസ്റ്റേറ്റ് പാടിയിലാണ് അന്ന് കാട്ടാനകളെത്തിയത്.
2 വാഹനങ്ങൾ നശിപ്പിച്ച കാട്ടാനകൾ വ്യാപക കൃഷി നാശവും വരുത്തിയിരുന്നു. വനംവകുപ്പ് സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട
പരിശ്രമങ്ങൾക്കൊടുവിലാണ് അന്നു കാട്ടാനകളെ തിരികെ കാടു കയറ്റാനായത്. 3 ലൈനുകളിലായി 9 കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്.
ജനകീയ ഫെൻസിങ് തകർന്നെന്ന് നാട്ടുകാർ
ജനകീയ ഫെൻസിങ് തകർന്നതാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്കിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ചുണ്ടവയൽ–ആനപ്പാറ റോഡ് മുതൽ തളിമല വരെയുള്ള 5 കിലോമീറ്റർ ദൂരത്താണു ഫെൻസിങ് സ്ഥാപിച്ചിട്ടുള്ളത്.
ചുണ്ടവയലിൽ ഫെൻസിങ് ആരംഭിക്കുന്ന സ്ഥലത്തെ ഇരുമ്പുതൂൺ കാട്ടാനകൾ നശിപ്പിച്ചു. ഈ ഭാഗത്തു കൂടെയാണു കാട്ടാനകൾ വട്ടക്കുണ്ട് ഊരിലേക്ക് കടക്കുന്നത്.
വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണു പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന് 2023 ഒക്ടോബറിൽ ജനകീയ ഫെൻസിങ് പദ്ധതി തുടങ്ങിയത്.
കൃഷിഭൂമികളുടെ അതിരിലൂടെയാണു 3 മീറ്റർ ഉയരമുള്ള വേലി നിർമിച്ചത്. 3 നിരകളിലായി വലിച്ച കമ്പികളിലൂടെയാണു മൂന്നിടങ്ങളിലായി സ്ഥാപിച്ച ബാറ്ററികളിൽ നിന്നു വൈദ്യുതി പ്രവഹിപ്പിക്കുന്നത്. ആദ്യ മാസങ്ങളിൽ ഫെൻസിങ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് താളംതെറ്റിയെന്ന് നാട്ടുകാർ പറയുന്നു.
ഭീതി ഒഴിയാതെ ഒലിവുമലയും വട്ടക്കുണ്ടും
ചെമ്പ്ര വനമേഖലയിൽ നിന്നിറങ്ങുന്ന കാട്ടാനകൾ ഒലിവുമലയിലും വട്ടക്കുണ്ടിലും ഭീതി പരത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ ജൂലൈ 9ന് പകൽസമയത്ത് 2 കുട്ടിയാനകൾ അടക്കം 6 കാട്ടാനകള് ഒലിവുമലയിലെ ജനവാസകേന്ദ്രത്തിലിറങ്ങിയിരുന്നു.
ഏതാനും മാസങ്ങൾക്കിടെ ഏക്കറുക്കണക്കിന് സ്ഥലത്തെ കാർഷിക വിളകളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വൈത്തിരി–ഒലിവുമല റോഡിൽ സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുണ്ട്. 55 കുടുംബങ്ങളാണു വട്ടക്കുണ്ട് ഉൗരിലുള്ളത്.
വനത്താൽ ചുറ്റപ്പെട്ട മേഖലയായതിനാൽ പകൽസമയത്തു പോലും കാട്ടാനക്കൂട്ടം ഉൗരിലെത്തുകയാണ്. ഉൗരിനു ചുറ്റിലും സ്ഥാപിച്ച വൈദ്യുത വേലി തകർന്നതാണു കാട്ടാനശല്യം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]