
കൽപറ്റ ∙ അവധിദിനങ്ങൾ ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ 2 ദിവസമായി കൽപറ്റ, ബത്തേരി ടൗണുകൾ ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുകയാണ്.
കനത്ത മഴ പെയ്തതും വാഹന ഗതാഗതത്തെ ബാധിച്ചു.കൽപറ്റയിൽ ഇന്നലെ രാവിലെയോടെ രൂപപ്പെട്ട ഗതാഗതക്കുരുക്കിന് രാത്രി ഏഴോടെയാണു കുറവുണ്ടായത്.
വാഹനങ്ങളുടെ നീണ്ടനിര കാരണം, പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഒന്നര കിലോമീറ്റർ താണ്ടാൻ അരമണിക്കൂറോളമെടുത്തു. പ്രധാന ജംക്ഷനുകളായ ജനമൈത്രി ട്രാഫിക് ജംക്ഷൻ, ചുങ്കം, കൈനാട്ടി എന്നിവിടങ്ങളിൽ രാവിലെയോടെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
ഓണക്കാലമായതിനാൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്.നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങൾക്കും സ്വന്തമായി പാർക്കിങ് ഏരിയകളില്ലാത്തതിൽ ഇവിടേക്കുള്ള വാഹനങ്ങൾ റോഡരികിലാണ് നിർത്തിയിടുന്നത്.
ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. നഗരം ഗതാഗത കുരുക്കിലായതോടെ ചെറുവാഹനങ്ങളെ അടക്കം ബൈപാസ് വഴി തിരിച്ചുവിട്ടു.
എന്നാൽ, ഉച്ചയോടെ ബൈപാസ് റോഡിലും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. കൽപറ്റ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണു കുരുക്ക് ഒഴിവാക്കിയത്.സമാനമായ സ്ഥിതിയായിരുന്നു ബത്തേരി ടൗണിലും.
കർണാടകയിൽ നിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങളായിരുന്നു ഇന്നലെ ബത്തേരി ടൗണിലെത്തിയതിൽ ഭൂരിഭാഗവും. ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരുടെ തിരക്കും കൂടിയായതോടെ നഗരം വാഹനത്തിരക്ക് കൊണ്ടു വീർപ്പുമുട്ടി.ഇന്നലെ രാവിലെയോടെ ബീനാച്ചി മുതൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെ പലയിടത്തും ഇന്നലെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മീനങ്ങാടി, വൈത്തിരി ടൗണുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. വയനാട് ചുരത്തിലും പലയിടങ്ങളിലായി ഇന്നലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]