ആലത്തൂർ∙ വാനൂരിൽ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ച് ജനങ്ങൾ ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വാനൂർ നിവാസികൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
മുന്നറിയിപ്പില്ലാതെ ദേശീയപാത കുത്തിപ്പൊളിച്ചതിൽ പ്രതിഷേധം നിലനിന്നിരുന്നു. വാനൂർ നിവാസികൾക്ക് ടൗണിൽ എത്താനുള്ള ഏക മാർഗം കേരളപ്പറമ്പിലൂടെയാണ്.ഈ റോഡ് ദേശീയപാതയിൽ വന്നുചേരുന്ന ഭാഗം കുറുകെ കടന്നുവേണം ജനങ്ങൾക്കു വാനൂർ ആലത്തൂർ റോഡ് വഴി ടൗണിൽ എത്താൻ.
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, എഎസ്എംഎം ഹയർസെക്കൻഡറി സ്കൂൾ, ജിഎൽപി സ്കൂൾ തുടങ്ങി വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് റോഡ് കുറുകെ കടക്കേണ്ടതുണ്ട്.
ആശുപത്രിയിൽ എത്തേണ്ടവരുടെയും സ്ഥിതി സമാനമാണ്.
തൃശൂർ–പാലക്കാട് ട്രാക്കാണ് നിലവിൽ പൊളിച്ചിരിക്കുന്നത്. പാലക്കാട് – തൃശൂർ ട്രാക്കിലൂടെയാണ് രണ്ടു വശത്തേക്കും ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
ഇതോടെ റോഡ് കുറുകെ കടന്ന് ടൗണിൽ എത്താൻ മാർഗമില്ലാതായി. സർവീസ് റോഡ് പണി പൂർത്തിയാക്കിയിട്ടില്ല.
നിർമാണം പൂർത്തിയാക്കാത്ത സർവീസ് റോഡിലൂടെ സ്വാതി ജംക്ഷനിലെത്തി വീണ്ടും ഒരു കിലോമീറ്റർ ചുറ്റി വളഞ്ഞു വേണം അത്യാവശ്യക്കാർക്കു ടൗണിൽ എത്താൻ. വാനൂരിൽ പ്രവർത്തിക്കുന്ന ക്ഷീരോൽപാദക പരിശീലന കേന്ദ്രത്തിൽ എത്തേണ്ടവരും പ്രയാസത്തിലാണ്.
ആലത്തൂർ–വാനൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസില്ല. വാനൂരിനേയും ആലത്തൂരിനേയും ബന്ധിപ്പിച്ച് ചെറിയ വാഹനങ്ങൾക്കെങ്കിലും പോകാനുളള അണ്ടർ പാസേജ് വേണമെന്നാണാവശ്യം.
ആദ്യദിവസം തന്നെ അപകടം
പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്നു ചെറിയ വാഹനങ്ങൾക്കു ടൗണിലേക്കുള്ള റോഡിലൂടെ പോകുന്നതിനായി ബാരിക്കേഡിനോട് ചേർന്ന് താൽക്കാലികമായ സ്ഥലം ക്രമീകരിച്ചിരുന്നു.
ഇതിലൂടെ ടൗണിലേക്ക് പോകാൻ ശ്രമിച്ച ഓട്ടോറിക്ഷയും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല.
ഈ ബാരിക്കേഡിനു സമീപമാണ് തൃശൂരിൽ നിന്നു വരുന്ന വാഹനങ്ങൾ ട്രാക്ക് മാറി പാലക്കാട്–തൃശൂർ പാതയിലേക്കു പ്രവേശിക്കുന്നത്.
ഗതാഗതക്കുരുക്ക്
കണ്ണാടി മുതൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് ആലത്തൂർ വരെ നീളുന്നു. കണ്ണാടി കാഴ്ചപ്പറമ്പിൽ മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ കടന്നു പോകുന്നത്.
കുഴൽമന്ദം കഴിഞ്ഞാൽ താരതമ്യേന കുരുക്ക് കുറഞ്ഞിരുന്ന വാനൂരിൽ റോഡ് പൊളിച്ചതോടെ സ്ഥിതി വഷളായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]