
ചെറുതോണി ∙ സർക്കാരിനു വരുമാനവും നാട്ടുകാർക്ക് ഉപകാരവുമായിരുന്ന ഹോട്ടൽ യാതൊരു കാരണവുമില്ലാതെ അടച്ചുപൂട്ടി. ഒരു വർഷം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ലാത്തതിനാൽ കെട്ടിടം കാടുകയറി നശിച്ചു തുടങ്ങി.
വാതിലുകളും ഫർണിച്ചർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നാശോന്മുഖമാണ്. ഡിടിപിസിയുടെ കീഴിൽ മെഡിക്കൽ കോളജിനു സമീപം പാറേമാവിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലാണ് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്നത്.ടൂറിസം വികസനത്തിന്റെ പേരിൽ ബിയർ പാർലറും വഴിയോര വിശ്രമ കേന്ദ്രവും ആരംഭിക്കുന്നതിനാണ് ജില്ലാ ആസ്ഥാനത്ത് കണ്ണായ സ്ഥലത്ത് ആധുനിക രീതിയിൽ കെട്ടിട
നിർമാണം പൂർത്തിയാക്കിയത്.
എന്നാൽ തിരക്കേറിയ സംസ്ഥാന പാതയോരത്ത് 25 വർഷം മുൻപ് ഒരു കോടിയിലേറെ രൂപ മുടക്കി നിർമിച്ച കെട്ടിടം ഉദ്ഘാടനം പോലും നടത്താതെ വർഷങ്ങളോളം അടച്ചിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് 5 വർഷം മുൻപ് സ്വകാര്യ വ്യക്തിക്ക് കെട്ടിടം ഹോട്ടൽ നടത്തുന്നതിനു വാടകയ്ക്കു നൽകി.
വർഷം 5 ലക്ഷംരൂപയായിരുന്നു വാടക. ഇതോടെ ജില്ലാ ആസ്ഥാനത്ത് എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനും വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അലയേണ്ടി വന്നിരുന്നില്ല.
എന്നാൽ അഞ്ചു വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് വീണ്ടും ടെൻഡർ നടത്തിയതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.പുതിയ ടെൻഡർ പ്രകാരം നികുതി ഉൾപ്പെടെ 9,76,000 രൂപയ്ക്ക് കരാർ നൽകി ഒരു ലക്ഷം രൂപ അഡ്വാൻസും വാങ്ങിയെങ്കിലും പിന്നീട് ഒരു കാരണവുമില്ലാതെ ഡിടിപിസി ടെൻഡർ റദ്ദാക്കുകയായിരുന്നു.
തുടർന്ന് ഒരു മാസത്തിനു ശേഷം കരാറെടുത്തയാൾക്ക് അഡ്വാൻസ് തുകയും തിരികെ നൽകി. കാരണമില്ലാതെ കരാർ റദ്ദാക്കിയതിനാൽ തനിക്ക് വലിയ നഷ്ടമുണ്ടായതായി കരാറുകാരി പറയുന്നു.പാത്രങ്ങളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഒട്ടേറെ പണം ചെലവിട്ടു.
ഇതിനു പുറമേ, അഡ്വാൻസ് നൽകിയ പണത്തിന്റെ പലിശ പോലും ഡിടിപിസി നൽകിയില്ലെന്നും പരാതിയുണ്ട്. ഇതോടെ ടെൻഡർ നടപടി റദ്ദ് ചെയ്തതിനു ശേഷം വീണ്ടും ഡിടിപിസി കരാർ വിളിച്ചെങ്കിലും ആദ്യം കരാറെടുത്തയാൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാൽ ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ല.
ഇതോടെ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന കെട്ടിടം നനഞ്ഞും ചിതൽ കയറിയും നശിക്കുകയാണ്.
സൗകര്യമുള്ള സ്ഥലം
ജില്ലാ ആസ്ഥാന മേഖലയിൽ പാർക്കിങ് പേരിനു പോലും സ്ഥലം ഇല്ലെന്നിരിക്കെ, പാറേമാവിൽ നിലവിലുണ്ടായിരുന്ന ഹോട്ടലിനു സമീപം ഒട്ടേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനു സൗകര്യമുണ്ടായിരുന്നു.അണക്കെട്ടുകൾ കാണുന്നതിനും ജലാശയത്തിൽ ബോട്ടിങ്ങിനുമായി ഇടുക്കിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇത് അനുഗ്രഹപ്രദവുമായിരുന്നു.ഓൺലൈൻ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് എത്തിയിരുന്ന വിനോദ സഞ്ചാരികൾക്ക് ഹോട്ടലിൽ താമസിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഇതിനു പുറമേ, മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും കുട്ടികൾക്കും സമീപത്തെ വനംവകുപ്പ് ഓഫിസുകളിലെ ഒരുപോലെ പ്രയോജനകരമായിരുന്നു ഈ വിശ്രമ കേന്ദ്രം.ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ യാതൊരു കാരണവുമില്ലാതെ അടച്ചിട്ടതുമൂലം ലക്ഷക്കണക്കിനു രൂപയാണ് സർക്കാരിനും നഷ്ടമാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]