വിഖ്യാത മെക്സിക്കൻ ഫിലിം മേക്കറും ഓസ്കർ അവാർഡ് ജേതാവുമായ അലഹാന്ദ്രോ ഗോൺസാലസ് ഇനാരിറ്റുവിനൊപ്പം ഒരു ഹോളിവുഡ് സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസിൽ. എന്നാൽ തന്റെ ആക്സെന്റ് ശരിയാക്കാനായി നാല് മാസത്തോളം അമേരിക്കയിൽ താമസിക്കണം എന്നുള്ളത് കൊണ്ട് ആ പ്രോജക്ട് നടന്നില്ല എന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞു.
“എന്റെ ആക്സെന്റ് ശരിയാക്കുന്നതിനായി നാല് മാസത്തോളം അമേരിക്കയിൽ പോയി താമസിക്കേണ്ടതുണ്ടായിരുന്നു. അതിന് പേയ്മെന്റ് ഇല്ലായിരുന്നു.
ആക്സെന്റിന് വേണ്ടി അത്രത്തോളം ബുദ്ധിമുട്ടാൻ മാത്രമുള്ള ഫയർ എനിക്ക് തോന്നിയില്ല.” ഫഹദ് പറഞ്ഞു. അമോറസ് പെറോസ്, 21 ഗ്രാംസ്, ബാബേൽ, ബ്യൂട്ടിഫുൾ, ബേർഡ്മാൻ, ദി റെവനന്റ് തുടങ്ങീ ലോക സിനിമയിയ്ക്ക് മികച്ച സൃഷ്ടികൾ സമ്മാനിച്ച സംവിധായകനാണ് ഇനാരിറ്റു.
ഡി കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചതും ഇനാരിറ്റു ചിത്രത്തിലൂടെയാണ്. ലോകസിനിമയിലെ തന്നെ മാസ്റ്റേഴ്സിൽ ഒരാളായ ഇനാരിറ്റുവിന്റെ സിനിമയിൽ ഫഹദിന് അവസരം നഷ്ടമായതിൽ മലയാള സിനിമാപ്രേമികൾ വലിയ നിരാശയിലാണ്.
ടോം ക്രൂസ്, സാന്ദ്ര ഹുള്ളർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഇനാരിറ്റുവിന്റെ പുതിയ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇമ്മാനുവൽ ലുബെസ്കി ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.
അതേസമയം ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’യാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ഓണം റിലീസായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തില് ഉൾപ്പെടുന്ന ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്.
രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങീ മികച്ച താരനിര അണിനിരക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]