
പത്തനംതിട്ട ∙ ചിങ്ങം പിറന്നു.
പമ്പാനദിയുടെ തീരങ്ങൾ ജലോത്സവത്തിനായി ഉണർന്നു. ആവേശത്തിന്റെ ആർപ്പുവിളികളിലാണു പള്ളിയോടക്കരകൾ. അഴകിന്റെ അമരച്ചാർത്തുമായി പമ്പയുടെ ഓളങ്ങളെ തഴുകിയെത്തുന്ന പള്ളിയോടങ്ങൾ അണിനിരക്കുന്ന 4 വള്ളംകളികളാണു ജില്ലയിൽ ഉള്ളത്.
ഇതിനു പുറമേ ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കുന്ന നീരേറ്റുപുറം ജലോത്സവവുമുണ്ട്. ആറന്മുള ഉത്തൃട്ടാതി ജലോത്സവമാണു ജില്ലയിൽ പ്രധാനം. ഇതിനു പുറമേ റാന്നി, പേരൂർച്ചാൽ, അയിരൂർ–പുതിയകാവ് എന്നിവിടങ്ങളിലാണ് നാടിനെ ആവേശഭരിതരാക്കുന്ന പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലോത്സവങ്ങൾ.
ആറന്മുള ഉത്തൃട്ടാതി ജലോത്സവം
∙ സെപ്റ്റംബർ 9ന് ആണ് ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലോത്സവം.
കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെ 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് ഇത്തവണ അണിനിരക്കുന്നത്. അമരത്ത് വർണച്ചാർത്തണിഞ്ഞ്, കൊടി പാറിച്ച്, മുത്തുക്കുടകൾ ചൂടി, വഞ്ചിപ്പാട്ടിന്റെ താളത്തിൽ തുഴയെറിഞ്ഞ് നീങ്ങുന്ന പള്ളിയോടങ്ങളുടെ എഴുന്നള്ളത്ത് കാണാൻ ഉത്തൃട്ടാതി ദിനത്തിനായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്.
വള്ളസദ്യയിൽ പങ്കെടുക്കാൻ ആറന്മുള ക്ഷേത്രത്തിലേക്ക് തുഴഞ്ഞു വരുന്ന പള്ളിയോടങ്ങൾ നാടിനു നിത്യകാഴ്ചയാണ്. ഉത്തൃട്ടാതി വള്ളംകളിക്കായി തുഴച്ചിൽക്കാരും വഞ്ചിപ്പാട്ടുകാരും തയാറായി. പള്ളിയോട
സേവാസംഘത്തിന്റെ വഞ്ചിപ്പാട്ട് മത്സരവും തുടങ്ങി.
റാന്നി അവിട്ടം വള്ളംകളി
∙ റാന്നി അവിട്ടം ജലോത്സവം സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 1.30ന് പമ്പാനദിയിൽ പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവിൽ നടക്കും. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുംപ്രയാർ വരെയുള്ള 17 പള്ളിയോടങ്ങൾ പങ്കെടുക്കും.
വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് നയമ്പുകൾ ചലിപ്പിച്ച് പമ്പയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് കുതിച്ചുപായുന്ന പള്ളിയോടങ്ങൾ ആരെയും ആകർഷിക്കും. എല്ലാ പള്ളിയോടങ്ങൾക്കും പുല്ലൂപ്രം ക്ഷേത്രം വിഭവ സമൃദ്ധമായ ഓണസദ്യ നൽകും.
അവിട്ടം ജലോത്സവ സമിതി ദക്ഷിണയും ഗ്രാന്റും നൽകി ആദരിക്കും.
പുതിയകാവ് ചതയം ജലോത്സവം
∙ അയിരൂർ പുതിയകാവ് ചതയം ജലോത്സവം സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2ന് പുതിയകാവ് ക്ഷേത്രക്കടവിൽ നടക്കും. 22 പള്ളിയോടങ്ങൾ പങ്കെടുക്കും.
അയിരൂർ പഞ്ചായത്താണ് ജലോത്സവത്തിന്റെ മുഖ്യസംഘാടകർ.
പേരുർച്ചാൽ ജലോത്സവം
∙ തിരുവോണ ദിവസമായ സെപ്റ്റംബർ 5ന് പമ്പാനദിയിലെ പേരൂർച്ചാൽ പാലത്തിനു സമീപം പേരൂർച്ചാൽ ജലോത്സവം നടക്കും. 16 പള്ളിയോടങ്ങൾ പങ്കെടുക്കും.
ജലഘോഷയാത്രയാണ് ഇവിടെയും പ്രധാനം. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും.
നീരേറ്റുപുറം വള്ളംകളി
∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള സെപ്റ്റംബർ 4ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും.
നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്ന ചുണ്ടനുൾപ്പെടെ മുപ്പതോളം വള്ളങ്ങൾ ഇവിടെ മാറ്റുരയ്ക്കും. ജലോത്സവത്തിനു അനുയോജ്യമായ ഏറ്റവും നല്ല നെട്ടായങ്ങളിൽ ഒന്നാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]