ഇന്ത്യയും അമേരിക്കയും തമ്മിലെ തീരുവയുദ്ധത്തിന് ഉടൻ ശമനമുണ്ടാകില്ലെന്ന് വ്യക്തമാക്കി ട്രംപിന്റെ ചർച്ചാസംഘം ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. ഈ മാസം 25ന് ഇന്ത്യയിലെത്തേണ്ട
സംഘമാണ് യാത്ര വേണ്ടെന്നുവച്ചത്. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാർ (ബിടിഎ) തുലാസിലായി.
ഇരുകൂട്ടരും തമ്മിലെ ആറാംഘട്ട ചർച്ചയാണ് ഉപേക്ഷിച്ചത്.
ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരും. അതിനുമുൻപ് ട്രംപിന്റെ ചർച്ചാസംഘം ഇന്ത്യയിലെത്തുമെന്നും സമവായത്തിനു സാധ്യതയുണ്ടെന്നും കേന്ദ്രം പ്രതീക്ഷിച്ചിരുന്നു.
ചർച്ച ഉപേക്ഷിച്ചതോടെ സമീപഭാവിയിൽ ഇന്ത്യയ്ക്ക് തീരുവയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞു.
ഓഗസ്റ്റ് 25ന് ഇന്ത്യയിലെത്തി 30 വരെ നീളുന്ന ചർച്ചയായിരുന്നു തീരുമാനിച്ചിരുന്നത്. കഴിഞ്ഞദിവസം അലാസ്കയിൽ നടന്ന ട്രംപ്-പുട്ടിൻ ചർച്ചയ്ക്കുശേഷം, ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ ഇനി അധികത്തീരുവ ഈടാക്കില്ലെന്നും നിലവിലെ തീരുവ പുനഃപരിശോധിക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
എന്നാൽ, തൽക്കാലം ഇന്ത്യയിലേക്കില്ലെന്ന് അസിസ്റ്റന്റ് ട്രേഡ് റപ്രസന്റേറ്റീവ് ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കിയതോടെ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വകയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
സെപ്റ്റംബർ-ഒക്ടോബറിനകം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സാധ്യമാക്കുന്നത് ലക്ഷ്യമിടുന്നതായിരുന്നു ചർച്ചകൾ. 6-ാം ഘട്ട
ചർച്ച ഉപേക്ഷിച്ചതോടെ വ്യാപാരക്കരാർ ഉടൻ യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങി. അതായത്, ഇന്ത്യയ്ക്കുമേൽ ട്രംപ് ചുമത്തിയ 50% തീരുവ തുടരും.
അതേസമയം, യാത്ര മാറ്റിവച്ചതാണെന്നും മറ്റൊരു തീയതിൽ യുഎസ് സംഘം ഇന്ത്യയിലേക്ക് എത്തുമെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലയിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകിട്ടണമെന്നും തീരുവ ഒഴിവാക്കണമെന്നുമുള്ള ട്രംപിന്റെ ആവശ്യത്തിൽ തട്ടിയാണ് ചർച്ച പ്രധാനമായും നീളുന്നത്. ജനിതകമാറ്റംവരുത്തിയ വിളകൾ ഇന്ത്യയിൽ വിൽക്കാൻ അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ സംഘം ഇതെല്ലാം നിരസിക്കുകയായിരുന്നു.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് കാർഷിക, ക്ഷീര വിപണികൾ തുറന്നുകൊടുക്കുന്നത് ഇന്ത്യയിലെ കർഷകർക്ക് കനത്ത തിരിച്ചടിയാകും. രാജ്യത്ത് കാർഷിക പ്രക്ഷോഭങ്ങൾക്കും അതിടയാക്കും.
മാത്രമല്ല, ജനിതകമാറ്റം വരുത്തിയ വിളകൾക്ക് ഇന്ത്യ വിലക്കും ഏർപ്പെടുത്തിയിരുന്നു. ആ നയത്തിൽ നിന്നുള്ള പിന്മാറ്റം മോദി സർക്കാരിന് വൻ ആഘാതവുമാകും.
കർഷകരുടെയും ചെറുകിട സംരംഭകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി മോദി ആവർത്തിച്ചിരുന്നു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുപ്രകാരം ഈ വർഷം ഏപ്രിൽ-ജൂലൈയിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 21.64% ഉയർന്ന് 33.53 ബില്യൻ ഡോളർ ആയിട്ടുണ്ട്.
ഇറക്കുമതി 12.33% ഉയർന്ന് 17.41 ഡോളറും. 2030ഓടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം 500 ബില്യൻ ഡോളറിലെത്തിക്കുമെന്നും അതിനായി ഉഭയകക്ഷി വ്യാപാരക്കരാർ ഒരുക്കുമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കുശേഷം ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
തുടർന്നാണ്, ട്രംപ് മലക്കംമറിഞ്ഞതും ലോക രാജ്യങ്ങൾക്കെല്ലാംമേൽ പകരംതീരുവ പ്രഖ്യാപനവുമായി രംഗത്തെത്തിയതും. ഇതോടെ, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകളും സമവായത്തിലെത്താതെ നീളുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]