
ചാലക്കുടി ∙ ഏതുനിമിഷവും എത്താവുന്ന ഇഴജന്തുക്കളെ പേടിച്ചാണ് അഗ്നിരക്ഷാനിലയത്തിൽ ഉദ്യോഗസ്ഥർ കഴിയുന്നത്. പരിമിതികളിൽ വീർപ്പുമുട്ടുമ്പോഴും സേവനത്തിൽ ഒരു കുറവും കാണിക്കാത്തവരാണ് ഇവിടത്തെ ഉദ്യോഗസ്ഥരെല്ലാം.
തീപിടിത്തവും അപകടങ്ങളും അടക്കമുള്ള ദുരന്തമുഖങ്ങളിലും പ്രളയത്തിലും കോവിഡിലും ഇവർ ചെയ്ത സേവനങ്ങളും നാട്ടുകാർ വാഴ്ത്തുമ്പോഴാണ് ഇവർക്കിവിടെ ഈ ദുരിതം. കഴിഞ്ഞ വർഷങ്ങളിലെല്ലാം സംസ്ഥാന ബജറ്റിൽ ചാലക്കുടിയിൽ അഗ്നിരക്ഷാനിലയം കെട്ടിടത്തിന് 5 കോടി രൂപ വകയിരുത്തിയെന്ന പ്രഖ്യാപനം ആവർത്തിക്കുന്നുണ്ടെങ്കിലും കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
കാടുംപുഴയും ദേശീയപാത അടക്കമുള്ളവയുടെ സാന്നിധ്യം ഈ അഗ്നിരക്ഷാനിലയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ജില്ലയിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഷനുകളിലൊന്നാണിത്. 4 പതിറ്റാണ്ടു മുൻപാണ് ഇവിടെ അഗ്നിരക്ഷാസേന പ്രവർത്തനം തുടങ്ങിയത്.
അതിനു മുൻപു ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. 30 പേരുള്ള നിലയത്തിൽ തീരെച്ചെറിയ വിശ്രമമുറി മാത്രമാണുള്ളത്.
മഴ പെയ്താൽ അതും ചോരുന്ന സ്ഥിതിയാണ്. കെട്ടിടം ചോരുന്നതിനാൽ രാത്രി വാഹനങ്ങൾക്കുള്ളിൽ കഴിയുന്ന ജീവനക്കാരുണ്ടിവിടെ.
നിലയത്തിനു പുതിയ കെട്ടിടം നിർമിക്കാൻ റെയിൽവേ സ്റ്റേഷൻ റോഡിൽ പിഡബ്ല്യുഡി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിന്റെ വളപ്പിൽ 22 സെന്റ് സ്ഥലം നിർദേശിച്ചെങ്കിലും അനുമതി ലഭിച്ചില്ല.സ്ഥലം ലഭ്യമാക്കാതെ കെട്ടിടനിർമാണം ആരംഭിക്കുന്നത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിലും ആദിവാസി മേഖലകളിലും തോട്ടം മേഖലയിലും രക്ഷാപ്രവർത്തനത്തിന് എത്തേണ്ടത് ഇവിടെ നിന്നുള്ള ഉദ്യോഗസ്ഥരാണ്.
ചാലക്കുടി നഗരസഭ, അതിരപ്പിള്ളി, കോടശേരി, പരിയാരം, കൊരട്ടി, മേലൂർ, കാടുകുറ്റി പഞ്ചായത്തുകൾ എന്നിവയാണു പ്രധാന പ്രവർത്തനമേഖലയെങ്കിലും കൊടകര, ആളൂർ, മറ്റത്തൂർ പഞ്ചായത്തു പ്രദേശങ്ങളിലും രക്ഷാദൗത്യം ഏറ്റെടുക്കേണ്ടി വരാറുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]