
ചവറ∙ മത്സ്യബന്ധന ബോട്ട് ഇടിച്ചു തകർത്ത ശേഷം വിദേശ ചരക്കുകപ്പൽ നിർത്താതെ പോയി. 2 തൊഴിലാളികൾക്കു പരുക്കേറ്റു.
നീണ്ടകര തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ 14നു വൈകിട്ട് 6.15 നായിരുന്നു സംഭവം. കടലിൽ തെറിച്ചു വീണ 6 പേരെ മറ്റു തൊഴിലാളികളും സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലുള്ളവരും ചേർന്നു രക്ഷപ്പെടുത്തി.
കേടുപാടു പറ്റിയ ബോട്ടും 11 തൊഴിലാളികളും സുരക്ഷിതമായി കരയ്ക്കെത്തി. 9 ബംഗാൾ സ്വദേശികളും 3 തമിഴ്നാട് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.
ബംഗാൾ സ്വദേശികളായ റോത്തൻ ദാസ് (33), ഭവരഞ്ചൻ ദാസ് (33) എന്നിവർക്കാണു പരുക്കേറ്റത്.
ഇവർ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 13നു രാത്രിയാണു ശക്തികുളങ്ങര തറയിൽ ഹൗസിൽ നിമ്മിയുടെ ഉടമസ്ഥതയിലുള്ള നിസ്നിയ എന്ന ബോട്ട് അപകടത്തിൽപെട്ടത്. മീൻപിടിക്കുന്നതിനിടെ കൊച്ചി ഭാഗത്തു നിന്നു വിഴിഞ്ഞം ഭാഗത്തേക്കു പോകുകയായിരുന്ന കപ്പലാണു ബോട്ടിന്റെ പിന്നിൽ ഇടിച്ചത്.
നിയന്ത്രണം വിട്ടു മുന്നോട്ടു നീങ്ങിയ ബോട്ടിന്റെ ദിശമാറ്റാനായതോടെയാണു വൻ ദുരന്തം ഒഴിവായത്.
കുറച്ചു തൊഴിലാളികൾ ബോട്ടിലെ സ്റ്റോറേജിലും മറ്റുള്ളവർ മുകളിലുമായിരുന്നു. ഇടിയെത്തുടർന്നു കടലിൽ തെറിച്ചു വീണ ജാക്സൺ ബ്രിട്ടോ, ബെൽറാം ദാസ്, സുമൻദാസ്, ജോനോ ദാസ് എന്നിവരെയും പരുക്കേറ്റവരെയും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണു രക്ഷിച്ചത്.
ബോട്ടിന്റെ പിൻഭാഗത്തെ ഡെക്കിൽ നിന്ന് ഉയരത്തിലുള്ള ഇരുമ്പ് തൂണിലാണു കപ്പൽ ഇടിച്ചത്. ഇതും ആ ഭാഗവും തകർന്നിട്ടുണ്ട്.
14നു രാത്രി 11 നാണ് ബോട്ടും തൊഴിലാളികളും ശക്തികുളങ്ങരയിലെത്തിയത്.
നീണ്ടകര തീരദേശ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നു ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. അവിടെ നിന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ശക്തികുളങ്ങരയിലെത്തി ബോട്ട് പരിശോധിച്ചു.
ഫൊറൻസിക് പരിശോധനയും നടത്തി. തൊഴിലാളികളിൽ നിന്നു മൊഴിയും രേഖപ്പെടുത്തി.
ഇടിച്ചിട്ടു നിർത്താതെ പോയ കപ്പലിന്റെ വിഡിയോ ദൃശ്യം മത്സ്യത്തൊഴിലാളികൾ പൊലീസിനു കൈമാറിയിട്ടുണ്ട്. കപ്പൽ തിരിച്ചറിഞ്ഞതായാണു വിവരം.
റോപ്പും വലയും ഉൾപ്പെടെ നഷ്ടമായതായി ഉടമ പറഞ്ഞു.
‘അപകടകാരണം കപ്പലിലുള്ളവരുടെ അശ്രദ്ധ’
കേരളത്തിന്റെ തീരത്തു ധാരാളം ബോട്ടുകൾ കടലിൽ മത്സ്യബന്ധനം നടത്തുന്നതിനാൽ എല്ലാവിധ സംവിധാനങ്ങളും ഉള്ള കപ്പലുകൾ ബോട്ടുകളെ കാണുന്നില്ലെന്നു പറയുന്നതു ശരിയല്ലെന്നു പരാതി. കപ്പലിലുള്ളവരുടെ അശ്രദ്ധ കൊണ്ടു മാത്രമാണ് ഇത്തരം അപകടം ഉണ്ടാകുന്നതെന്നും ആക്ഷേപമുയരുന്നു.
ഇടിച്ച കപ്പൽ നിർത്താതെ പോയതു പ്രതിഷേധാർഹമാണ്.
രക്ഷാപ്രവർത്തനം നടത്തേണ്ട അവർ ആളുകൾക്ക് അപായം സംഭവിച്ചോ എന്നു നോക്കാതെ പോകുകയായിരുന്നു.
അടിയന്തരമായി കപ്പൽ കണ്ടെത്തി ബോട്ടുടമയ്ക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണമെന്നു ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് ആവശ്യപ്പെട്ടു.
ഞങ്ങളെ ദൈവം കാത്തു. ഭീമാകാരമായ കപ്പൽ ബോട്ടിനു മുകളിലെ തൂണിലും പിന്നിലും വന്ന് ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ടെങ്കിലും പെട്ടെന്ന് തന്നെ ബോട്ടിന്റെ നിയന്ത്രണം വീണ്ടെടുത്തു കപ്പലിനു മുന്നിൽ നിന്നു ദിശമാറ്റാനായതാണ് ജീവൻ രക്ഷിച്ചത്.
ഇതിനിടെ ചിലർ കടലിൽ തെറിച്ചു വീണു. അവരെ പിന്നീടു രക്ഷിച്ചു.
അപകടത്തിനു പിന്നാലെ കപ്പലിനു മുകളിൽനിന്നു തൊപ്പി ധരിച്ച ഒരാൾ വന്നു നോക്കുന്നുണ്ടായിരുന്നു. എന്നാൽ കപ്പൽ നിർത്താതെ വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു.
റഡാർ സംവിധാനം ഉൾപ്പെടെ ഉള്ള കപ്പൽ പകൽ സമയത്തു ബോട്ടിൽ വന്നിടിക്കുമെന്ന് ഒരു മുന്നറിയിപ്പ് പോലും ഉണ്ടായില്ല. മരണത്തെ മുഖാമുഖം കണ്ട
നിമിഷത്തിൽ എല്ലാവരും നിലവിളിച്ചു. പിൻഭാഗം തകർന്ന ബോട്ടിലേക്കു വെള്ളം കയറാതിരുന്നതും തുണയായി.
മറ്റൊരു ബോട്ടിന്റെ അകമ്പടിയോടെയാണു ശക്തികുളങ്ങര തീരത്ത് എത്തിയത്. അപകടത്തിന്റെ ആഘാതം ഇതുവരെ ഞങ്ങളെ വിട്ടുപോയിട്ടില്ല.
സഹായ വിൽസൺ, ബോട്ട് സ്രാങ്ക്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]