
മെല്‍ബൺ: ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്(89) അന്തരിച്ചു.1957നും 1978നുമിടയിൽ ഓസ്ട്രേലിയാക്കായി കളിച്ച സിംപ്സണ് ഓസ്ട്രേലിയൻ ടീമിന്റെ മുൻ നായകനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്. ഓസ്ട്രേലിയക്കായി ഓപ്പണറായി 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ച സിംപ്സണ് ടെസ്റ്റിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉള്‍പ്പെടെ 46.81 ശരാശരിയില്‍ 4869 റൺസും 71 വിക്കറ്റുകളും നേടി.
311 റൺസ് ആണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ. 39 ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിക്കുകയും ചെയ്തു.
കെറി പാക്കർ സീരീസിന്റെ സമയത്ത് വിരമിക്കൽ തീരുമാനം പിൻവലിച്ച് 41-ാം വയസിൽ ഓസീസ് നായകനായി തിരിച്ചെത്തിയ സിംപ്സണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിൽ ഒരാളും ഓഫ് സ്പിന്നറുമായിരുന്നു. ടെസ്റ്റില്‍ 110 ക്യാച്ചുകളാണ് സിംപ്സണ് കൈയിലൊതുക്കിയത്.
ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സുവർണകാലത്തേക്ക് നയിച്ച പരിശീലകനെന്ന നിലയിലും സിംപ്സണ് ഓര്‍മിക്കപ്പെടും. 1986 മുതല്‍ 1996വരെയാണ് സിംപ്സണ് ഓസ്ട്രേലിയന്‍ പരിശീലകനായിരുന്നത്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പ്രതാപകാലത്തിലേക്ക് മടങ്ങിയത് സിംപ്സണ് പരിശീലകനായിരുന്ന കാലത്താണ്. പരിശീലകനായി ചുമതലയേറ്റ തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ അലൻ ബോര്‍ഡറുടെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയയെ സിംപ്സണ് ചാമ്പ്യൻമാരാക്കി.
ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്. 1989ൽ ഇംഗ്ലണ്ടിലെ ആഷസ് പരമ്പര ജയവും 1995ൽ വെസ്റ്റ് ഇൻഡീസിലെ ടെസ്റ്റ് പരമ്പര ജയവും സിംപ്സന്റെ പ്രധാന നേട്ടങ്ങളാണ്.
സ്റ്റീവ് വോ, ഡേവിഡ് ബൂൺ, ഡീൻ ജോൺസ്, ക്രെയ്ഗ് മക്ഡർമോർട്ട് അടക്കമുള്ള താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച സിംപ്സണെ താൻ കണ്ട ഏറ്റവും മികച്ച കോച്ച് എന്നാണ് ഓസീസ് സ്പിന്‍ ഇതിഹാസമായിരുന്ന ഷെയ്ൻ വോൺ വിശേഷിപ്പിച്ചത്.
പതിനാറാം വയസില്‍ ന്യൂസൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സിംപ്സണ് 60 സെഞ്ചുറികള്‍ ഉള്‍പ്പെടെ 56.22 ശരാശരിയില്‍ 21029 റണ്‍സും നേടിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]