
തിരുവനന്തപുരം ∙ കേരളത്തിൽ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ലാത്ത അപൂർവയിനം മാവിനത്തെ നാശത്തിലേക്ക് തള്ളിവിട്ട് തുടർച്ചയായ കൊമ്പു കോതൽ. സെക്രട്ടേറിയറ്റിനു സമീപത്തെ ഏജീസ് ഓഫിസ് വളപ്പിലെ 100 വർഷത്തിലേറെ പഴക്കമുള്ള മാവിനെയാണ് അടിക്കടി കൊമ്പു മുറിച്ച് നശിപ്പിക്കുന്നത്.
റോഡിലെ തടസ്സം നീക്കാനെന്ന പേരിലാണ് കൊമ്പു മുറിക്കൽ. എന്നാൽ, ഇൗ അപൂർവയിനം മാവിന്റെ തൈ നിർമിക്കുന്നതിനുള്ള ഗ്രാഫ്റ്റിങ്ങിനായി നഴ്സറികൾ കൊമ്പു ശേഖരിക്കുന്നെന്നാണ് ജീവനക്കാരുടെ ആരോപണം.
കഴിഞ്ഞ ദിവസം കൊമ്പു മുറിക്കാനെത്തിയവരെ ഏതാനും ജീവനക്കാർ ചേർന്നു തടഞ്ഞു. തുടർന്ന് താക്കീതു ചെയ്തു വിട്ടയയ്ക്കുകയായിരുന്നു.
വർഷത്തിൽ 2 തവണ കായ്ക്കുന്ന ഇൗ മാവിലെ മാങ്ങയൊന്നിന് ഒന്നര കിലോ മുതൽ രണ്ടര കിലോ വരെയാണ് തൂക്കം.
ഇൗ മാവിനത്തെ കേരളത്തിലെങ്ങും കണ്ടെത്താനായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് കേരള സർവകലാശാലയിലെ ജൈവ വൈവിധ്യ കേന്ദ്രമാണ്. ഏജീസ് ഓഫിസിലെ മാവ് ആയതിനാൽ എജി എന്ന ഇംഗ്ലിഷ് അക്ഷരങ്ങൾക്കൊപ്പം മാങ്ങയുടെ ഹിന്ദി നാമമായ ആം കൂടി ചേർത്ത് അഗാം എന്നാണ് ഇൗ പ്രത്യേക ഇനം മാവിന് പേരിട്ടിരിക്കുന്നത്.
മുൻപ് മാവിലെ നൂറോളം കമ്പുകൾ ശേഖരിച്ച് ഗ്രാഫ്റ്റ് ചെയ്തപ്പോൾ വേരു പിടിച്ചത് 15 തൈകൾ മാത്രമാണ്. അതിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെ സമരഗേറ്റിനു സമീപം 2 വർഷം മുൻപ് നട്ടിരുന്നു. ക്ലിഫ് ഹൗസിലും മന്ത്രി മന്ദിരങ്ങളിലുമായി മറ്റു തൈകൾ നട്ടു.
ഒരു മാങ്ങയ്ക്ക് 100 രൂപ വരെ വിലയിട്ടാണ് കരാറുകാർക്ക് വിൽക്കുക. സ്വകാര്യ നഴ്സറികൾ കൊമ്പു ശേഖരിച്ച് തൈയാക്കി 500 രൂപ വിലയിട്ടാണ് വിൽക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]