
ആലപ്പുഴ∙ തനിക്ക് ഇഷ്ടമുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ അമ്മ സമ്മതിക്കാതിരുന്നതിൽ വൈരാഗ്യമുണ്ടായിരുന്നെന്നും അമ്മയെ കുത്തുന്നതിനിടെ തടഞ്ഞപ്പോഴാണ് അച്ഛനു കുത്തേറ്റതെന്നും കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ബാബുവിന്റെ മൊഴി. മദ്യലഹരിയിൽ മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഇയാൾ സമ്മതിച്ചു.
മന്നത്ത് പനവേലി പുരയിടത്തിൽ വീട്ടിൽ തങ്കരാജ്(70), ഭാര്യ ആഗ്നസ്(65) എന്നിവരാണു കൊല്ലപ്പെട്ടത്. മകൻ ബാബുവിനെ (46) ഇന്നലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
കൊല നടത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.
തന്റെ വിവാഹത്തിന് അമ്മയാണു തടസ്സമെന്നു തോന്നി. വൈരാഗ്യവും നിരാശയും ഉണ്ടായിരുന്നു.
പിന്നീട് മദ്യപാനം കൂടി. മദ്യപിക്കാൻ മാതാപിതാക്കളോടും സഹോദരിയോടും പണം ചോദിക്കാറുണ്ടെന്നും ബാബു പറഞ്ഞു.
വ്യാഴാഴ്ച രാത്രി 9.30നാണു മദ്യപിച്ചു വീട്ടിലെത്തിയത്. അമ്മയോട് 100 രൂപ ചോദിച്ചെങ്കിലും തന്നില്ല.
ഉടനെ കറിക്കത്തിയെടുത്തു കുത്തുകയായിരുന്നു. തടയാൻ വന്ന അച്ഛന്റെ കഴുത്തിനാണു കുത്തേറ്റത്.
തൽക്ഷണം മരിച്ചു.
അച്ഛനെ കൊലപ്പെടുത്തണമെന്നു കരുതിയില്ലെന്നും അച്ഛന്റെ ജഡം മടിയിൽ വച്ച് കുറെ നേരം കരഞ്ഞെന്നും ഇയാൾ പറഞ്ഞു. അതിനു ശേഷം സഹോദരിയെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു.
അയൽക്കാരോടു അച്ഛൻ മരിച്ചെന്നും അമ്മയ്ക്കു ജീവനുണ്ടെന്നും ആശുപത്രിയിൽ എത്തിച്ചാൽ രക്ഷിക്കാമെന്നും പറഞ്ഞു. എന്നിട്ടാണു സൈക്കിളെടുത്തു ബാറിലേക്കു പോയതെന്നും ബാബു പൊലീസിനോടു പറഞ്ഞു.
അവിടെ നിന്നാണ് ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഇന്നലെ രാവിലെ വീട് സന്ദർശിച്ചു.
ഉച്ചയോടെയായിരുന്നു തെളിവെടുപ്പ്. തടിച്ചുകൂടിയ നാട്ടുകാർക്കിടയിലൂടെ ഒരു കൂസലുമില്ലാതെയാണു ബാബു വീട്ടിലേക്കു വന്നത്.
പരിചയക്കാരെ നോക്കി ചിരിക്കുകയും കൈ വീശുകയും ചെയ്തു.
ദമ്പതികൾക്ക് വിടനൽകാൻ വൻജനാവലി
ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ തങ്കരാജിന്റെയും ആഗ്നസിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെ മകൾ മഞ്ജുവിന്റെ കാളാത്ത് കാക്കുഴി വീട്ടിൽ കൊണ്ടുവന്നു. മൃതദേഹങ്ങൾ വീട്ടിലും ചാത്തനാട് ഇടവക ദേവാലയത്തിലും എത്തിച്ച് പ്രാർഥനാ ശുശ്രൂഷകൾക്കു ശേഷം മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ അടുത്തടുത്തായി സംസ്കരിച്ചു.
വീട്ടിലും പള്ളിയിലും വൻ ജനക്കൂട്ടം ദമ്പതികൾക്കു വിട നൽകാനെത്തി.
ബാബുവിന്റെ നിരന്തരമായ അക്രമം ഭയന്നു തങ്കരാജും ആഗ്നസും മിക്ക ദിവസവും മകൾ മഞ്ജുവിന്റെ വീട്ടിലാണു കഴിഞ്ഞിരുന്നത്. വീടും പരിസരവും വൃത്തിയാക്കാനാണു കഴിഞ്ഞ ദിവസം ഇവിടെ വന്നത്.
ഇവരുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന നേരത്തു മകൻ ബാബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]