
ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവയുടെ ഭീഷണികൾക്ക് കൂടി മറുപടി നൽകുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗം. വ്യാപാര ചർച്ചകളടക്കം പ്രതിസന്ധിയിലായെങ്കിലും ഇന്ത്യ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച സന്ദേശമാണ് മോദി ഇന്ന് ട്രംപിന് നൽകിയത്.
കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ‘ഞാൻ ഒരു സംരക്ഷണ മതിലായി നിൽക്കു’മെന്നടക്കം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞുവച്ചത് ട്രംപിനുള്ള മറുപടിയായിരുന്നു. ഇന്ത്യയുടെ നയത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി മോദി, 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ നീക്കത്തെ തള്ളുകയും ചെയ്തു.
പാകിസ്ഥാനും അമേരിക്കയും തമ്മിൽ അടുക്കുന്നതിനിടെ യു എസ് സന്ദർശനത്തിനിടെ പാക് സേന മേധാവി ഉയർത്തിയ ഭീഷണിക്കും മോദി കടുത്ത ഭാഷയിൽ മറുപടി നൽകി. ഇത്തരക്കാർക്കെല്ലാം ഓപ്പറേഷൻ സിന്ദൂർ ആയിരിക്കും ഇനി സർക്കാർ നയം എന്ന മുന്നറിയിപ്പ് നൽകിയ മോദി സിന്ധു നദീജല കരാർ സ്വീകാര്യമല്ലെന്നും തീർത്തു പറഞ്ഞു.
പാകിസ്ഥാനുമായി കൂടുതൽ അടുപ്പത്തിലായി, ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്റെ നീക്കമടക്കം നേരിടാൻ തന്നെയാണ് തീരുമാനമെന്ന് മോദിയുടെ വാക്കുകൾ തെളിയിക്കുന്നു. ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനുള്ള ചർച്ചകൾ ഈ മാസം നടക്കാനുള്ള സാധ്യതയില്ലെന്ന സൂചന കൂടിയാണ് ചെങ്കോട്ടയിൽ മോദി സ്വീകരിച്ച കടുത്ത നിലപാട് സൂചിപ്പിക്കുന്നത്.
റഷ്യയും യു എസും തമ്മിൽ അലാസ്കയിൽ നടക്കുന്ന ചർച്ചയുടെ ഫലം എന്തെന്നറിയാനും ഇന്ത്യ കാത്തിരിക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പിഴ പ്രഖ്യാപിച്ചത് വ്ലാദിമിർ പുടിനെ സമ്മർദ്ദത്തിലാക്കിയെന്ന് ട്രംപ് ഇന്നവകാശപ്പെട്ടു.
എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതും പുടിൻ ചർച്ചയ്ക്ക് തയ്യാറാകാൻ കാരണമായെന്നും ട്രംപ് അവകാശപ്പെട്ടു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരായ നീക്കം പുടിൻ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യം ട്രംപ് വിവരിച്ചത്.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് ആദരം അര്പ്പിച്ചുകൊണ്ടാണ് മോദി ഇന്ന് ചെങ്കോട്ടയിൽ സംസാരിച്ചത്. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി.
അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു.
സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു.
അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല.
സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല.
ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]