
ഇരിട്ടി ∙ പ്ലസ്ടു സയൻസ് ഗ്രൂപ്പിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച വിദ്യാർഥി മുത്തച്ഛന്റെ ഉപദേശത്തിനു വഴങ്ങി പൊളിറ്റിക്കൽ സയൻസ് എടുത്തു പഠനം തുടർന്നപ്പോൾ കൂടെപ്പോന്നത് 2 കോടിയുടെ വിദേശ സ്കോളർഷിപ്. പുന്നാട് സ്വദേശി നന്ദനത്തിൽ മഞ്ജിമയ്ക്കാണ് യുകെയിലെ വാർവിക് യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻ വിഭാഗത്തിൽ 4 വർഷത്തെ ഗവേഷണത്തിനു 2 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചത്.പ്ലസ്ടു കഴിഞ്ഞാൽ എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിൻ.
അതായിരുന്നു മഞ്ജിമയുടെ ചിന്ത.
ചൊക്ലി രാമവിലാസം സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്നു മുത്തച്ഛൻ എം.എം.ദിവാകരൻ നമ്പ്യാർ. ഉപരിപഠന ചർച്ച വീട്ടിൽ സജീവമായപ്പോഴാണ് ദിവാകരൻ പൊളിറ്റിക്കൽ സയൻസ് എന്ന ആശയം മുന്നോട്ടുവച്ചത്.
മുത്തച്ഛന്റെ നിർദേശത്തിന് മഞ്ജിമയും വീട്ടുകാരും ഫുൾ മാർക്ക് കൊടുത്തതോടെ പഠനം എവിടെ വേണമെന്നായി അടുത്ത ചിന്ത.
നല്ല മാർക്ക് ഉണ്ടായിരുന്നതിനാൽ എവിടെയും പൊളിറ്റിക്കൽ സയൻസിന് സീറ്റ് ലഭിക്കുമായിരുന്നു. അങ്ങനെ, ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി ചെയ്തു.
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഡൽഹിയിലെ ശിവ നാടാർ യൂണിവേഴ്സിറ്റിയിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണു ഗവേഷണത്തിനുള്ള അവസരം ലഭിച്ചത്.
സ്വിറ്റ്സർലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ് ഓഫറും ലഭിച്ചിരുന്നു.
ഇരിട്ടി സിഎംഐ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസ പഠനം. എടൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു.
പ്രസംഗത്തിലും അഭിനയത്തിലും സ്കിറ്റ് അവതരണത്തിലും സംസ്ഥാന തലത്തിൽ ഒട്ടേറെ സമ്മാനങ്ങളും നേടിയിട്ടുണ്ട് മഞ്ജിമ. ഇരിട്ടി കാർഷിക ഗ്രാമവികസന ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണന്റെയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി.അഞ്ജനയുടെയും മകളാണ്. മാളവികയാണ് സഹോദരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]