
മുണ്ടക്കയം ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ നിന്നു കിലോമീറ്ററുകൾ താണ്ടി കന്നുകാലികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. രാത്രി മുണ്ടക്കയം – കോരുത്തോട് റോഡ്, മുണ്ടക്കയം – എരുമേലി റോഡ്, ദേശീയപാതയിൽ 35–ാം മൈൽ എന്നിവിടങ്ങളിൽ ഗതാഗത തടസ്സവും ഇവ സൃഷ്ടിക്കുന്നുണ്ട്.
കൃഷി നശിപ്പിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. കഴിഞ്ഞ ദിവസം പൂഞ്ഞാർ – എരുമേലി സംസ്ഥാനപാതയിൽ കരിനിലം കവലയിൽ കന്നുകാലികൾ രാത്രി കൂട്ടമായി കിടന്നത് ഏറെ നേരം ഗതാഗത തടസ്സത്തിനു കാരണമായി.
വണ്ടൻപതാൽ ഭാഗത്തും ദേശീയപാതയിൽ നിന്നു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു തിരിയുന്ന ഭാഗത്തും കന്നുകാലി ശല്യം രൂക്ഷമാണ്.
എസ്റ്റേറ്റിലെ തൊഴിലാളികൾ വളർത്തുന്നതും എസ്റ്റേറ്റിന് വെളിയിൽ വണ്ടൻപതാൽ, പനയ്ക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഉടമസ്ഥതയിലുള്ളതുമായ കന്നുകാലികളാണ് കൂട്ടമായി ചുറ്റിനടക്കുന്നത്. എസ്റ്റേറ്റിൽ അഴിച്ചുവിട്ട് തൊഴുത്തുകൾ ഇല്ലാതെ വളർത്തുന്ന ഇവയെ കിടാങ്ങൾ ഉണ്ടാകുന്ന സമയത്ത് ഉടമകൾ കണ്ടെത്തി കൂട്ടിക്കൊണ്ട് പോവുകയാണ് പതിവ്.
അല്ലാത്ത സമയങ്ങളിൽ എല്ലാം ഇവ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.
എസ്റ്റേറ്റ് മേഖലയിൽ നിന്ന് 5 കിലോമീറ്റർ അകലെ വരെ കന്നുകാലികൾ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കരിനിലം മേഖലയിൽ വീടുകളിലെ ചെടികൾ, പച്ചക്കറികൾ, കൃഷികൾ എന്നിവ നശിപ്പിച്ച സംഭവവും ഉണ്ടായി. കന്നുകാലികളെ കണ്ടെത്തി ഉടമകൾ തിരികെ കൊണ്ടുപോകാൻ നടപടി വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]