
കണ്ണൂർ ∙ ഭരണഘടന മൂല്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. കണ്ണൂർ കലക്ടറേറ്റ് മൈതാനിയില്‍ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം പരിപാലിക്കപ്പെടണം. അതിനായി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ആവശ്യമാണെങ്കില്‍ പോലും നാമെല്ലാവരും അണിനിരക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
സമാധാനത്തിന്റെ മാര്‍ഗത്തില്‍ ഭരണഘടന മൂല്യങ്ങളും ആ മൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും വിശ്വാസികള്‍ക്ക്, മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്, ഒരു ജാതിയില്‍പ്പെട്ടവര്‍ക്ക് കണ്ണുനീര് ഒഴുക്കേണ്ട
സാഹചര്യം ഉണ്ടാകരുത്. ഇന്ത്യയില്‍ എല്ലാവര്ക്കും ഒരുപോലെ ജീവിക്കാന്‍ കഴിയണം.
ഒരുപോലെ പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയുന്ന സമത്വ സുന്ദരമായ ജനാധിപത്യ അവകാശങ്ങളും മതേതരത്വ അവകാശങ്ങളും സൂക്ഷിച്ചു കൊണ്ടാണ് നമ്മുടെ രാജ്യം ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞു നില്‍ക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണവും ലോകം ശ്രദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക സ്ഥാപനങ്ങള്‍ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
ഇത്തരം സ്ഥാപനങ്ങളെ ദുര്‍ബലമാക്കാനും കീഴ്പ്പെടുത്തുവാനുമുള്ള ഏത് ശ്രമങ്ങളും രാജ്യത്തിന് ഗുണകരമായിരിക്കില്ല. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള മഹാ ധീര ദേശാഭിമാനികള്‍ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്തിയെ പറ്റൂ.
സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ നമ്മുടെ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് സമര്‍പ്പിച്ചവരെ നാം വിസ്മരിക്കരുത്. സ്വാതന്ത്ര്യത്തിനുവേണ്ടി സമരപഥങ്ങളില്‍ ജീവന് ബലിയര്‍പ്പിച്ച രക്തസാക്ഷികളുടെ പാവനമായ ഓര്‍മ്മകള്‍ക്ക് മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]