
മട്ടന്നൂർ ∙ ആതുരശുശ്രൂഷാ രംഗത്ത് നൂതന കാൽവയ്പുമായി മട്ടന്നൂരിൽ സർക്കാർ സ്പെഷ്യൽറ്റി ആശുപത്രി വരുന്നു. ആശുപത്രി കെട്ടിട
നിർമാണത്തിന്റെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കെ.കെ.ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം അറിയിച്ചു. മുൻപ് കരാറെടുത്തവരുടെ അനാസ്ഥയാണ് പ്രവൃത്തി ഇത്രയേറെ വൈകാൻ ഇടയാക്കിയത്.
തുടർന്ന് നിയമപ്രശ്നങ്ങളും നീക്കി അടുത്തിടെയാണ് ആശുപത്രിയുടെ പ്രവൃത്തി പുനരാരംഭിച്ചത്.
ഒപി ബ്ലോക്കും ചികിത്സയ്ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങളും ഉൾപ്പെടുന്നവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുകയെന്ന് എംഎൽഎ പറഞ്ഞു. യോഗത്തിൽ നഗരസഭ ചെയർമാൻ എൻ.ഷാജിത് പറഞ്ഞു.
നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും
ആശുപത്രിയുടെ ബാക്കി വരുന്ന നിർമാണ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കി അടുത്തവർഷം ആശുപത്രി പൂർണതോതിൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ.
കണ്ണൂരിൽ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രി കൂടി ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
അങ്ങനെയാണ്, അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ ഇടപെടൽ വഴി സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന സൗകര്യങ്ങളോടെ സ്പെഷ്യൽറ്റി ആശുപത്രി മട്ടന്നൂരിലെത്തിയത്. എന്നാൽ, കോവിഡും അന്നു കരാറെടുത്ത കമ്പനിയുടെ അനാസ്ഥയും വില്ലനായി.
ഇനി കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് നിർമാണം പൂർത്തിയാക്കി മികച്ച ആതുരാലയം നാടിനു സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇപ്പോൾ 50 കോടിയോളം രൂപയുടെ നിർമാണ പ്രവൃത്തികളാണു നടക്കുന്നത്.
മികച്ച സേവനം ലക്ഷ്യം
എല്ലാ വിഭാഗങ്ങളിലുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആദ്യഘട്ടത്തിൽ നൂറ് കിടക്കകളുമുള്ള നാലു നിലക്കെട്ടിടവുമാണു നിർമിക്കുക.
വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ,ലബോറട്ടറി, ഒപി ബ്ലോക്ക്, മോർച്ചറി, എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് തുടങ്ങിയവയുമുണ്ടാകും.
ചെരിഞ്ഞ പ്രദേശമായതിനാൽ ബേസ്മെന്റ് ഉൾപ്പെടെയുള്ള ആദ്യ ഭാഗത്തിന്റെ പ്രവൃത്തി വളരെ ശ്രമകരമായിരുന്നു. ഏറെ പില്ലറുകളും മറ്റും നിർമിച്ചാണു പ്രവൃത്തികൾ നടത്തിയത്.
രണ്ടു നിലകളുടെ നിർമാണം പൂർത്തിയായി മൂന്നാം നിലയുടെ നിർമാണം പുരോഗമിക്കുകയാണ്. മട്ടന്നൂർ-ഇരിട്ടി റോഡിൽ റവന്യു ടവറിന് പിറകിലായി ജലസേചന വകുപ്പിൽ നിന്നു വിട്ടുകിട്ടിയ സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]