
ആനിക്കാട് ∙ പഞ്ചായത്തിലെ ഹനുമാൻകുന്ന്–വെള്ളരിങ്ങാട്ട് റോഡ് പുനരുദ്ധാരണം നടത്തുന്നതും കാത്ത് നാട്ടുകാർ. റോഡിൽകൂടിയുള്ള വാഹനയാത്ര ക്ലേശകരം.വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.
ഭൂരിഭാഗങ്ങളിലും ടാറിങ്ങിളകി കുഴികൾ രൂപപ്പെട്ടു. മഴ ശക്തിപ്രാപിച്ചതോടെ റോഡിന്റെ തകർച്ചയ്ക്കു കൂടുതൽ ആക്കംകൂട്ടി.
മെറ്റിലുകൾ റോഡിന്റെ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ ഇരുചക്രവാഹനക്കാരെയും ദുരിതത്തിലാക്കുന്നു. പൂർണമായും ടാറിങ് നടത്തിയിട്ടു വർഷങ്ങളേറെയായി.
റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതാണു ശോച്യാവസ്ഥയ്ക്കു പ്രധാന കാരണം.
വെള്ളം റോഡിൽകൂടിയാണു പരന്നൊഴുകുന്നത്. റോഡിന്റെ വശങ്ങളിൽ ഓട നിർമിക്കാൻ അധികാരികൾ നടപടിയെടുക്കാറുമില്ല.
ഇതാണു റോഡു തകർച്ചയ്ക്കു കാരണമെന്നു നാട്ടുകാർ പറയുന്നു. നാശോന്മുഖമായി കിടക്കുന്നതിനാൽ റോഡിന്റെ ഇരുവശങ്ങളിലുള്ള വീട്ടുകാർക്കും സമീപത്തുമുള്ളവർക്കു ദുരിതമാണ്.
ആനിക്കാട് ആരോഹണം മാർത്തോമ്മാ പള്ളിയിലേക്കുള്ള ഏക സഞ്ചാരമാർഗമാണിത്.മല്ലപ്പള്ളി-ചേലക്കൊമ്പ്, നീലംപാറ-പുല്ലുകുത്തി തുടങ്ങിയ റോഡുകളുമായി ബന്ധിപ്പിക്കുന്നതാണു റോഡ്.
പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും തകർന്നുകിടക്കുന്ന റോഡിൽ ഒരു കുഴിയിൽനിന്നു മറ്റൊരു കുഴിയിലേക്കു ചാടി സഞ്ചരിക്കേണ്ട ഗതികേടാണു നാട്ടുകാർക്കുള്ളത്.
ഹനുമാൻകുന്ന്–വെള്ളരിങ്ങാട്ട് റോഡിന്റെ സമീപത്തുള്ള ചാരംകുഴി റോഡ് മാസങ്ങൾക്കു മുൻപ് സഞ്ചാരയോഗ്യമാക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 17 ലക്ഷം രൂപ ചെലവഴിച്ചാണു പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്. ഹനുമാൻകുന്ന് – വെള്ളരിങ്ങാട്ട് റോഡും ഗതാഗതയോഗ്യമാക്കാൻ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]