
ഇരിട്ടി ∙ ആറളം പുനരധിവാസ കേന്ദ്രത്തിൽ ഒരാഴ്ചയായി നടക്കുന്ന ‘ഗജമുക്തി’ ആന തുരത്തൽ ദൗത്യത്തിൽ കളിക്കളത്തിന്റെ ഒരു ഭാഗത്ത് വനപാലകരും മറുഭാഗത്ത് കാട്ടാനകളുമാണ്. കാട്ടിലേക്കു കയറാൻ മടിച്ചാണ് ആനകൾ.
റഫറിയില്ലാത്ത കളിയിൽ ഇത്തവണയെങ്കിലും ജയിച്ചേ മടങ്ങൂ എന്ന വാശിയിലാണു വനപാലകർ.ബലാബല മത്സരത്തിൽ മുപ്പതോളം ആനകളും അത്രതന്നെ വനപാലകരുമാണുള്ളത്. ജനവാസകേന്ദ്രത്തിൽ തമ്പടിച്ച ആനകളിൽ 12 എണ്ണത്തിനെ കാടുകയറ്റിക്കഴിഞ്ഞു.
ഇനിയുമുണ്ട് അത്രതന്നെ ബാക്കി. വെറുതേ കാടു കയറ്റിയാൽ മാത്രം പോരാ, കാടു കയറിയവ തിരികെ വരാതെ നോക്കുകയും വേണം.
തിരിച്ചറിവ് പ്രധാനം
ആന തുരത്തലിൽ ആന എവിടെയുണ്ടെന്നു തിരിച്ചറിയുന്നതാണു പ്രധാനം.
ഇതിനായി ട്രാക്കിങ് സംഘം ആദ്യം പുറപ്പെടും. ആനയെ സ്പോട്ട് ചെയ്തുകഴിഞ്ഞാൽ ദൗത്യ സംഘത്തിന്റെ ഇടപെടലായി.
ആനയെ കണ്ടെത്തിയാൽ 3 ഭാഗത്തു നിന്നും ഒരേസമയം ഓപ്പറേഷൻ ആരംഭിക്കും. ഒരു ഭാഗം ഒഴിച്ചിടും.
അതാണ് ആനയ്ക്കു കടന്നുപോകാനുള്ള ആനത്താരി. ഇവിടെ അണുവിട
പിഴച്ചാൽ ജീവൻ വരെ പോകും.
എളുപ്പമല്ല
സ്വന്തം വിഹാര കേന്ദ്രത്തിൽ ആരു വന്നാലും അവ പ്രതിരോധിക്കും. കൂട്ടത്തോടെയാണെങ്കിൽ അപകടസാധ്യത കൂടുകയും ചെയ്യും.
ഓരോ ആനക്കൂട്ടങ്ങളും ഓരോ കാടുകൾ കേന്ദ്രീകരിച്ചാണ് പകൽ സമയം വിശ്രമിക്കുന്നത്. ആറളം ഫാമിന്റെ അധീനതയിലുള്ള ആനയെചുട്ടകരി, എക്കണ്ടി, നിരങ്ങൻപാറ, ഏലക്കാട്, നാലാം കൂപ്പ്, മൂന്നാം കൂപ്പ്, പൊട്ടിയപാറ,
നായർ ഷെഡ് ടിആർടിഎമ്മിന്റെ ആധീനതയിലുള്ള ഓടച്ചാൽ, വയനാടൻ കാട്, വട്ടക്കാട്, ചോമാനി വയൽ എന്നിവിടങ്ങളാണ് ആനകളുടെ പ്രധാന താവളം.രാത്രി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കാർഷിക വിളകൾ തിന്നു നശിപ്പിച്ച ശേഷം ഓരോരുത്തരും അവരവരുടെ താവളത്തിലേക്കു മടങ്ങുന്നതാണു രീതി.
വഴിയിൽ ആരെയെങ്കിലും പെട്ടാൽ ചവുട്ടിക്കൂട്ടുകയും ചെയ്യും.
ഓരോ ആനയ്ക്കും ഓരോ രീതി
ചില ആനകൾ പടക്കത്തിന്റെ ശബ്ദം കേട്ടാൽ തിരിഞ്ഞോടും. ചിലതാകട്ടെ മനുഷ്യനു നേരെ തിരിയും.
ചില ആനകൾക്ക് അറക്കവാളിന്റെ ശബ്ദവും ചിലതിനു വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദുവുമായിരിക്കും അരോചകം. ഇതു തിരിച്ചറിഞ്ഞു വേണം ആനകളെ സമീപിക്കാൻ.
അനുഭവസമ്പത്തും ആൾബലവും ഒത്തുചേർന്നാലേ ആനയെ തുരത്താനാകൂ.
ആനത്താര
ജനവാസ കേന്ദ്രത്തിൽ ആനകൾ ഇറങ്ങുന്നതും അവ വനത്തിലേക്കു കയറിപ്പോകുന്നതും അവരുടേതായ വഴിയിലൂടെ ആയിരിക്കും. ആനത്താര മാറി ആനകൾ സഞ്ചരിക്കാത്തതിനാൽ എവിടെ നിന്നെങ്കിലും തുരത്തിയാൽ അവ കാടു കയറാതെ മറ്റു വഴികളിലൂടെ നാട്ടിൽത്തന്നെ ചുറ്റിത്തിരിയും.
ഓരോ ആനയുടെയും ആനത്താരകൾ കണ്ടെത്തിയ ശേഷം ആ വഴിയിൽ ആനകളെ എത്തിച്ച ശേഷമേ, വനത്തിലേക്ക് തുരത്താൻ സാധിക്കുകയുള്ളു.
മിഡ്ഫീൽഡർ
ആനകളെയും അവയുടെ സ്വഭാവത്തെയും ആനത്താരകളും കൃത്യമായി അറിയാവുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.സി.പ്രജീഷ്കുമാറാണ് ദൗത്യ സംഘത്തിലെ മിഡ്ഫീൽഡർ. ഓരോ ആനയ്ക്കും ഏതു തരം പ്രതിരോധം വേണമെന്ന് നിശ്ചയിക്കുകയും കൃത്യമായ സമയത്ത് ദൗത്യ സംഘത്തിന് ആക്രമിക്കാനുള്ള അവസരം ഒരുക്കുകയുമാണ് പ്രജീഷ്കുമാറിന്റെ ജോലി.ഒരു ദിവസം കൊണ്ടി നേടിയെടുത്ത ആനയറിവല്ല പ്രജീഷിന്റെത്.
ആനകൾ മേയുന്ന ആറളത്തെ ഫാം സ്കൂളിൽ ആയിരുന്നു പ്രജീഷിന്റെ ബാല്യം.
ഇരിട്ടി എംജി കോളജിൽ നിന്ന് ബികോം പാസായ ശേഷമാണ് വനംവകുപ്പിന്റെ താൽക്കാലിക വാച്ചറായി ജോലിക്കു കയറിയത്. വാച്ചറുടെ ജോലി ചെയ്യുന്നതിനിടെ പിഎസ്സി പഠനവും ആരംഭിച്ചു.
2023ൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി നിയമനം ലഭിച്ചു. ഇതിനിടെ ആറളത്തെയും ആനകളയും അടുത്തറിയുകയും ചെയ്തു.
ആറളത്തിന്റ മുക്കും മൂലയും അറിയുന്നതിനൊപ്പം ഓരോ ആനകളെയും അവയുടെ സ്വഭാവവും അറിയാമെന്നതും പ്രജീഷ് കുമാറിന്റെ പ്ലസ് പോയിന്റാണ്.
അതേസമയം, എല്ലാവർക്കും തുല്യ പങ്കാണെന്നാണ് പ്രജീഷ്കുമാറിന്റെ പക്ഷം.ഫോറസ്റ്റ് വാച്ചർ കാരക്കാടൻ രാമചന്ദ്രനാണ് ആനക്കാര്യത്തിൽ പ്രജീഷ്കുമാറിന്റെ ഗുരു. ആനയറിവുമായി ആറളം പുനരധിവാസ സങ്കേതത്തലെത്തന്നെ അനിലാൽ അശോക്, പി.എൻ.അനന്ദു, കെ.രാഹുൽ, വി.ഷിബു, കെ.എസ്.ശ്രീജിത്ത് തുടങ്ങിയവരും ഫാം പുനരധിവാസ സങ്കേതത്തിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ആയവരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]