
കൊയിലാണ്ടി ∙ ചേമഞ്ചേരി –അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം നിർമാണത്തിനിടെ തകർന്നു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം.
മേൽനോട്ട ചുമതലയുണ്ടായിരുന്ന സൂപ്പർവൈസർ മിഥുനു പരുക്കേറ്റു.
നിർമാണ കമ്പി ദേഹത്ത് വീണാണ് പരുക്ക്. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലത്തിന്റെ നാലാം ഗർഡറാണ് തകർന്നു വീണത്.
ഉച്ചയ്ക്ക് രണ്ടോടെ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചിരുന്നു. നാൽപതോളം തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഗർഡറിന് അടിയിൽ സ്ഥാപിച്ച വെൽഡിങ് കമ്പികൾ പൊളിഞ്ഞു വീണതാണ് അപകടകാരണം. കോൺക്രീറ്റ് ജോലികളും വെൽഡിങ് ജോലികളും നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പാലം തകരുന്ന ശബ്ദം കേട്ട് തൊഴിലാളികൾ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
24 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലമാണ് ഇത്. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡ് ആണ് പ്രധാന കരാർ ഏറ്റെടുത്തത്. തുടർന്ന് പിഎംആർ എന്ന കമ്പനിക്ക് കരാർ നൽകുകയായിരുന്നു.
നിയമ പോരാട്ടത്തിലൂടെയാണ് പിഎംആർ കമ്പനി യുഎൽസിസിക്ക് ലഭിച്ച കരാർ നേടിയെടുത്തത്. രണ്ടു കമ്പനികളും 24 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സമർപ്പിച്ചത്.
സബ്സിഡി ഉള്ളതിനാൽ യുഎൽസിസിക്ക് കരാർ ലഭിച്ചു. തുടർന്ന് നിയമ പോരാട്ടത്തിലൂടെ പിഎംആർ കരാർ നേടി.
കൂളിമാട് പാലം നിർമാണത്തിനിടെ മേൽനോട്ടം വഹിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനാണ് തോരായിക്കടവ് പാലത്തിന്റെയും നിർമാണത്തിന്റെ മേൽനോട്ട
ചുമതല. കൂളിമാട് പാലം നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നിരുന്നു.
തോണിയിൽനിന്ന് രാമുണ്ണിക്കുട്ടി കണ്ടു; പാലത്തിന്റെ വീഴ്ച
തൂവക്കോട് ∙ തോരായിൽ നിന്നു തൂവക്കോട് ഭാഗത്തേക്ക് തോണിയിൽ ആളുകളെ കയറ്റി വരുന്നതിനിടെയാണ് കടത്തുകാരനായ രാമുണ്ണിക്കുട്ടി പാലം പൊളിയുന്നതു കണ്ടത്.
വലിയ ശബ്ദത്തോടെ കമ്പികളും കോൺക്രീറ്റ് അവശിഷ്ടങ്ങളും പുഴയിലേക്ക് നിമിഷനേരം കൊണ്ടു തകർന്നു വീണു.
തൊഴിലാളികൾ നിലവിളിച്ച് രണ്ടു ഭാഗത്തേക്കും ഓടി മാറി.അപകടം നടന്ന സ്ഥലത്ത് നിന്നും 10 മീറ്റർ അകലെയായിരുന്നു തോണി. തോണിയിൽ ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ അവരെ ഉടൻ തന്നെ കരയ്ക്ക് എത്തിച്ചു.
കമ്പനി ജീവനക്കാർ തന്നെയാണ് പരുക്കേറ്റവരെ അവരുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
റിപ്പോർട്ട് ലഭിച്ചാൽ നടപടി: മന്ത്രി റിയാസ്
കോഴിക്കോട്∙ തോരായിക്കടവ് പാലം നിർമാണത്തിനിടെ ഗർഡർ തകർന്നത് പരിശോധിക്കാൻ കെആർഎഫ്ബി – പിഎംയു പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടികൾ സ്വീകരിക്കും.
പാലം നിർമാണത്തിൽ എന്തൊക്കെയാണ് പോരായ്മ വന്നത്, ഉത്തരവാദിത്തപ്പെട്ടവർ ഈ പോരായ്മക്ക് കാരണമാകുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, മാന്വൽ പാലിച്ചിട്ടുണ്ടോ, നിർമാണ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് നൽകിയ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ, കരാറുകാർ കരാറിന് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. 9ആലപ്പുഴയിൽ സമാന സംഭവം ഉണ്ടായപ്പോൾ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തുകയും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]