
കുന്നംകുളം ∙ ചൊവ്വന്നൂർ, പന്തല്ലൂർ മേഖലകളിൽ ആഞ്ഞുവീശിയ മിന്നൽ ചുഴലിയിൽ വ്യാപക നാശം. രാവിലെ ഒൻപതരയോടെ ചാറ്റൽമഴയ്ക്കൊപ്പമാണ് ശക്തമായ കാറ്റ് വീശിയത്.
അയ്യപ്പത്ത് റോഡ്, കല്ലഴി തുടങ്ങിയ സ്ഥലങ്ങളിലും കാറ്റ് ഉണ്ടായി. പന്തല്ലൂർ മേഖലയിലാണ് കാറ്റ് ഏറെ നാശം വിതച്ചത്.
പന്തല്ലൂർ ക്ഷേത്രം റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ വൈദ്യുത കാൽ വീണു.
പന്തല്ലൂർ നെയ്യൻവീട്ടിൽ സൈമന്റേ(60)താണ് ഓട്ടോ. തലനാരിഴയ്ക്കാണു ആളപായം ഒഴിവായത്.
പലയിടങ്ങളിലായി ഇരുപത്തഞ്ചോളം വൈദ്യുത കാലുകൾ തകർന്നു. പന്തല്ലൂരിൽ ട്രാൻസ്ഫോമർ ചരിഞ്ഞു.
കെഎസ്ഇബിക്കു 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു കണക്കാക്കുന്നത്. ഒട്ടേറെ വീടുകൾക്കും നാശമുണ്ടായി.
നിർത്തിയിട്ട മിനിലോറി വീണ മരങ്ങൾക്ക് ഇടയിൽ കുരുങ്ങി.
അപകടം ഒഴിഞ്ഞു; നടുക്കം ബാക്കി
കുന്നംകുളം ∙ ഓടിച്ചു കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുത കാൽ വീണതിന്റെ ഞെട്ടലിൽ നിന്ന് ഡ്രൈവർ പന്തല്ലൂർ നെയ്യൻ വീട്ടിൽ സൈമൺ (60) മുക്തമാകുന്നതേയുള്ളൂ.
ആഞ്ഞുവീശിയ ചുഴലിക്കാറ്റിലെ നാശങ്ങൾക്ക് ദൃക്സാക്ഷിയായ സൈമൺ സംഭവം വിവരിക്കുമ്പോൾ നടുക്കം വിട്ടുമാറിയിരുന്നില്ല. ചൊവ്വന്നൂർ സെന്ററിൽ 40 വർഷമായി ഓട്ടോറിക്ഷ ഓടിക്കുകയാണ് സൈമൺ.
രാവിലെ ആശുപത്രിയിലേക്ക് ഓട്ടം പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പന്തല്ലൂർ ക്ഷേത്രം റോഡിലൂടെ വരുമ്പോഴാണ് കാറ്റ് ആഞ്ഞു വീശിയത്. തെങ്ങുകൾ ഒടിഞ്ഞു വീഴുന്നതും വീട് മേഞ്ഞ ഷീറ്റ് പറന്നു പോകുന്നതും കണ്ടു.
ഓട്ടോറിക്ഷ നിർത്തുന്നതിനിടെ മുൻവശത്തുള്ള ട്രാൻസ്ഫോമർ ഒരുവശത്തേക്ക് ചരിയുന്നത് കണ്ടു. വൈദ്യുത കമ്പികൾ വലിഞ്ഞ് കാലുകൾ നിലംപതിച്ചു. ഇവയിൽ ഒന്ന് ഓട്ടോറിക്ഷയുടെ മുൻപിലാണ് വീണത്.
ഷോക്കടിക്കുമോയെന്ന ഭയത്തോടെ സാവധാനം പുറത്തിറങ്ങി. വൈദ്യുത പ്രവാഹം നിലച്ചിരുന്നു.
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സൈമൺ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]