
രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് വന്നിറങ്ങുന്ന സഞ്ചാരികൾക്കായി സജ്ജമാക്കിയ ഇ ടോയ്ലറ്റുകൾ കേടായിട്ടു വർഷങ്ങളായി. പാലസ് ജംക്ഷനിൽ വന്ന് ഇറങ്ങുന്നവർക്ക് ശങ്ക തീർക്കാനായി ടൂറിസം വകുപ്പു സ്ഥാപിച്ച രണ്ടു ഇ ടോയ്ലറ്റുകൾ ആദ്യ കുറച്ചു നാളുകൾ മാത്രം പ്രവർത്തിച്ചു.
നാണയം നിക്ഷേപിച്ചായിരുന്നു ഇവ ഉപയോഗിക്കേണ്ടത്. സാങ്കേതിക തകരാറുകളും ജലം സൂക്ഷിച്ച സംഭരണി തകർന്നതുമടക്കമുള്ള കാര്യങ്ങളിൽ തട്ടി ഇതിന്റെ പ്രവർത്തനം എന്നേക്കുമായി നിലച്ചു.
കേടുപാടുകൾ തീർത്തു ഇവ പ്രവർത്തന സജ്ജമാക്കണമെന്നു പലവട്ടം ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ല. ഒട്ടേറെ തവണ ബന്ധപ്പെട്ടവർക്കു കത്തു നൽകിയിട്ടും ഫലമുണ്ടായില്ലെന്നു ടൂറിസം അധികൃതരും പറയുന്നു.
ഇവിടെ എത്തുന്ന സഞ്ചാരികൾ ആദ്യം അന്വേഷിക്കുന്നത് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യമാണ്. ഇതിനായി കുറച്ചകലെ ഗ്രോവ് ബീച്ച് റോഡിലെ ടോയ്ലറ്റ് സംവിധാനം തേടി പോകണം.
ബീച്ചിൽ ലൈറ്റ് ഹൗസ് തീരത്തെ ഒരു ഭാഗത്തു മാത്രമാണ് ശുചിമുറി സൗകര്യമുള്ളത്. ശങ്ക തീർക്കാൻ സ്ത്രീകളുൾപ്പെടെ സഞ്ചാരികൾ ഒരു കിലോ മീറ്ററോളം താണ്ടണം.
വിഴിഞ്ഞത്ത് വെള്ളമില്ല
വിഴിഞ്ഞം കെഎസ്ആർടിസി സ്റ്റാൻഡിൽ കുറെ മാസം മുൻപ് ലക്ഷങ്ങൾ മുടക്കി പൊതു ശുചിമുറി സമുച്ചയം ഒരുക്കിയെങ്കിലും ജല ലഭ്യത ഇല്ലായ്മ ഇതിന്റെ സ്ഥിതി ശോച്യാവസ്ഥയിലാക്കി .ആദ്യ കാലത്ത് പണം നൽകിയുള്ള ഉപയോഗ രീതി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.
ജലം കൂടി കിട്ടാത്ത അവസ്ഥ സ്ഥിതി കൂടുതൽ മോശമാക്കി.ഉള്ളിലെ നിർമിതികൾ കേടും വൃത്തിയില്ലാത്ത നിലയിലുമാണ്.
കനകക്കുന്ന് കാണുന്ന പോലെയല്ല മന്ത്രിയൊന്ന് വരണം
ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ കനകക്കുന്നിൽ നോക്കുകുത്തിയായി പൊതുമരാമത്ത് വകുപ്പിന്റെ ശുചിമുറി സംവിധാനം.
പണം നിക്ഷേപിച്ച് ഉപയോഗിക്കാവുന്ന തരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ശുചിമുറി സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. നാണയം നിക്ഷേപിച്ചാൽ മാത്രം തുറക്കുന്ന വാതിലുള്ള ശുചിമുറി ഡിസൈൻ ചെയ്തതും സ്ഥാപിച്ചതും പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ്.
നാണയം നിക്ഷേപിക്കാനുള്ള സംവിധാനം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ സ്ഥലം മെനക്കെടുത്തുന്ന സംവിധാനമായി ഇതു മാറി. പബ്ലിക് ശുചിമുറി തൊട്ടടുത്ത് ഉണ്ടെങ്കിലും മേൽക്കൂരയിലെ ഓടുകൾ ഇളകി ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.
മഴ സമയത്ത് അകത്തേക്ക് കയറാൻ പോലും കഴിയില്ല.
പുത്തരിക്കണ്ടത്തും നോക്കുകുത്തി
വൻ സമ്മേളനങ്ങൾക്കു വേദിയാകുന്ന പുത്തരിക്കണ്ടത്തും നോക്കുകുത്തിയായി ശുചിമുറി സംവിധാനമുണ്ട്. ടി.എൻ.സീമ എംപി ആയിരിക്കെ, പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഇ ടോയ്ലറ്റാണ് ആർക്കും ഉപകാരമില്ലാതെ കിടക്കുന്നത്.
തമ്പാന്നൂരിൽ ആയിരങ്ങൾക്ക് രണ്ട്
വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർ സംഗമിക്കുന്ന തമ്പാനൂരിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ആകെയുള്ളത് 2 പൊതു ശുചിമുറി സംവിധാനം. 1.
മസ്ജിദ് റോഡിന്റെ വശത്തായി സുലഭ്. 2.
കെഎസ്ആർടിസി ടെർമിനലിന് അകത്ത്. കിഴക്കേകോട്ടയിലും വിദേശികൾ ഉൾപ്പെടെ ദിവസവും നൂറു കണക്കിന് ഭക്തർ ദർശനം നടത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് പുറത്തും പൊതു ശുചിമുറി സംവിധാനമില്ല.
ഫോർട്ട് ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ ടോയ്ലറ്റ് ഉണ്ടെങ്കിലും അവിടേക്ക് ദിശാ സൂചക ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
വിളവൂർക്കലിൽ ആവശ്യത്തിനുണ്ട് അത്രയും പഴക്കം
വിളവൂർക്കൽ പഞ്ചായത്തിൽ പൊതുശുചിമുറി ഇല്ല. പഞ്ചായത്ത്, കൃഷി ഭവൻ, സർക്കാർ ആശുപത്രി, വില്ലേജ് തുടങ്ങിയ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന പൊറ്റയിൽ ജംക്ഷനിൽ പൊതുശുചിമുറി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]