
ചിറയിൻകീഴ്∙അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ മരണത്തുരുത്തായി മാറിയ അഴിമുഖ മുനമ്പിൽ മണൽനീക്കത്തിനുള്ള നടപടി വൈകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ബോട്ടുകൾ മറിയുകയും 2 മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തത് പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.3 മാസം മുൻപു മണൽ നീക്കുന്നതിന് അഴീക്കൽ തുറമുഖത്തു നിന്നെത്തിച്ച ചന്ദ്രഗിരി ഡ്രജർ ആദ്യദിനം തന്നെ സാങ്കേതിക തകരാറുകൾ മൂലം പ്രവർത്തനരഹിതമായി.
പിന്നീടു പ്രതിഷേധം കനത്തതോടെ ടെക്നിഷ്യൻമാരെ എത്തിച്ചു തകരാറുകൾ ഏറെക്കുറെ പരിഹരിച്ചെങ്കിലും പാതിവഴിയിൽ എൻജിൻ തകരാറുണ്ടായതോടെ മണൽനീക്കം പൂർണമായി നിലച്ചു. ഡ്രജർ രണ്ടു മാസമായി പ്രവർത്തിക്കുന്നില്ല. ഇതോടെയാണു അഴിമുഖ മുനമ്പ് വീണ്ടും അപകടമേഖലയായി മാറിയത്.
അഴിമുഖ ചാനലിലൂടെ മത്സ്യത്തൊഴിലാളികൾക്കു പുറംകടലിലേക്കു നിർഭയമായി പോകുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് മത്സ്യമേഖലയിലുള്ളവരുടെ ആവശ്യം.
അഴിമുഖത്തു നിന്നു ശേഖരിക്കുന്ന മണൽ കൈമാറുന്നതുമായി ബന്ധപ്പെട്ടും വിവാദം ഉണ്ട്. ഹൈവേ അതോറിറ്റിക്കു മണൽ കൈമാറാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് അഞ്ചുതെങ്ങ് ജനകീയ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
അഞ്ചുതെങ്ങ് ഒന്നാംപാലം മുതൽ താഴംപള്ളി വരെ തുറമുഖവുമായി ബന്ധപ്പെട്ടു പുലിമുട്ടുകൾ സ്ഥാപിക്കുന്നതും തീരം അനിയന്ത്രിതമായി നഷ്ടപ്പെടുന്നതും കണക്കിലെടുത്തു പൊഴിമുഖത്തു നിന്നു നീക്കം ചെയ്യുന്ന മണൽ അഞ്ചുതെങ്ങ് മുതൽ താഴംപള്ളിവരെയുള്ള കടൽത്തീരത്തു നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ വകുപ്പധികൃതർക്കു നിവേദനം നൽകി.
മണൽനീക്കം ഈമാസം പുനരാരംഭിക്കണം:ന്യൂനപക്ഷ കമ്മിഷൻ
തിരുവനന്തപുരം ∙ മുതലപ്പൊഴിയിൽ തകരാറിലായ ഡ്രജറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മണൽനീക്കം പുനഃരാരംഭിക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷീദ് ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന സിറ്റിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തീകരിച്ച് ഈ മാസം തന്നെ മണൽനീക്കം പുനഃരാരംഭിക്കുവാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിൽ സമർപ്പിക്കാനും ഹാർബർ എൻജിനീയറിങ് വകുപ്പിനോട് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]