
തൊടുപുഴ ∙ ‘5 പവന്റെ’ മാല യുവതിക്കു സമ്മാനിച്ചിട്ട് അവരുടെ കഴുത്തിലെ 2 പവന്റെ സ്വർണമാല പകരം സ്വീകരിച്ച് ‘ഔദാര്യവും സന്മനസ്സും കാണിച്ച ഡോക്ടർ’ പിടിയിൽ. വിവാഹത്തിനു മുൻപു നേരിൽക്കാണാമെന്നു പറഞ്ഞായിരുന്നു യുവതിയെ പ്രതി വിളിച്ചുവരുത്തിയത്.
യുവതിക്കു നൽകിയ 5 പവന്റെ മാല മുക്കുപണ്ടമായിരുന്നു.തട്ടിപ്പു നടത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശി കാർത്തിക് രാജിനെ (30) തൊടുപുഴ പൊലീസ് തമിഴ്നാട്ടിലെ ഈറോഡിൽനിന്നു പിടികൂടി. പുനർവിവാഹ ആലോചനയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
ഡോക്ടറെന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തിയ പ്രതി യുവതിയെ നേരിൽക്കാണാനായി തൊടുപുഴയിലേക്കു ക്ഷണിച്ചു.
ഈ മാസം 5നു തൊടുപുഴയിൽവച്ചു കണ്ടു സംസാരിക്കുന്നതിനിടെ യുവതിയുടെ കഴുത്തിലെ സ്വർണമാല ഊരിയെടുത്ത് ഒരു ലോക്കറ്റ് കോർത്ത് പ്രതി തന്റെ കഴുത്തിൽ അണിഞ്ഞു. 5 പവന്റെ മാല പകരം തരുന്നു എന്നു പറഞ്ഞ് മുക്കുപണ്ടം യുവതിയെയും അണിയിച്ചു.തുടർന്ന് ഇരുവരും വസ്ത്രങ്ങൾ വാങ്ങാനായി കടയിൽ കയറി.
യുവതി പുതിയ വസ്ത്രം ധരിച്ചു നോക്കാനായി ഡ്രസിങ് റൂമിൽ കയറിയപ്പോൾ മാലയുമായി പ്രതി മുങ്ങി.എസ്ഐ അജീഷ് കെ.ജോണും സംഘവും ചേർന്നാണു പ്രതിയെ പിടികൂടിയത്.
സമാനമായ 6 കേസുകൾ തമിഴ്നാട്ടിൽ ഇയാൾക്കെതിരെയുണ്ടെന്ന് എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. തട്ടിയെടുക്കുന്ന പണംകൊണ്ട് ഓൺലൈൻ ഗെയിം കളിക്കലും ആഡംബര ജീവിതവുമാണു പ്രതിയുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]