
ദില്ലി: അതിർത്തിവഴിയുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കാൻ ഇന്ത്യയും ചൈനയും. ലിപുലേഖ്, ഷിപ്കി ലാ, നാഥു ലാ പാസുകൾ വഴി വ്യാപാരം പുനരാരംഭിക്കുന്നതിന് ഇന്ത്യ-ചൈനയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ഹിമാചൽ പ്രദേശിലെ ഷിപ്കി ലാ പാസ്, സിക്കിമിലെ നാഥു ലാ പാസ് തുടങ്ങിയ എല്ലാ നിയുക്ത വ്യാപാര കേന്ദ്രങ്ങളിലൂടെയും അതിർത്തി വ്യാപാരം പുനരാരംഭിക്കുന്നതിന് ചൈനയുമായി സഹകരിക്കും. എന്തെങ്കിലും അപ്ഡേറ്റുകൾ ഉണ്ടെങ്കിൽ, അറിയിക്കുന്നതായിരിക്കുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യയും ചൈനയും അടുത്ത ആഴ്ച നിർണായക യോഗം ചേരും. ഇരു രാജ്യങ്ങളും അടുത്ത ആഴ്ച പ്രത്യേക പ്രതിനിധി തല ചർച്ചകൾ നടത്തും.
ഓഗസ്റ്റ് 18 ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ ഇരുവരും ചർച്ച ചെയ്യും. 2020 ജൂണിലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ആദ്യമായിട്ടാണ് ഒരു ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
അതുകൊണ്ട് തന്നെ കൂടിക്കാഴ്ചക്ക് ഇരു രാജ്യങ്ങളും പ്രാധാന്യം നൽകുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം മുതൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് സർവീസ് നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് -19 ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമ ഗതാഗത ബന്ധം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]