
കാസർകോട് ∙ ജില്ലയിൽ വൈദ്യുതി മേഖലയിലെ പരിമിതികൾ വ്യവസായ മേഖലയുടെ വികസനത്തിന് കീറാമുട്ടിയായി തുടരുന്നതു പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
അനന്തപുര വ്യവസായ പാർക്കിലെ വൈദ്യുതി തടസ്സം പരിഹരിക്കാൻ 110 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം നൽകാമെന്ന് വ്യവസായ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്തി പറഞ്ഞു. ഇതിനുള്ള താൽക്കാലിക എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം നൽകും.
അടുത്ത വർഷം ഓണത്തിന് കമ്മിഷൻ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ വ്യവസായ മേഖലയുടെ വികസനത്തിന് തടസ്സമാകുന്ന വൈദ്യുതി മുടക്കത്തെക്കുറിച്ച് ഇന്നലെ മനോരമ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അനന്തപുര വ്യവസായ പാർക്കിൽ നിലവിൽ 33 കെവി സബ് സ്റ്റേഷനാണുള്ളത്.
ഒരു ലൈനിൽ തകരാർ ഉണ്ടായാൽ ബാക്ക് ഫീഡ് ചെയ്യുന്നതിനുവേണ്ട പകരം സംവിധാനവും വ്യവസായ മേഖലയിലേക്കുള്ള നെറ്റ്വർക്കിൽ ഇല്ല.
110 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ജീവനക്കാരെ നിയമിക്കാൻ ഉത്തരവ്, വിതരണ ലൈനുകൾ നവീകരിക്കും
വൈദ്യുതി ലൈനുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുൾപ്പെടെയുള്ള ജോലികളിൽ ആവശ്യമായ ജോലിക്കാരില്ലെന്ന പരാതികൾ പരിഹരിക്കാനുള്ള നടപടികളിലാണ് വകുപ്പെന്നും ഐടിഐ യോഗ്യതയുള്ള വർക്കർമാരെ നിയോഗിക്കുന്നതിനുള്ള ഉത്തരവ് ഉടൻ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ വിതരണ ലൈനുകൾ നവീകരിക്കുന്ന 342 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
ചീമേനി സൗരോർജ പ്ലാന്റ്
ചീമേനിയിലെ 100 മെഗാവാട്ട് സൗരോർജ പ്ലാന്റ് നിർമാണം ഉടൻ തുടങ്ങാനുള്ള നടപടികളെടുക്കും.
സൗരോർജ ഉൽപാദനം വർധിപ്പിച്ച് വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിന് മുൻഗണന നൽകും. വൈദ്യുതി ഉൽപാദന–വിതരണ മേഖലകളിൽ ജനങ്ങൾക്ക് വലിയ ബാധ്യതയും പ്രയാസങ്ങളും ഇല്ലാതെയുള്ള നടപടികളുമായി മുന്നോട്ടുപോകും.– മന്ത്രി പറഞ്ഞു
‘ഉഡുപ്പി–കരിന്തളം പദ്ധതിക്ക് ചിലർ തടസ്സം സൃഷ്ടിക്കുന്നു’
പണി പൂർത്തീകരിച്ച ഉഡുപ്പി–കരിന്തളം 400 കെവി സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി കർണാടകയിൽനിന്ന് 400 കെവി ലൈൻവഴി എത്തിക്കുന്നതിന് നിലവിൽ കണ്ണൂർ ജില്ലയിൽ നിലനിൽക്കുന്ന സ്ഥലത്തർക്കം തടസ്സമാകുന്നതായി മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച് ഉടമകളുമായുള്ള തർക്കമാണ് തടസ്സമാകുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി വിവിധ നിരക്കുകളിൽ അഞ്ചിരട്ടിവരെ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതായിരുന്നു.
അത് സമ്മതിച്ചു പുറത്തിറങ്ങിയ ശേഷമാണ് ഇതിനു വിരുദ്ധമായി നഷ്ടപരിഹാരം പോരെന്ന നിലയിൽ തുടരുന്നതെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ കാലത്ത് ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഇതിനു പിന്നിലെന്നും മന്ത്രി ആരോപിച്ചു. കാസർകോട് ജില്ലയിലെ ജനപ്രതിനിധികൾ സർക്കാരുമായി സഹകരിച്ചതിനാൽ നഷ്ടപരിഹാരത്തുക നൽകുന്ന നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
‘കാസർകോട്, മഞ്ചേശ്വരം മേഖലയിലെ വൈദ്യുതി മുടക്കം; യോഗം വിളിക്കും’
കർണാടക വൈദ്യുതി മുടങ്ങിയാൽ മഞ്ചേശ്വരം, കാസർകോട് മേഖലകളിൽ വൈദ്യുതി തടസ്സമുണ്ടാവുന്നതു പരിഹരിക്കാൻ മയിലാട്ടി–വിദ്യാനഗർ മേഖലയിൽ ഡബിൾ സർക്കീറ്റ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കുന്നതിന് വൈദ്യുതി ബോർഡ് ചെയർമാൻ, ഡയറക്ടർ തുടങ്ങിയവരുടെ യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. മയിലാട്ടിയിൽ 500 മെഗാവാട്ട് സൗരോർജ ബാറ്ററി സിസ്റ്റം പ്രവർത്തനം അടുത്ത മാർച്ച്–ഏപ്രിൽ മാസങ്ങളിലായി കമ്മിഷൻ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]