
റാന്നി ∙ ഓരോ മഴയും പമ്പാനദി തീരവാസികളുടെ മനസ്സുകളിൽ നിറയ്ക്കുന്നത് ഭീതിയുടെ ഓർമ്മപ്പെടുത്തലുകൾ. മഹാപ്രളയം നാശം വിതച്ചിട്ട് ഇന്ന് 7 വർഷമെത്തിയിട്ടും നടുക്കുന്ന ഓർമ്മകൾ അവരെ വേട്ടയാടുകയാണ്. 2018 ഓഗസ്റ്റ് 14ന് അർധരാത്രിയാണ് കോരിച്ചൊരിയുന്ന പേമാരി പെയ്തിറങ്ങിയത്.
ആർത്തലച്ചെത്തിയ മഴവെള്ളത്തിനൊപ്പം ഡാമുകൾ കൂടി തുറന്നതോടെ നേരം പുലരും മുൻപേ പമ്പാനദി, കല്ലാറ്, കക്കാട്ടാറ് എന്നിവയുടെ തീരങ്ങൾ കിലോമീറ്ററുകൾ അകലെ വരെ വെള്ളത്തിലായിരുന്നു. ഉടുതുണിയൊഴികെ മറ്റൊന്നും ശേഷിക്കാതെ രക്ഷപ്പെട്ടവർ ഏറെ.
നൂറുകണക്കിനു കുടുംബങ്ങൾക്കാണ് വീടുകൾ വിട്ടു പാലായനം ചെയ്യേണ്ടിവന്നത്. ഒട്ടേറെ സർക്കാർ ഓഫിസുകളും ധനകാര്യ സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു.
3 ദിനരാത്രങ്ങൾ വെള്ളം കെട്ടി നിന്നപ്പോൾ കോടികളുടെ നഷ്ടമാണു നാടിനു നേരിട്ടത്.
നഷ്ടങ്ങളെയോർത്ത് വിലപിക്കാതെ അതിജിവനത്തിനായിരുന്നു എല്ലാവരും മുൻഗണന നൽകിയത്. സംസ്ഥാനത്തെ എല്ലാ മേഖലകളിൽ നിന്നും കാരുണ്യത്തിന്റെ കൈകൾ നീണ്ടപ്പോൾ ഫിനിക്സ് പക്ഷിയെ പോലെയാണ് കെടുതിയിൽ നിന്ന് നാട് ഉയർന്നെഴുന്നേറ്റത്.
സർക്കാർ മാത്രമല്ല വിവിധ സംഘടനകൾ, വ്യക്തികൾ, സമുദായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം സ്നേഹത്തിന്റെ കരസ്പർശവുമായി റാന്നിക്കാർക്കൊപ്പം നിന്നു. മഹാപ്രളയം ഇന്ന് ഓർമ്മ മാത്രമല്ല നാളെയുടെ കരുതൽ കൂടിയാണ്.
2 നാൾ തുടർച്ചയായി മഴ പെയ്യുമ്പോഴും നദികളിൽ ജലനിരപ്പുയരുമ്പോഴും രക്ഷയുടെ മാർഗം അവർ കരുതി വയ്ക്കും.
വ്യാപാരികൾക്കു നഷ്ടം മാത്രം
വ്യക്തികളെയും കുടുംബങ്ങളെയും കരുതാൻ പലരുമുണ്ടായെങ്കിലും ലക്ഷങ്ങൾ നഷ്ടം നേരിട്ട വ്യാപാരികളെ താങ്ങാൻ ആരുമുണ്ടായില്ല.
ഓണ വിൽപനയ്ക്കായി കരുതി വച്ചിരുന്ന സാധനങ്ങൾ ഉൾപ്പെടെയാണു വ്യാപാരികൾക്കു നഷ്ടമായത്. കോടികൾ നഷ്ടപ്പെട്ടവർ വരെയുണ്ട്. ഒരു രൂപ പോലും അവർക്കു നഷ്ടപരിഹാരം ലഭിച്ചില്ല.
പ്രത്യേക വായ്പ പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. അൻപതോളം വ്യാപാരികൾ കച്ചവടം അവസാനിപ്പിച്ചു മടങ്ങിയതിനും റാന്നി സാക്ഷ്യം വഹിച്ചു.
വെള്ളപ്പൊക്ക ഭീതി
പ്രളയത്തിലെത്തിയ ചെളിയും മണലും നദികളുടെ അടിത്തട്ടിൽ അടിഞ്ഞിരിക്കുകയാണ്.
ഇതുമൂലം ആഴം കുറഞ്ഞു. ചെറിയ മഴ പെയ്യുമ്പോൾ ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനുള്ള ശേഷിയില്ലാതായി.
തുടരെ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണു തീരങ്ങൾ. ജലവിഭവ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഇതിനു പരിഹാരം കാണണം.
ബാക്കി പത്രം
പഞ്ചായത്തുകളിൽ പ്രളയത്തിന്റെ നേർ ചിത്രങ്ങൾ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
കൂടാതെ വെള്ളപ്പൊക്കത്തിന്റെ അളവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെള്ളം കയറി മുങ്ങി നാശം നേരിട്ട
വാഹനങ്ങൾ പണിശാലകളിലും വഴിയോരങ്ങളിലും നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുന്നതും കാണാം. റാന്നി സബ് ആർടി ഓഫിസിലെ ജനറേറ്റർ വെള്ളത്തിൽ മുങ്ങിയിരുന്നു.
പ്രളയത്തിന്റെ സ്മാരകമെന്നോണം അതിന്നും ഓഫിസിന്റെ പിന്നാമ്പുറത്ത് ഇരിപ്പുണ്ട്. പകരം ജനറേറ്ററും നൽകിയിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]