മുംബൈ∙ തുടർച്ചയായ മൂന്നു ദിവസത്തെ നേട്ടം നിലനിർത്താനാകാതെ ഓഹരിവിപണി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ വമ്പൻ ഓഹരികളിൽ വിൽപന സമ്മർദം ഏറിയതോടെ ഇന്നലെ സെൻസെക്സ് 180.96 പോയിന്റ് ഇടിഞ്ഞ് 65,252.34ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 57.30 പോയിന്റ് താഴ്ന്ന് 19,386.70ലും ക്ലോസ് ചെയ്തു. യുഎസ് വിപണിയിലെ ഉണർവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഐടി, ഓയിൽ, ബാങ്കിങ് ഓഹരികൾക്ക് കാലിടറിയതോടെ സൂചികകൾ ഇടിഞ്ഞു.
വിദേശ ധനസ്ഥാപനങ്ങൾ ബുധനാഴ്ച മാത്രം 614.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം, ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേട്ടമുണ്ടാക്കി. ഡോളറൊന്നിന് 16 പൈസ കൂടി 82.56ൽ എത്തി. ക്രൂഡ് ഓയിൽ വില താഴുന്നതും, വിദേശ ധനസ്ഥാപനങ്ങൾ വിപണിയിൽ നിക്ഷേപം തുടരുന്നതുമാണ് രൂപയ്ക്കു കരുത്തായത്. 3 ദിവസംകൊണ്ട് 57 പൈസയുടെ നേട്ടം രൂപയുണ്ടാക്കി.
തുടരുന്നു, ചന്ദ്രയാൻ ഇഫക്ട്
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ ബഹിരാകാശ, പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ ഇന്നലെ സമ്മിശ്ര പ്രതികരണമായിരുന്നു. മിക്കവാറും ഓഹരികൾ നേട്ടമുണ്ടാക്കിയെങ്കിലും ലാഭമെടുപ്പ് കൂടിയതോടെ ചില കമ്പനികളുടെ ഓഹരികൾ താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. സെന്റം ഇലക്ട്രോണിക്സിന്റെ ഓഹരിവില 7.26 ശതമാനം കൂടി. രാവിലെ 20 ശതമാനത്തിനടുത്ത് വില ഉയരുകയുണ്ടായി. പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് 6.13% നേട്ടമുണ്ടാക്കി.
വ്യാപാരത്തുടക്കത്തിൽ 17 ശതമാനത്തോളം ഉയർന്നു. എംടിഎആർ ടെക്നോളജീസ് ഓഹരി 3.83 ശതമാനം കുതിച്ചു. ഭാരത് ഫോർജ് 0.72% മുന്നേറി. അതേസമയം, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 1.60 ശതമാനം ഇടിഞ്ഞു. അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ് 0.10%, ലാർസൻ ആൻഡ് ടൂബ്രോ 1.10%, മിശ്ര ദത്തു നിഗം 2.54%, ബെൽ 1.78% എന്നിങ്ങനെ ഇടിവു രേഖപ്പെടുത്തി. മേഖലയിലെ മിക്ക കമ്പനികളും 52 ആഴ്ചയ്ക്കിടയിലെ ഉയർന്ന നിലവാരം തൊട്ടു.
Content Highlight: Stock Market, Sensex
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]