
തിരുവനന്തപുരം∙ നഗരത്തിൽ വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയും കാരണം അപകട മരണങ്ങൾ വർധിക്കുന്നു.
പൊലീസും മോട്ടർവാഹന വകുപ്പും നോക്കിനിൽക്കുന്നതായി പരാതി. രണ്ടു മാസത്തിനിടയിൽ രണ്ടു കാൽനട
യാത്രക്കാരാണ് നഗരത്തിൽ ബസ് ഇടിച്ചു മരിച്ചത്. സെക്രട്ടേറിയറ്റ് നടയിൽ 61കാരി ഗീത ബസ് ഇടിച്ചു മരിച്ചതാണ് ഒടുവിലത്തെ അപകടം. സെക്രട്ടേറിയറ്റിനു മുൻപിൽ സ്റ്റോപ് ഇല്ലാത്ത ഭാഗത്ത് ബസ് നിർത്തി ആളെ ഇറക്കിയതാണ് അപകടത്തിലേക്കു നയിച്ചത്.
കഴക്കൂട്ടം –തിരുവല്ലം ബൈപാസ് റോഡിൽ 4 മാസത്തിനിടയിൽ 8 പേരാണ് മരിച്ചത്.
ചെറുതും വലുതുമായ അപകടങ്ങളിൽ മുപ്പതോളം പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.
തൊട്ടുപിന്നിൽ കാൽനടയാത്രക്കാരും. നഗരത്തിൽ സിഗ്നലുകൾ പാലിക്കാത്ത വാഹനങ്ങളെ നിയന്ത്രിക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവവും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു.
സീബ്ര ലൈനിൽ പോലും ബസുകൾ നിർത്തിയിടുന്നത് പതിവാണ്. വേഗപരിധി ലംഘിച്ച് ചീറിപ്പായുന്ന വാഹനങ്ങളാണ് കാൽനടയാത്രക്കാരുടെ ജീവനെടുക്കുന്നതിൽ പ്രധാന വില്ലൻ.
റോഡുകളിലെ വെളിച്ചക്കുറവും രാത്രിയിലുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമാകുന്നു. മത്സരയോട്ടമാണ് മറ്റൊരു കാരണം.
സീബ്രാലൈനിലൂടെയും നടപ്പാതയിലൂടെയും നടക്കുന്നവർക്കും രക്ഷയില്ല.
പാളുന്ന പരിഷ്കാരങ്ങൾ
ഓരോ വർഷം വാഹന അപകടങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ സിറ്റി പൊലീസും മോട്ടർ വാഹന വകുപ്പും ഓരോ പരിഷ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ട്രാഫിക് സിഗ്നൽ ഇല്ലാത്ത ജംക്ഷനുകളിൽ ഗതാഗതം നിയന്ത്രിക്കാനോ, യാത്രക്കാരെ റോഡ് കുറുകെ കടക്കാൻ സഹായിക്കാനോ പൊലീസ് ഇല്ല. കിഴക്കേകോട്ടയിൽ റോഡ് കടക്കാൻ പാലം ഉണ്ടെങ്കിലും കാൽനട
യാത്രക്കാരിൽ ഭൂരിഭാഗം പേരും ഇത് ഉപയോഗിക്കാറില്ല.
പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്തുള്ള നോർത്ത് ബസ് സ്റ്റാൻഡിൽ റോഡ് കയ്യേറി തലങ്ങും വിലങ്ങും ആണ് ബസുകൾ നിർത്തിയിട്ടിരിക്കുന്നത്. കാൽനടയാത്രക്കാർ സീബ്ര ലൈനിൽ പ്രവേശിക്കാൻ മുതിരുന്നതു കണ്ടാൽ പോലും വാഹനം നിർത്തി യാത്രക്കാരെ കടത്തിവിടണമെന്നാണ് നിയമം. എന്നാൽ കിഴക്കേകോട്ടയിൽ വാഹനയാത്രക്കാർ ഇതു പാലിക്കുന്നില്ല.
ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അപകടം പോലുള്ള അടിയന്തര ഘട്ടങ്ങളിലോ ഗതാഗത കുരുക്കുള്ളപ്പോഴോ ഇവരുടെ സേവനം കിട്ടുന്നില്ലെന്നാണു പരാതി.
ഭീഷണിയായി ബൈക്ക് റേസിങ് സംഘങ്ങൾ
സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള വിഡിയോ ചിത്രീകരിക്കുന്നതിനായി റോഡിൽ ബൈക്ക് റേസിങ് നടത്തുന്ന സംഘങ്ങളുണ്ട്. ഈ സംഘത്തിൽപ്പെട്ട
6 ബൈക്കുകൾ പൊലീസ് രണ്ടാഴ്ച മുൻപ് പിടിച്ചെടുത്തു. ഓൾസെയിന്റ്സ് , ബൈപാസ് റോഡുകളിൽ ശനി രാത്രി പേട്ട
പൊലീസ് നടത്തിയ പരിശോധനയിലാണ് ബൈക്കുകൾ പിടികൂടിയത്.
പിടികൂടിയതിൽ 4 ബൈക്കുകൾ രൂപമാറ്റം വരുത്തിയവയായിരുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകിട്ടും ബൈപാസിൽ ചാക്ക, മുട്ടത്തറ, വാഴമുട്ടം എന്നിവിടങ്ങളിൽ ബൈക്ക് റേസിങ് സംഘങ്ങളുടെ അഭ്യാസങ്ങൾ പതിവാണ്.
അമിത വേഗത്തിലും ഉഗ്ര ശബ്ദത്തിലുമാണ് ഇവർ ബൈക്ക് പായിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]