
കാഞ്ഞിരപ്പുഴ ∙ കൃഷിക്കുള്ള വെള്ളമെത്തിക്കാൻ മുണ്ടക്കോട്ടുകുറുശ്ശി – കുറുവട്ടൂർ ഭാഗത്തെ കനാൽ നിർമിച്ചിട്ട് 35 വർഷം കഴിഞ്ഞെങ്കിലും കാഞ്ഞിരപ്പുഴ ഡാമിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും ഇതിലൂടെ കടത്തിവിടാൻ കഴിഞ്ഞിട്ടില്ല. വല്ലപ്പുഴ പഞ്ചായത്ത് അംഗം ബിന്ദു സന്തോഷാണ് കനാലിന്റെ സ്ഥിതിയെക്കുറിച്ചു പറഞ്ഞത്.
കനാലിൽ നിറയെ പാഴ്മരങ്ങളും പൊന്തക്കാടും വളർന്ന് ഇഴജന്തുക്കളും പന്നിയും ഉൾപ്പെടെയുള്ളവയുടെ താവളമായി.
കുറുവട്ടൂർ കനാലിലൂടെ വെള്ളം എത്തിക്കുകയാണെങ്കിൽ ചോലവഴി പാപ്പിനിത്തോട്ടിലേക്കു വെള്ളം എത്തുകയും വേനൽക്കാലത്ത് കൃഷിക്കാർക്ക് പ്രയോജനമാവുകയും കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും.കനാൽ വെള്ളത്തെ ആശ്രയിച്ചുള്ള കൃഷി നഷ്ടത്തിലേക്കാണെന്നു കർഷകർ പറയുന്നു. പതിനായിരത്തോളം ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം എത്തിക്കാനുള്ള പദ്ധതിയായിരുന്നെങ്കിലും ഇന്ന് അയ്യായിരം ഹെക്ടറിലേക്കു പോലും വെള്ളം എത്തിക്കാനാകുന്നില്ലെന്നു കർഷകർ പറയുന്നു.
കനാലുകളുടെ ഇപ്പോഴത്തെ സ്ഥിതി കർഷകർ പറയുന്നതു ശരിവയ്ക്കുന്നതാണ്.കനാലാണോ നിരയായി വളർത്തിയ കാടാണോ എന്നു തിരിച്ചറിയാൻ പറ്റില്ല.പലയിടത്തും ചെളിയും മണ്ണും മൂടിക്കിടക്കുന്നു.
ജലം പ്രതീക്ഷിച്ചുനിന്ന കർഷകരിൽ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
കൃഷിയോടുള്ള സ്നേഹം കാരണം നഷ്ടം സഹിച്ചും പലരും അതു ചെയ്യുന്നു.. വേനലിൽ വെള്ളത്തിനായി പാടശേഖര സമിതിക്കാർ ജലസേചന ഓഫിസുകളിൽ എത്തുന്നതു നിത്യസംഭവമാണ്.
പുറംതിരിഞ്ഞ് ഇടതുകര കനാൽ
∙ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ മുഖ്യകനാലായ ഇടതുകര 61 കിലോമീറ്റർ കൂടാതെ നൂറ്റിയൻപതോളം കിലോമീറ്റർ വരുന്ന മുപ്പതോളം ഉപകനാലുകളും അടങ്ങുന്നതാണ്.
ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ പഞ്ചായത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തിലെയടക്കം ഏഴായിരത്തിലേറെ ഹെക്ടർ വരുന്ന കാർഷിക മേഖലയുടെ ജീവവായുവാണ് ഇടതുകര.
മുഖ്യമായും നെൽക്കൃഷി. പുഞ്ചയടക്കം മൂന്നു വിള നെല്ലു വിളയിച്ചിരുന്ന മേഖല.
പച്ചക്കറികൾ, വാഴയടക്കമുള്ളവ വേറെയും. കാലാകാലം നവീകരണം നടക്കാത്തതിനാൽ കനാലിന്റെ പലയിടങ്ങളും തകർന്നു.
മണ്ണണയുള്ള സിംഹഭാഗങ്ങളിലും ഇതേ അവസ്ഥ തന്നെയാണെന്നു കർഷകർ. വാലറ്റപ്രദേശത്തെ കർഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
ഇവിടങ്ങളിൽ നെൽക്കൃഷി മൂന്നിലൊന്നായി കുറഞ്ഞു.
വലച്ച് വലതുകര കനാൽ
∙ 9.36 കിലോമീറ്ററാണു തെങ്കര വലതുകര കനാലെങ്കിലും ആവശ്യാർഥം വെള്ളം കൃഷിയിടങ്ങളിൽ എത്തണമെങ്കിൽ ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. കനാലിന്റെ പലഭാഗങ്ങളിലും ഇടിഞ്ഞും, മണ്ണും ചെളിയും നിറഞ്ഞും, കാടു നിറഞ്ഞും കിടക്കുന്നു.
വാലറ്റ പ്രദേശങ്ങളിലേക്കു വെള്ളം എത്തുന്നില്ല. ഇതോടെ പലരും നെൽക്കൃഷി വിട്ട് വാഴ, കമുക്, തുടങ്ങിയ കൃഷിയിലേക്കു തിരിഞ്ഞു. മുൻപു തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ നവീകരണം നടത്തിയിരുന്നെങ്കിലും വർഷങ്ങളായി അതും നിലച്ചതോടെ കനാലുകൾ കാടുമൂടി.നാളെ: ജനപ്രതിനിധികളും കർഷകരും പ്രതികരിക്കുന്നു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]