
ജാംനർ: മഹാരാഷ്ട്രയിലെ ജാംനറിൽ 21കാരനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജാംനർ സ്വദേശിയായ മുസ്ലിം യുവാവിനെയാണ് കുടുംബത്തിന് മുന്നിൽ വച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച അമ്മയേയും സഹോദരിയേയും ആൾക്കൂട്ടം മർദ്ദിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് 21കാരൻ കൊല്ലപ്പെട്ടത്.
ഒൻപത് മുതൽ 15 പേർ വരെയുള്ള സംഘമാണ് 21കാരനെ തട്ടിക്കൊണ്ട് പോയത്. ജാംനർ പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അക്രമികൾ 21കാരനെ തട്ടിക്കൊണ്ട് പോയത്.
ഇതര വിഭാഗത്തിൽ നിന്നുള്ള 17കാരിക്കൊപ്പമായിരുന്നു അക്രമികളെത്തുമ്പോൾ യുവാവുണ്ടായിരുന്നത്. യുവാവിനെ കയ്യിൽ കിട്ടിയതെല്ലാം വച്ച് ആക്രമിച്ച് വലിച്ചിഴച്ച് ഒരു വാഹനത്തിൽ കയറ്റുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ട് ചെന്ന് മർദ്ദിക്കുകയും ചെയ്ത ശേഷം രാത്രി വൈകി വീടിന് മുന്നിൽ കൊണ്ടിടുകയായിരുന്നു.
സുലേമാൻ രഹീം ഖാൻ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. സുലേമാനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച അമ്മയേയും സഹോദരിയേയും അക്രമികൾ ആക്രമിച്ചു.
ഒടുവിൽ ജൽഗാവിലെ ജില്ലാ ആശുപത്രിയിലേക്ക് 21കാരനെ എത്തിക്കുമ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു. കമ്പുകളും ഇരുമ്പ് ദണ്ഡുകളും കൈകളും ഉപയോഗിച്ചായിരുന്നു മർദ്ദനം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായതിന് പിന്നാലെ പൊലീസിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു 21കാരൻ. ആക്രമണത്തിനിരയായ ദിവസമാണ് ജാംനർ പൊലീസ് സ്റ്റേഷനിൽ തന്റെ അപേക്ഷ യുവാവ് സമർപ്പിച്ചത്.
മകന്റെ ശരീരത്തിൽ മർദ്ദനമേൽക്കാത്ത ഒരു ഇഞ്ച് സ്ഥലം പോലുമില്ലെന്നാണ് സുലേമാന്റെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. മകനെ മർദ്ദിച്ച് കൊല്ലാക്കൊല ചെയ്തുവെന്നാണ് സുലേമാന്റെ പിതാവ് രഹിം ഖാൻ പ്രതികരിക്കുന്നത്.
റഹീമിന്റെ ഏക മകനായിരുന്നു സുലേമാൻ. ആൾക്കൂട്ട
കൊലപാതകം ജാംനർ മേഖലയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് കാരണമായത്. ബന്ധുക്കളും മത നേതാക്കളും അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധുക്കളും നാട്ടുകാരും ജാംനർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തി. സംഭവത്തിൽ നാല് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
അഞ്ച് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ആക്രമണത്തിന് പ്രകോപനമായത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, കലാപമുണ്ടാക്കാൻ ശ്രമം, അനധികൃതമായി കൂട്ടം ചേരുക എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]