
യെസ് ബാങ്കിന്റെ കടപ്പത്രങ്ങളിൽ 2,150 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അംബാനി സമർപ്പിച്ച അപേക്ഷ ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി തള്ളി.
2016-19 കാലയളവിലാണ് യെസ് ബാങ്കിന്റെ ടിയർ-1 ബോണ്ടുകളിൽ അനിൽ അംബാനിയുടെ റിലയൻസ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയത്.
ഇത് അനിൽ അംബാനിയുടെ മറ്റ് റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്ക് വായ്പ അനുവദിച്ചതിന് ‘പ്രത്യുപകാരം’ എന്നോണമായിരുന്നു ഈ നിക്ഷേപമെന്നാണ് സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
കേസിൽ അനിൽ അംബാനിക്ക് 1,800 കോടി രൂപയിൽ കുറയാത്ത പിഴ വിധിക്കാനും സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അനിൽ അംബാനിക്ക് പുറമെ മകൻ ജയ് അൻമോൽ അംബാനിയും ആരോപണ വിധേയനാണ്.
യെസ് ബാങ്കിലെ നിക്ഷേപം പിന്നീട് എഴുതിത്തള്ളുകയും ചെയ്തതിനാൽ, നിക്ഷേപകർക്ക് നഷ്ടമുണ്ടായെന്നും വിലയിരുത്തിയാണ് സെബി ഒത്തുതീർപ്പ് അപേക്ഷ തള്ളിയത്. അനിൽ അംബാനിയും കമ്പനികളും നടത്തിയത് നിക്ഷേപചട്ടങ്ങളുടെ ലംഘനമാണെന്നും സെബി ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിലെ കണ്ടെത്തലുകൾ സെബി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) കൈമാറിയിരുന്നു.
സെബി ഉൾപ്പെടെയുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങൾപ്രകാരം അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി അടുത്തിടെ റെയ്ഡും നടത്തിയിരുന്നു. യെബ് ബാങ്കിൽ നിന്ന് ലഭിച്ച വായ്പ അനിൽ അംബാനിയുടെ കമ്പനികൾ തിരിമറി നടത്തിയെന്ന ആരോപണവും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
ഓഹരികൾക്ക് വൻ വീഴ്ച
സെബിയുടെ നടപടിയുടെ പശ്ചാത്തലത്തിൽ അനിൽ അംബാനിയുടെ റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഓഹരികൾ ഇന്നു കനത്ത നഷ്ടം നേരിട്ടു.
മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ 257.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ജൂൺ 27ന് 52-ആഴ്ചത്തെ ഉയരമായ 425 രൂപ രേഖപ്പെടുത്തിയശേഷം ഓഹരിവില താഴേക്കിറങ്ങുന്നതാണ് കാഴ്ച.
റിലയൻസ് പവർ ഓഹരി 3.17% താഴ്ന്ന് ഇന്ന് 42.50 രൂപയിലാണുള്ളത്. കഴിഞ്ഞ ജൂൺ 11ന് ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 76.49 രൂപയിൽ എത്തിയിരുന്നു.
അരാവലി കേസിൽ വിജയം
അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അരാവലി പവർ കമ്പനിയുമായുള്ള കേസിൽ വിജയം.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും അരാവലിയും തമ്മിലുണ്ടായിരുന്ന ഊർജ വിതരണക്കരാർ നേരത്തേ അരാവലി നിർത്തലാക്കിയിരുന്നു. ഇതിനെതിരായ ഹർജി പരിഗണിച്ച മൂന്നംഗ അർബിട്രൽ ട്രൈബ്യൂണലാണ് റിലയൻസിന് അനുകൂലമായി വിധിച്ചത്.
ഇതുപ്രകാരം 526 കോടി രൂപയുടെ നഷ്ടപരിഹാരം റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനു ലഭിക്കും. ഈ തുക മൂലധന ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് x/sk chakrabortyൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]