കൽപറ്റ ∙ സംസ്ഥാന കർഷക അവാർഡിൽ കാർഷിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള സി അച്ച്യുതമേനോൻ സ്മാരക അവാർഡ് മീനങ്ങാടി ഗ്രാമപഞ്ചായത്തിന്. മികച്ച കൃഷി ഓഫിസർക്കുള്ള പുരസ്കാരത്തിൽ മൂന്നാം സ്ഥാനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസറായ ജ്യോതി സി.
ജോർജും കരസ്ഥമാക്കി. സുസ്ഥിര കാർഷിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാതൃകയായ പദ്ധതികളാണ് ഗ്രാമപഞ്ചായത്തിന് അംഗീകാരം നേടിക്കൊടുത്തത്.
കാർബൺ ന്യൂട്രൽ പുരസ്കാരം നേടിയ മീനങ്ങാടി, കാർഷിക മേഖലയ്ക്ക് ഏറ്റവും കൂടുതൽ ധനവിനിയോഗം നടത്തിയ പഞ്ചായത്തായും ശ്രദ്ധ നേടിയിട്ടുണ്ട്. മൂന്ന് വർഷമായി കാർഷിക വികസനം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, പ്രാദേശിക കർഷകർക്ക് പിന്തുണ എന്നിവയിൽ ഗ്രാമപഞ്ചായത്ത് മുൻതൂക്കം നൽകി പ്രവർത്തിച്ചു.
ഓക്സിജൻ പാർക്ക്, നെൽവയലിൽ ജൈവ കാർബൺ വർധന, പ്രകൃതിദത്ത കൃഷി പ്രോത്സാഹനം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, മില്ലറ്റ് കൃഷി, പച്ച തുരുത്ത്, ജൈവ വൈവിധ്യ സംരക്ഷണ പരിപാടികൾ, സോളാർ പമ്പ് ഇറിഗേഷൻ സിസ്റ്റം തുടങ്ങി നിരവധി നവോത്ഥാന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. ‘മണ്ണറിയാം കൃഷി ചെയ്യാം’ എന്ന കാർഷിക പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് അവരുടെ മണ്ണിലെ പോഷക ഘടകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കി.
സമഗ്രമായ മണ്ണ് പരിശോധനയ്ക്ക് ശേഷം ഫലങ്ങളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ വളങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കി. കുട്ടികളിൽ കാർഷിക താൽപ്പര്യം വളർത്താനും സംരക്ഷണ മനോഭാവം വളർത്താനുമായി പഞ്ചായത്ത് സ്കൂൾ പൗൾട്രി പദ്ധതി ആരംഭിച്ചു.
തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കാനുള്ള പദ്ധതിയിൽ 2023–24 വർഷം 3.6 ഹെക്ടർ നെൽകൃഷിയും, 2024–25ൽ 2.4 ഹെക്ടർ നെൽകൃഷിയും 4 ഹെക്ടർ കാലിത്തീറ്റ കൃഷിയും നടപ്പിലാക്കി.
പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിലൂടെ ആവശ്യമായ കാർഷിക വിവരങ്ങളും പരിസ്ഥിതി സൗഹൃദ കീടനാശിനികളും വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴിയും നിരവധി കാർഷിക അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയാക്കി.
2 ലക്ഷം കാപ്പിത്തൈകൾ, 10,000 തെങ്ങിൻ തൈകൾ, 10,000 നാരങ്ങ തൈകൾ, ജിയോ ടെക്സ്റ്റൈൽ കുളങ്ങൾ, നദീതീര ലൈനിംഗ്, വ്യക്തിഗത കർഷകർക്ക് കൃഷിക്കുളങ്ങൾ, കനാൽ നവീകരണം, മഴവെള്ള സംഭരണിയിലൂടെ കിണർ റീചാർജ് സംവിധാനങ്ങൾ തുടങ്ങി അനേകം പ്രവർത്തനങ്ങൾ നടപ്പാക്കി.
വൈവിധ്യമാർന്ന പദ്ധതികൾ, കർഷകകേന്ദ്രിത സമീപനം, പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത, ഇതെല്ലാം ചേർന്നാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ സംസ്ഥാനത്തെ കാർഷിക രംഗത്ത് അഭിമാനസ്ഥാനത്ത് എത്തിച്ചത്. പുരസ്കാരമായി ഗ്രാമപഞ്ചായത്തിന് 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]