
നെടുമങ്ങാട്∙ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വൃക്ക രോഗിയും കുടുംബവും ജപ്തി ഭീഷണിയിൽ. നെടുമങ്ങാട് മഞ്ച വട്ടവിള മാലച്ചേരികോണം അനു ഭവനിൽ പി.അനുവിനും (32) കുടുംബത്തിനുമാണ് ഈ ദുരവസ്ഥ.
ജപ്തിയുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിലെ നോയിഡ കോടതിയിൽ ഹാജരാകാനും കുടുംബത്തിന് നോട്ടിസ് ലഭിച്ചിട്ടുണ്ട്. 2003 ൽ നഗരസഭയിൽ നിന്ന് വാംബേ പദ്ധതിയിൽ ലഭിച്ച വീടിന്റെ നവീകരണത്തിനായി 2018 ലാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്ന് 2 ലക്ഷം രൂപ വായ്പ എടുത്തത്.
ആറു വർഷം തുടർച്ചയായി തവണകൾ അടച്ചെങ്കിലും കോവിഡ് ആയതോടെ മുടങ്ങി. കുടിശിക ഒന്നര ലക്ഷത്തോളം രൂപ അടച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരും.
വായ്പ എടുത്ത ധനകാര്യ സ്ഥാപനം നാല് മാസം മുൻപ് വീടിന് മുന്നിൽ നോട്ടിസ് പതിച്ചിട്ടുണ്ട്. വിദേശത്ത് ആയിരുന്ന അനു വൃക്ക തകരാറിലായതോടെ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.
ചികിത്സയ്ക്ക് വലിയ തുക ചെലവായതോടെ പിതാവും മാതാവും ഭാര്യയും മക്കളും അടങ്ങുന്ന അനുവിന്റെ ആറംഗ കുടുംബം പട്ടിണിയിലാണ്.
രണ്ട് വർഷം മുൻപ് അനുവിന്റെ ശരീരത്തിൽ ഘടിപ്പിച്ച ട്യൂബുകൾ കഴിഞ്ഞ ശനിയാഴ്ചയാണ് നീക്കം ചെയ്തത്. ഇനി ഡയാലിസിസ് ചെയ്യേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചെന്ന് അനു പറഞ്ഞു.
ഇതിനിടെ അനുവിന്റെ ഇളയ മകന് ഇടുപ്പെല്ലിനു തേയ്മാനം ഉണ്ടായി. ഇൗ കുട്ടിക്കും ചികിത്സയ്ക്കായി വലിയ തുക വേണ്ടി വരുന്നു.
സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയാണ് അനുവിനും കുടുംബത്തിനും ഉള്ളത്. ഫോൺ: 9048881828.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]