
കൊടുമൺ ∙ ഏഴംകുളം -കൈപ്പട്ടൂർ റോഡിലെ കൊടുമൺ ജംക്ഷനിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിപ്പിടം സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. യാത്രക്കാർക്ക് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇതുമൂലം നിൽക്കേണ്ട അവസ്ഥയാണ്.
കൈ കുഞ്ഞുമായി വരുന്ന അമ്മമാർ, രോഗികൾ, വയോധികർ എന്നിവരാണ് ദുരിതം അനുഭവിക്കുന്നതിലേറെ. പല തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല.
ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ ആധുനിക രീതിയിലുള്ള നിർമാണ സമയത്ത് ഇരിപ്പിടം ഉൾപ്പെടുന്ന പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു തരാമെന്നു നിർമാണ കമ്പനി പറഞ്ഞെങ്കിലും അന്ന് അത് ആരും ചെവിക്കൊണ്ടില്ല.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉടനടി കാത്തിരിപ്പ് കേന്ദ്രം ആധുനികവൽക്കരിക്കും എന്നാണ് അന്ന് അധികൃതർ പറഞ്ഞത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല.
പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ തിരിഞ്ഞു നോക്കാൻ ഇല്ലാതായതോടെ വഴിയാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ വന്നു പോകുന്നത്. രാവിലെയും വൈകുന്നേരവും ജില്ലാ ആസ്ഥാനത്തേക്ക് പോകുന്നതിന് വേണ്ടി പ്രായമുള്ളവർ ഉൾപ്പെടെ ബസ് കാത്ത് നിൽക്കാൻ ഈ കാത്തിരിപ്പ് കേന്ദ്രത്തെ മാത്രമാണു ആശ്രയിക്കുന്നത്.
കഴിഞ്ഞദിവസം മഴ സമയത്ത് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കാൻ കഴിയാത്ത രീതിയിൽ യാത്രക്കാരുടെ തിരക്കായിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിൽ സൗകര്യമില്ലാത്തതു കാരണം സമീപത്തെ കടത്തിണ്ണയിലും യാത്രക്കാർ കയറി നിൽക്കേണ്ടി വരുന്നു.
കാത്തിരിപ്പ് കേന്ദ്രം ഉപയോഗയോഗ്യമാക്കി യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]