
ബെംഗളൂരു∙ അധ്യാപിക, ഗ്രാഫിക് ഡിസൈനർ ജോലികൾ ചെയ്യുമ്പോഴും ചെറുപ്പം മുതലേ കൂടെയുണ്ടായിരുന്ന കലയെ ഉള്ളിൽ സൂക്ഷിക്കാൻ ബെംഗളൂരു മലയാളി പ്രീതി വിനോദ് ചെല്ലപ്പൻ മറന്നില്ല. നിറംമങ്ങിത്തുടങ്ങിയ ചിത്രരചന പൊടിതട്ടിയെടുക്കാനുള്ള ഉൾവിളി കലാരംഗത്തെ പുതിയ സാധ്യതകളിലേക്കുള്ള വഴികൂടിയാണു പ്രീതിക്ക് തുറന്നുനൽകിയത്.
ചുമർചിത്രരചനയിൽ തന്റേതായ ഇടം നേടിയ പ്രീതി ഇന്നു പുതിയ പരീക്ഷണങ്ങളും അവസരങ്ങളും തേടിയുള്ള യാത്രയിലാണ്. ഫിസിക്സിൽ പിജി നേടിയ ശേഷമാണു കോന്നി കുരിക്കാട്ടിൽ വീട്ടിൽ പ്രീതി 2001ൽ ജോലിക്കായി ബെംഗളൂരുവിലെത്തിയത്. 2004 വരെ അധ്യാപികയായി വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചശേഷം പിന്നീട് ഗ്രാഫിക് ഡിസൈനറായി ഐടി മേഖലയിലേക്കു വഴിമാറി.
ഇൻഫോസിസിൽ ക്രിയേറ്റീവ് വിഭാഗത്തിൽ പ്രവർത്തിക്കുമ്പോഴാണ് ചിത്രരചനയിലേക്ക് വഴിമാറുന്നത്. സുഹൃത്ത് വഴിയാണ് 2012ൽ സർജാപുരയിലെ റസ്റ്ററന്റിൽ ചാർക്കോൾ (കരി) ഉപയോഗിച്ച് ചുമർ പെയ്ന്റിങ് ഒരുക്കാനുള്ള അവസരം ലഭിക്കുന്നത്.
2 മാസത്തിനുള്ളിൽ തീർത്ത പെയ്ന്റിങ് ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് ഷോപ്പിങ് മാളുകൾ, കൺവൻഷൻ സെന്ററുകൾ, ഓഫിസുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ചിത്രങ്ങൾ ഒരുക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചു.
2017ൽ എറണാകുളം ചക്കരപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ അൾത്താര പെയ്ന്റിങ്ങിനുള്ള അവസരം ലഭിച്ചത് ദൈവനിയോഗമായാണു പ്രീതി കരുതുന്നത്. അക്രിലിക്കിൽ ഒരുക്കിയ ക്രൂശിതരൂപം ഏറെ പ്രശംസ നേടി.
പിന്നീട് ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി, മെൽബൺ സെന്റ് തോമസ് സിറോ മലബാർ പള്ളി എന്നിവയുടെ അൾത്താരയിൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ് പ്രമേയമാക്കിയുള്ള ചിത്രങ്ങൾ വരച്ചു.
നിലവിൽ കൊച്ചിയിലെ വൺ കൊച്ചി ആർട്ട് ആൻഡ് ഹോസ്പിറ്റാലിറ്റി സെന്ററിലേക്ക് കോഴിക്കോടിന്റെ സാമൂതിരി ചരിത്രം പ്രമേയമാക്കിയുള്ള ചിത്രമാണ് ഒരുക്കുന്നത്. ചിത്രരചന ശാസ്ത്രീയമായി പഠിക്കാത്ത പ്രീതിക്ക് വഴികാട്ടിയായത് പിതാവും കലാകാരനുമായ പരേതനായ ചെല്ലപ്പനാണ്.
ഭർത്താവ് വിനോദ് കുഞ്ചു (ഏവിയോണിക്സ് ഇൻസ്ട്രക്ടർ, എച്ച്എഎൽ), മകൾ വൈഷ്ണവി (ഡിഗ്രി വിദ്യാർഥിനി, ക്രൈസ്റ്റ് ഡീംഡ് ടുബി സർവകലാശാല) എന്നിവർക്കൊപ്പം ഗുജ്ജൂരിലെ കാൻഡിയോർ ലാൻഡ്മാർക്ക് അപ്പാർട്മെന്റിലാണ് താമസം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]