
വിഴിഞ്ഞം–ബാലരാമപുരം റോഡിൽ പനയറക്കുന്നിന് സമീപം ഓട ശരിയായ രീതിയിൽ സ്ലാബിട്ട് മൂടാത്തത് അപകടങ്ങൾക്ക് കാരണമാകുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്.
നെല്ലിവിള തിരിയുന്നതിന് സമീപത്തുനിന്ന് പൊലീസ് സ്റ്റേഷൻ ഭാഗത്തേക്കുള്ള വശത്താണ് സ്ലാബില്ലാത്ത ഓടയുള്ളത്. റോഡിനും ഓടയ്ക്കും ഇടയിൽ ഒരു വൻ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
ഇതറിയാതെ എത്തുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയായാൽ കുഴി കാണാത്ത അവസ്ഥയുമാണ്.
പുല്ലുവളർന്ന് നിൽക്കുന്നതും അപകടക്കെണിയാകുന്നു.
ഓടയും സ്ലാബും ഉള്ള സ്ഥലങ്ങളിൽ ഓടയിൽ മണ്ണുമൂടിക്കിടക്കുന്നതു കാരണം മഴക്കാലത്ത് വെള്ളമെല്ലാം റോഡിലൂടെയാണ് ഒഴുകുന്നത്. ബാലരാമപുരം ആർസി തെരുവിൽ നിന്നും മംഗലത്തുകോണം ഭാഗത്തുനിന്നുമുള്ള വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ റബറൈസ്ഡ് റോഡുകളിൽ ഒന്നാണിത്.
ഇതിന്റെ വശങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കാത്തതുകാരണം റോഡും തകർച്ചയുടെ വക്കിലാണ്. അടുത്തിടെ വിഴിഞ്ഞം മുതൽ ബാലരാമപുരം വരെയുള്ള 8 കിലോമീറ്റർ റോഡ് ടാർ ചെയ്തിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ മുകൾ ഭാഗത്തെ രണ്ടാം ഘട്ടം ടാറിങ് പൊതുമരാമത്ത് വകുപ്പ് ചെയ്തിട്ടില്ല. രണ്ടാം ഘട്ട
ടാറിങ് പൂർത്തിയാക്കിയും അവശേഷിക്കുന്ന ഭാഗത്തെ ഓട നിർമിച്ചും റോഡ് പരിപാലിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് അപേക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]