
പെരിങ്ങോട്ടുകര∙ 134 വർഷം പഴക്കമുള്ള പെരിങ്ങോട്ടുകര ഗവ.എൽപി സ്കൂളിലെ പടിഞ്ഞാറെ ഭാഗത്തെ പഴയ കെട്ടിടത്തിന്റെ ചുമരുകളിൽ വിള്ളൽ വീണതിനെത്തുടർന്ന് കെട്ടിടം അൺഫിറ്റാക്കി. ഇവിടെയുള്ള ക്ലാസുകൾ താൽക്കാലികമായി ഹാളിലേക്ക് മാറ്റി.
തെക്കുഭാഗത്തെ ഓടിട്ട കെട്ടിടം ചോർന്നൊലിക്കുന്നതുമൂലം മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റിട്ടു.
ഈ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ 4–ാം ക്ലാസ് വരെയും എൽകെജി, പ്രി പ്രൈമറിയും ഉൾപ്പെടെ 6 ക്ലാസുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ മാർച്ച് വരെ സ്കൂളിന് പ്രശ്നമുണ്ടായിരുന്നില്ലെന്ന് പറയുന്നു. സമീപത്തെ കുളം നവീകരിച്ചപ്പോഴാണ് കെട്ടിടത്തിലെ 3 ചുമരുകളിൽ വിള്ളൽ വീണതെന്നും ഇതിനിടെ തറയ്ക്കും ബലക്ഷയം വന്നിട്ടുണ്ടാകാമെന്നും പറയുന്നു.
എൽഡിഎഫ് ഭരിക്കുന്ന താന്ന്യം പഞ്ചായത്തിനാണ് സ്കൂളിന്റെ ചുമതല.
എന്നാൽ ഇതുവരെയും കെട്ടിടങ്ങൾ പുതുക്കിപ്പണിതിട്ടില്ല. ഇതേ കോംപൗണ്ടിലുള്ള ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം എന്നിവയ്ക്കെല്ലാം പുതിയ കെട്ടിടങ്ങളായി.
പഴയ കെട്ടിടങ്ങൾ നന്നാക്കാൻ 2022 മുതൽ എംഎൽഎ ഓഫിസിൽ നിവേദനങ്ങൾ നൽകിയിരുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് മാത്രമാണ് സ്കൂൾ അധികൃതർ നിവേദനം തനിക്ക് നേരിട്ട് നൽകിയതെന്നും ഫണ്ട് തീർന്നതിനാൽ അടുത്ത വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തുമെന്നും സ്ഥലം എംഎൽഎ സി.സി.മുകുന്ദൻ വ്യക്തമാക്കി.
മുൻപ് നൽകിയെന്നു പറയുന്ന നിവേദനം തനിക്ക് ലഭിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]